സ്വര്‍ണം തിരികെ കിട്ടാന്‍ നിരാഹാരമിരുന്ന കുടുംബത്തിനു മര്‍ദനം
കാഞ്ഞങ്ങാട്: ലോക്കറില്‍ സൂക്ഷിക്കാനെന്ന പേരില്‍ 53 പവന്‍ സ്വര്‍ണം വാങ്ങി തിരികെ നല്‍കാതെ വഞ്ചിച്ചതിനെ തുടര്‍ന്ന് അമ്മാവന്റെ വീട്ടു വരാന്തയില്‍ നിരാഹാരം കിടന്ന മരുമകനെയും മാതാവിനെയും ഭാര്യയെയും അമ്മാവനും മക്കളും ചേര്‍ന്നു മര്‍ദിച്ചതായ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഹസൈനാര്‍, ഭാര്യ സമീറ , അസൈനാറിന്റെ മാതാവും സ്വര്‍ണം തട്ടിയെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന അസൈനാറിന്റെ അമ്മാവന്‍ മുബാറക്ക് മുഹമ്മദ് കുഞ്ഞിയുടെ സഹോദരിയുമായ നബീസയും 23 ദിവസം മുഹമ്മദ് കുഞ്ഞിയുടെ വീട്ടുവരാന്തയില്‍ സത്യാഗ്രഹം നടത്തിയിരുന്നു. എന്നിട്ടും സ്വര്‍ണം കൊടുക്കാന്‍ തയാറാവാത്ത മുഹമ്മദ് കുഞ്ഞിയുടെ നിലപാട് ആവര്‍ത്തിച്ചതോടെ കുടുംബം കഴിഞ്ഞ 15 മുതല്‍ നിരാഹാര സമരം തുടങ്ങിയിരുന്നു. അതിന്റെ നാലാം ദിവസമായ വ്യാഴാഴ്ച വൈകിട്ട് മുബാറക്ക് മുഹമ്മദ് കുഞ്ഞിയും ഭാര്യ മൈമൂനയും പെണ്‍മക്കളായ നൂര്‍ജഹാന്‍ , വാഹിദ എന്നിവരും ഹസൈനാറിനെയും ഭാര്യയെയും മാതാവിനെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. വിവരമറിഞ്ഞു പൊലിസ് എത്തി ഹസൈനാറേയും കുടുംബത്തെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു .
എട്ടുവര്‍ഷം മുമ്പ് സഹോദരി നബീസയുടെ മകനായ ഹസൈനാറിന്റെ ഭാര്യ സമീറയുടെ 53 പവന്‍ സ്വര്‍ണമാണ് ലോക്കറില്‍ സൂക്ഷിക്കാനെന്ന് പറഞ്ഞു മുഹമ്മദ് കുഞ്ഞി വാങ്ങിയത്. അന്ന് ഗള്‍ഫിലായിരുന്ന ഹസൈനാര്‍ നാട്ടിലെത്തിയ ശേഷം പല തവണ സ്വര്‍ണം ആവശ്യപ്പെട്ടിട്ടും മുഹമ്മദ് കുഞ്ഞി നല്‍കിയില്ല. ഒടുവില്‍ ഹസൈനാറും കുടുംബവും കഴിഞ്ഞ വര്‍ഷം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി.
എസ്.പി പരാതി ഹൊസ്ദുര്‍ഗ് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. ഒത്തു തീര്‍പ്പു പ്രകാരം കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സ്വര്‍ണം തിരികെ നല്‍കാമെന്ന് മുഹമ്മദ് കുഞ്ഞി സമ്മതിച്ചെങ്കിലും അത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഹസൈനാറും കുടുംബവും സെപ്റ്റംബര്‍ 23 മുതല്‍ സത്യഗ്രഹമിരുന്നത്. പ്രാദേശിക മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അടക്കമുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. മുഹമ്മദ് കുഞ്ഞിയെ പൊലിസ് കസ്റ്റഡിയിലെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."