പുതുചരിത്രം രചിച്ച് ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ട് ഗോകുലം എഫ്.സി
കൊല്‍ക്കത്ത: രണ്ട് പതിറ്റാണ്ടിന് ശേഷം പുതിയ ചരിത്രം രചിച്ച് കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം എഫ്.സി ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടു. വമ്പന്‍ ടീമായ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളിന് തകര്‍ത്താണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മാര്‍കസ് ജോസഫിന്റെ ഇരട്ട ഗോളുകളാണ് കേരളത്തെ കിരീടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
1997ല്‍ എഫ്സി കൊച്ചിന്‍ ഡ്യൂറന്റ് കപ്പ് നേടിയ ശേഷം ആദ്യമായിട്ടാണ് കേളത്തില്‍ നിന്നൊരു ക്ലബ് ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്നത്. അന്നും ബഗാനെയാണ് കേരളത്തില്‍ നിന്നുള്ള ടീം തോല്‍പ്പിച്ചത്. 64ാം മിനിട്ടില്‍ സാല്‍വദോര്‍ പേരസ് മാര്‍ട്ടിനസാണ് ബഗാന്റെ ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ തോല്‍വിയറിയായെ സെമിയിലെത്തിയ കേരള ടീം ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ലീഡ് നല്‍കി. ഗോകുലത്തിന്റെ ഹെന്റി കിസേക്കയെ ബഗാന്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂംദാര്‍ ഫൗള്‍ ചെയ്തപ്പോള്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പിന്നാലെ ആദ്യ പകുതിക്ക് അവസാനമായി. രണ്ടാം പകുതി ഏഴ് മിനിറ്റുകള്‍ക്കകം ഗോകുലം ലീഡുയര്‍ത്തി. 52ാം മിനിറ്റില്‍ രണ്ടാം ഗോളെത്തി. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ജോസഫിന്റെ ഏഴാം ഗോളായിരുന്നിത്. ഇതില്‍ രണ്ട് ഹാട്രിക്കും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."