റബറില്‍നിന്ന് പൈനാപ്പിള്‍ കൃഷിയിലേക്ക്
ഇരിക്കൂര്‍: റബറിന്റെ വിലക്കുറവ് കാരണം മലയോരത്ത് പൈനാപ്പിള്‍ കൃഷി വേരുറപ്പിക്കുന്നു. പടിയൂര്‍ പഞ്ചായത്തിലെ പെരുമണ്ണില്‍ നാളിതുവരെ റബര്‍ മരങ്ങളാല്‍ നിറഞ്ഞിരുന്ന തോട്ടത്തിലാണു പരീക്ഷണാടിസ്ഥാനത്തില്‍ പൈനാപ്പിള്‍ കൃഷിയിറക്കിയത്. ഇരിക്കൂറിലെ സെഞ്ച്വുറി ഗ്രൂപ്പ് എസ്റ്റേറ്റില്‍ പത്ത് ഏക്കര്‍ തോട്ടത്തിലാണു കൈതച്ചക്ക കൃഷി ഇറക്കിയത്. ഒരുലക്ഷത്തോളം പൈനാപ്പിള്‍ തൈകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.
ഇത്തവണ നന്നായി മഴകിട്ടുകയും ചെയ്തപ്പോള്‍ തൈകളൊന്നും നശിക്കുകയോ ഉണങ്ങുകയോ ചെയ്തില്ല. നല്ല വിളവും ഉടമകള്‍ പ്രതീക്ഷിക്കുന്നു. ആവശ്യത്തിനു വളവും പരിചരണവും ഉണ്ടായതു കൊണ്ട് കൃഷി നന്നായെന്നാണ് തോട്ട ഉടമയായ പള്ളിപ്പാത്ത് ഇബ്രാഹിം പറഞ്ഞു.
എന്നാല്‍ കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യം തോട്ട ഉടമകള്‍ക്കും കൃഷിക്കാര്‍ക്കും കടുത്ത ഭീഷണിയായി മാറിയിരിക്കുകാണ്. പൈനാപ്പിള്‍ മിക്കതും കായ്ച്ചു തുടങ്ങിയതോടെ തോട്ടത്തിന്റെ നാലുഭാഗത്തു നിന്നും ഇറങ്ങുന്ന വന്യജീവികളെ എങ്ങനെ തുരത്തുമെന്ന ചിന്തയിലാണ് ഇവര്‍. കാട്ടുപന്നികളെ തുരത്താന്‍ ചുറ്റിലും പഴയതുണികളും സാരികളും പ്ലാസ്റ്റിക് വലകളും കെട്ടി പരീക്ഷിക്കുകയാണ്. എന്നാല്‍ കുരങ്ങുകളെ ഓടിക്കാന്‍ വഴി തേടുകയാണ് തോട്ട ഉടമകളും കൃഷിക്കാരും. ബലൂണ്‍ തോക്കുകളും പടക്കത്തോക്കുകളും പരീക്ഷിച്ചുനോക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
റബര്‍ വില മോശമായതിനാല്‍ പുതിയൊരു കാര്‍ഷിക പരീക്ഷണം ഏറെക്കുറെ നല്ല വിജയത്തിലെത്തുമ്പോഴാണു വന്യജീവി ശല്യവും.
നാലു വര്‍ഷം തുടര്‍ച്ചയായി തോട്ടമാകെ പൈനാപ്പിള്‍ കൃഷി നടത്താനും സാവധാനത്തില്‍ റബറിലേക്കു തന്നെ മടങ്ങാനുമാണു തോട്ട ഉടമയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."