കുട്ടി ഡ്രൈവര്‍മാര്‍: പൊലിസ് പരിശോധന കര്‍ശനമാക്കി
എടപ്പാള്‍: വിദ്യാലയങ്ങള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ ബൈക്ക് യാത്രയും ആരംഭിച്ചു. ഇതേ തുടര്‍ന്ന് പൊലിസ് പരിശോധന കര്‍ശനമാക്കി. എടപ്പാളിലും പരിസരങ്ങളിലുമുള്ള മിക്ക സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ എത്തുന്നത് ഇരു ചക്രവാഹനങ്ങളിലാണ്.
ലൈസന്‍സ് ഇല്ലാത്ത ഇത്തരം കുട്ടി ഡ്രൈവര്‍മാര്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാലാണ് പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു വരികയായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്ക് ബസിനു പിറകില്‍ ഇടിച്ച് പരുക്കേറ്റിരുന്നു.
പല വിദ്യാലയങ്ങളിലും ബൈക്കിലെത്തുന്നത് തടയുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ബൈക്കുകള്‍ സ്‌കൂളിന് പുറത്തൊ തൊട്ടടുത്ത വീടുകളിലോ ആണ് നിര്‍ത്തിയിടുന്നത്. അതിനാല്‍ സ്‌കൂളുകള്‍ക്ക് സമീപത്തുള്ള വീടുകളില്‍ പൊലിസ് പരിശോധന ശക്തമാക്കി.
ബൈക്കുകള്‍ പാര്‍ക്ക് ചെയ്ത വീടുകളുടെ ഉടമസ്ഥര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്. ലൈസന്‍സില്ലാതെ വിദ്യാര്‍ഥികള്‍ പിടിക്കപെട്ടാല്‍ വണ്ടിയുടെ ഉടമ കൂടിയായ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ഫൈന്‍ ഈടാക്കിയാണ് ബൈക്ക് വിട്ടുനല്‍കുന്നത്.
സമാന തെറ്റ് ആവര്‍ത്തിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരേ കേസെടുക്കുമെന്ന മുന്നറിയിപ്പും പൊലിസ് നല്‍കുന്നുണ്ട്. ഇതോടൊപ്പം സ്‌കൂളുകള്‍ക്ക് സമീപം മഫ്തി പൊലിസിനെയും ട്രോമാകെയര്‍ വൊളന്റിയര്‍മാരെയും നിയോഗിച്ചു ബൈക്കില്‍ വരുന്നവര്‍ക്കെതിരേ കേസെടുക്കാനും ആരംഭിച്ചു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."