നഗരസഭയുടെ അവഗണന; ചിറപ്പുറത്തെ മിനി സ്റ്റേഡിയം കാടു കയറുന്നു
നീലേശ്വരം: നഗരസഭയുടെ അവഗണയില്‍ ചിറപ്പുറത്തെ മുനിസിപ്പല്‍ മിനിസ്റ്റേഡിയം കാടു കയറുന്നു. ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ വിനീത്, ഇന്ത്യന്‍ താരം മുഹമ്മദ് റാഫി, സജിത്ത് കുട്ടന്‍ എന്നിവര്‍ കളിച്ച്് സൂപ്പര്‍ താരങ്ങളായി വളരുന്നതിനു വഴിയൊരുക്കിയ നീലേശ്വരത്തുകാരുടെ സ്വന്തം സ്റ്റേഡിയത്തിനാണ് അവഗണനയുടെ കയ്പുനീര്‍ കുടിക്കേണ്ടി വരുന്നത്.
2008ല്‍ ഇവിടെ സംസ്ഥാന യൂത്ത് ഫുട്‌ബോള്‍ മത്സരം നല്ല രീതിയില്‍ നടന്നിരുന്നു. അന്ന് ടൂര്‍ണമെന്റിന്റെ സമാപന മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ റവന്യു മന്ത്രിയായിരുന്ന കെ.പി രാജേന്ദ്രന്‍ ചിറപ്പുറത്തെ സ്റ്റേഡിയം ഭാവിയില്‍ നല്ല സ്റ്റേഡിയമായി വളര്‍ത്തിയെടുക്കാനാവുമെന്നും ഇതു പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതൊക്കെ വാഗ്ദാനങ്ങളിലൊതുങ്ങി. 10 വര്‍ഷമായി ജില്ലാ ലീഗ് ഫുട്‌ബോളിനു സ്ഥിരം വേദിയാണ് ചിറപ്പുറം സ്റ്റേഡിയം.
എല്ലാ സൗകര്യങ്ങളുമായി അഞ്ചേക്കറില്‍ പരന്നു കിടക്കുന്നതാണ് സ്റ്റേഡിയം .ഇവിടെ മൈതാനത്തിന്റെ ഉപരിതലത്തിലെ ചരല്‍മണ്ണാണ് പ്രധാന പ്രശ്‌നം. ഒരടി ഉയരത്തില്‍ ചരല്‍ നീക്കി മണ്ണിട്ടാല്‍ സ്റ്റേഡിയം എല്ലാ കായികവിനോദങ്ങള്‍ക്കും ഉപയോഗിക്കാനാവുമെന്ന് കായിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നഗരസഭ ഇവിടെ ഒന്നും ചെയ്യുന്നില്ല.
പുതിയ ഭരണസമിതി 2016-17 ലെ ബജറ്റില്‍ സ്റ്റേഡിയത്തിന് എട്ടു ലക്ഷം നീക്കിവച്ചെങ്കിലും ഒന്നും നടന്നില്ല. തുടര്‍ ബജറ്റുകളിലും വലിയ തുകകള്‍ ബജറ്റ് കോളത്തില്‍ ഇടം പിടിച്ചു. നാലുലക്ഷം ചെലവഴിച്ച് പഞ്ചായത്തുകാലത്തെ സൗകര്യങ്ങള്‍ ഒന്നുപുതുക്കിയതും കുടിവെള്ളം എത്തിച്ചതും മാത്രമാണു സ്റ്റേഡിയത്തില്‍ ഇന്ന് കാണാനുള്ളത്.
എ. അബ്ദുല്‍ റഹിമാന്‍ നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ വാര്‍ഡ് അംഗമായിരുന്ന സി.പി.എം നേതാവ് കെ.വി ദാമോദരന്റെ ഇടപെടലിലാണ് സ്റ്റേഡിയത്തിനായി സ്ഥലം തരപ്പെടുത്തിയത്. പിന്നീട് കെ.വി ദാമോദരന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയതോടെ സ്റ്റേഡിയം യാഥാര്‍ഥ്യമായി. ഇദ്ദേഹം എം.പി ഫണ്ട് ലഭ്യമാക്കി പശ്ചാത്തല സൗകര്യങ്ങളുമൊരുക്കി. നീലേശ്വരത്ത് ഇ.എം.എസ് സ്റ്റേഡിയം സംസ്ഥാന ബജറ്റില്‍ വന്നപ്പോള്‍ ഈ സ്റ്റേഡിയം ഏറ്റെടുത്ത് ഇ.എം.എസ് സ്റ്റേഡിയമായി ഉയര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍ കേന്ദ്ര ഫണ്ട് ലഭിക്കണമെങ്കില്‍ പുതിയ സ്ഥലം നിര്‍ദേശിക്കണമെന്ന നില വന്നപ്പോള്‍ വിവാദങ്ങള്‍ക്കൊടുവില്‍ ഇ.എം.എസ് സ്റ്റേഡിയം നീലേശ്വരം ബ്ലോക്ക് ഓഫിസിനടുത്ത് പുത്തരിയടുക്കത്ത് നിര്‍മാണംതുടങ്ങി. ഇതോടെ ചിറപ്പുറം സ്റ്റേഡിയത്തിന്റെ കഷ്ടകാലവും തുടങ്ങി.
നടപ്പുബജറ്റില്‍ കേന്ദ്ര ഫണ്ട് പ്രതീക്ഷിച്ച് ഒരു കോടി രൂപയാണ് ചിറപ്പുറം സ്റ്റേഡിയത്തിന് നീക്കിവച്ചത്. ഇത് കടലാസിലൊതുങ്ങാതെ തുടര്‍നടപടികളുണ്ടായാല്‍ നീലേശ്വരത്തുകാരുടെ സ്വന്തം ചിറപ്പുറം സ്റ്റേഡിയം മുരടിപ്പു മാറി ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രദേശവാസികളും കായിക സംഘാടകര്‍, കളിക്കാര്‍, ആസ്വാദകര്‍ എന്നിവരും പറയുന്നു. അതോടെ ജില്ലയിലെ കായിക താരങ്ങള്‍ക്ക് അത്യാവശ്യം പരിശീലനത്തിനും സ്റ്റേഡിയം ഉപയുക്തമാക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."