കോടതിയെ തെറ്റിദ്ധരിപ്പിച്ച സര്‍ക്കാര്‍ നിലപാട് അപമാനം: എന്‍. വേണു
വടകര: ദേശീയപാതയോരത്ത് മദ്യനിരോധനം ഏര്‍പെടുത്തിയ സുപ്രീം കോടതി വിധിയെ മദ്യമുതലാളിമാരും സര്‍ക്കാറും ചേര്‍ന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചത് അപമാനകരമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു.
സര്‍ക്കാര്‍ കള്ളക്കച്ചവടമാഫിയാ സംഘങ്ങളുടെ പിടിയിലാണെന്നതിന്റെ തെളിവാണിതെന്ന് വേണു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും മദ്യനയത്തില്‍ വ്യക്തത വരുത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മദ്യലോബിയുടെ സഹായം നന്നായി ലഭിച്ചതിന്റെ പ്രത്യുപകാരം കൂടിയാണ് ഹൈക്കോടതിയില്‍ മദ്യലോബിയുടെ തെറ്റായ വാദമുഖങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഖണ്ഡിക്കാതിരുന്നതിനു പിന്നില്‍.
കോടതികളില്‍ നിന്ന് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി മാപ്പു പറയുന്ന സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത് പൊതുസമൂഹത്തിന് തന്നെ അപമാനകരമാണെന്നും ജനവിരുദ്ധ മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വേണു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."