അപകടഭീഷണിയില്‍ നെല്ലിക്കുന്ന് സ്‌കൂള്‍ കെട്ടിടം ; ജീവന്‍ കൈയില്‍പിടിച്ച് അധ്യാപകരും വിദ്യാര്‍ഥികളും
കാസര്‍കോട്: നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നു. അപകടം നടക്കുമ്പോള്‍ കുട്ടികളും അധ്യാപകരും സമീപത്തില്ലാത്തതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല. ഇന്നലെ ഉച്ചയോടെയാണ് സ്‌കൂള്‍ അധികൃതരെ ആശങ്കയിലാഴ്ത്തി മേല്‍ക്കൂര തകര്‍ന്നത്. 35 വര്‍ഷം പഴക്കമുള്ള നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം തകര്‍ച്ചാ ഭീഷണി നേരിടുകയാണ്.
ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കു കയറുന്ന ഏണിക്കു സമീപത്താണ് കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നു വീണത്. ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറികളും ദിവസം കഴിയുന്തോറും പൊട്ടിയടര്‍ന്നു കൊണ്ടിരിക്കുന്ന മേല്‍ക്കൂരയും ആയിരക്കണക്കിനു വരുന്ന വിദ്യാര്‍ഥികളുടെയും അന്‍പതോളം വരുന്ന അധ്യാപകരുടെയും ജീവനു ഭീഷണിയാവുകയാണ്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാവശ്യപ്പെട്ട് സ്‌കൂളിന്റെ ചുമതലയുള്ള നഗരസഭാ അധികൃതര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും മറ്റും നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
മുന്‍ വര്‍ഷങ്ങളിലും സമാനമായ അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു നഗരസഭാ അധികൃതര്‍ക്കു നല്‍കിയ പരാതിയെതുടര്‍ന്ന് അവധിക്കാലത്ത് സ്‌കൂളിന്റെ അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനായി സണ്‍ഷേഡ് പൊളിച്ചിട്ടെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇതുകാരണം മഴക്കാലത്ത് വരാന്തയിലേക്കു വെള്ളം കയറി പല കുട്ടികളും വഴുതി വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. കൂടാതെ മേല്‍ക്കൂരക്കു വിള്ളല്‍ വീണ് പല ക്ലാസുകളും ചോര്‍ന്നൊലിക്കുന്നുമുണ്ട്.
അറ്റകുറ്റപ്പണിക്കായുള്ള ഫണ്ട് അനുവദിക്കാനോ സുരക്ഷാഭീഷണി നേരിടുന്ന കെട്ടിടത്തില്‍ നിന്നു മറ്റൊരു കെട്ടിടത്തിലേക്കു വിദ്യാര്‍ഥികളെ മാറ്റാനോ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.
എട്ടാം ക്ലാസിലാണ് പ്രധാനമായും ചോര്‍ച്ച രൂക്ഷമായിട്ടുള്ളത്. കനത്ത മഴ പെയ്യുകയാണെങ്കില്‍ ക്ലാസില്‍ വെള്ളമൊഴുകി വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാന്‍ സാധിക്കാത്ത വിധം പ്രശ്‌നം രൂക്ഷമാകുമെന്നും അധ്യാപകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."