HOME
DETAILS

പവിഴപ്പുറ്റൊരുക്കിയ ചിതല്‍

  
backup
August 24, 2019 | 6:17 PM

life-of-sifiya-haneef121

 

വി.എം ഷണ്‍മുഖദാസ്

വിധിയെ പഴിച്ച് നേരം കളയരുത്, വിധി പടച്ചവന്റെ കൈയിലാണ്, അത് പലരൂപത്തില്‍ വന്നുപോകും. മനുഷ്യായുസില്‍ എല്ലാവര്‍ക്കും ഒരുപോലെ സന്തോഷം കിട്ടില്ലല്ലോ'- പറയുന്നത് ജീവിതത്തില്‍ കയ്പുനീര്‍ മാത്രം കുടിക്കേണ്ടിവന്ന ചിതല്‍ എന്ന സിഫിയ ഹനീഫ്. തന്റെ ജീവിതപ്രതിസന്ധിയില്‍ ഉള്ളുനീറി എരിഞ്ഞൊടുങ്ങാതെ, സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ഒരായിരം പേര്‍ക്ക് തന്നിലൂടെ ആശ്രയത്വം ഒരുക്കുകയും പ്രചോദനം നല്‍കുകയും ചെയ്ത് മുന്നേറുകയാണ് സിഫിയ.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മംഗലംപാലം സ്വദേശിനിയാണ് സിഫിയ ഹനീഫ്. പൊതുജനത്തിന് മുന്നില്‍ ഒരു വ്യക്തി മാത്രമായി പ്രവര്‍ത്തനം നടത്തുന്നത് എത്രത്തോളം വിജയിക്കുമെന്ന ആശങ്കയിലാണ് ചിതല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ സിഫിയയെ പ്രേരിപ്പിച്ചത്. ചിതല്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ അവര്‍ പുറംലോകത്തെ അറിയിക്കുന്നു. സഹായമനസ്‌കരുടെ കയ്യില്‍ നിന്ന് കിട്ടുന്നത് അര്‍ഹരിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. കാരുണ്യപ്രവര്‍ത്തനത്തിന്റെ വലിയ ലോകത്തേക്ക് സഞ്ചരിക്കും മുമ്പ് സിഫിയയ്ക്കുമുണ്ടായിരുന്നു, തളര്‍ന്നുപോകുമായിരുന്ന ഒരു കാലം.

വൈധവ്യത്തിന്റെ നോവറിഞ്ഞ നേരം

ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായി ഭര്‍ത്താവിനൊപ്പം ബംഗളൂരു നഗരത്തിലെത്തി. സന്തോഷപൂര്‍വമുള്ള ദാമ്പത്യത്തില്‍ രണ്ടു വര്‍ഷത്തിനുളളില്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് സിഫിയ ജന്മംനല്‍കി. ഭര്‍ത്താവുമൊന്നിച്ചുള്ള അവരുടെ ജീവിതയാത്ര പക്ഷെ, പൊടുന്നനെ നിലച്ചുപോയി. ഒരു യാത്ര പോയ ഭര്‍ത്താവ് പുഴയില്‍ കാല്‍തെറ്റിവീണ് മരിച്ചതോടെ ഇളം പ്രായത്തില്‍ വിധവയാകേണ്ടി വന്നു. തീര്‍ത്തും അപരിചിതമായ ആ വന്‍ നഗരത്തില്‍ കൊടുങ്കാട്ടിലെന്ന കണക്കെ ഒറ്റപ്പെട്ടു.
ഭര്‍തൃഗൃഹത്തില്‍ ഒറ്റപ്പെട്ടതോടെ വീട്ടുകാര്‍ക്ക് ഭാരമാകാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമം തുടങ്ങി. നിര്‍ത്തിയ പഠനം തുടരുന്നതിന്റെയും ജോലി നേടുന്നതിന്റെയും ഭാഗമായി ട്യൂഷനെടുത്ത് ഡിഗ്രി വരെ പഠിച്ചു. പിന്നീടവര്‍ തന്നെ ഒറ്റപ്പെടുത്തിയ അതേ ഇടം തേടിത്തന്നെ വീണ്ടും ബംഗളൂരുവിലെത്തി. മൂത്തമകനെ വീട്ടുകാരെ ഏല്‍പ്പിച്ച് ഇളയമകനൊപ്പമായിരുന്നു ആ പോക്ക്. മുമ്പ് ഭര്‍ത്താവിനൊപ്പം പോയ പരിചയം മാത്രം കൈവശമുള്ള അവര്‍ തീര്‍ത്തും അപരിചിതമായിരുന്ന നഗരത്തില്‍ പോരാട്ടം തുടങ്ങി.

ബംഗളൂരു നഗരത്തെരുവില്‍

നാട്ടിലുള്ള ഉമ്മയെയും ബാപ്പയെയും തന്റെ കഷ്ടപ്പാടുകള്‍ അറിയിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പരിചയക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തെരുവിലായി ജീവിതം. പട്ടിണിയും തണുപ്പും മാത്രം കൂട്ടിനായി നില്‍ക്കുമ്പോള്‍ മുലപ്പാല്‍ പോലും മതിയാവോളം കിട്ടാതെ കുഞ്ഞ് അവശനായി. രാത്രി ബസ്‌സ്റ്റോപ്പില്‍ ഇരിക്കുന്നതിനിടെ വീണ് പോകുമെന്ന ഘട്ടത്തില്‍ ഒരു തമിഴ്‌നാട്ടുകാരി താങ്ങി നിര്‍ത്തിയതാണ് ഇപ്പോഴത്തെ ജീവിതം. അവര്‍ അന്ന് രാത്രി ഭക്ഷണവും താമസിക്കാന്‍ ഒരിടവും നല്‍കി. പിറ്റേ ദിവസം കന്യാസ്ത്രീകള്‍ നടത്തുന്ന അഗതി മന്ദിരത്തിലെത്തിച്ചു. ഇതു വലിയ അനുഗ്രഹമായി. പിന്നീടുള്ള ദിവസങ്ങളില്‍ മകനെ അഗതിമന്ദിരത്തില്‍ ഏല്‍പ്പിച്ചായി തൊഴില്‍ തേടിയുള്ള ഇറങ്ങിപ്പോക്ക്. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കാള്‍ സെന്ററില്‍ ജോലി കിട്ടി. ആദ്യ ശമ്പളം കിട്ടിയ ദിവസം മകനൊപ്പം അന്തിയുറങ്ങിയ ശിവാജി നഗറിലെ പട്ടിണിക്കാരായ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കി. പിന്നീട് എല്ലാ മാസവും ഇത് തുടര്‍ന്നു. ഏഴ് മാസത്തെ ബംഗളൂരു ജീവിതത്തിനിടെ കുഞ്ഞിന് അസുഖം പിടിപെട്ടപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. പിന്നീടുള്ള ജീവിതം നിരാലംബര്‍ക്ക് തണലേകിക്കഴിയാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

ചിതല്‍പ്പുറ്റൊരുങ്ങുന്നത് ഇങ്ങനെ

പെട്ടെന്നൊരു നാള്‍ തന്നെപ്പോലെ ഭര്‍ത്താവ് മരിച്ചവര്‍ക്കൊപ്പമുള്ള സംഗമത്തിനെത്തിയപ്പോഴാണ് വൈധവ്യം സ്ത്രീയെ എത്രത്തോളം സ്വന്തത്തില്‍ നിന്നു തന്നെ ഇല്ലാതാക്കുമെന്ന് പഠിച്ചത്. മനം തകര്‍ന്നിരിക്കുന്ന എല്ലാ വിധവകളെയും സിഫിയ ചേര്‍ത്തുപിടിച്ചു. അവര്‍ക്ക് മുന്നേ നടന്ന് സിഫിയ വെളിച്ചം പകര്‍ന്നു. വിധവകള്‍ക്ക്, കുട്ടികള്‍ക്ക്, രോഗബാധിതര്‍ക്ക്, നിരാലംബര്‍ക്ക് സിഫിയ ജീവശ്വാസമാകുന്നതിന് ഒരുത്തരമേയുള്ളു. സ്‌നേഹം.
2014 മുതലാണ് ചിതല്‍ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങുന്നത്. കഥകളായും ചെറിയ കുറിപ്പുകളായും ഇവരുടെയെല്ലാം പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചു. ഇങ്ങനെ സ്വരുക്കൂട്ടുന്ന പണം കൊണ്ടാണ് ചിതലിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോവുന്നത്.

പവിഴപ്പുറ്റായി മാറിയ വഴി

വിവിധ ജില്ലകളിലായി പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അറുപതോളം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ സഹായമെത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ലിസ്റ്റില്‍ സാമ്പത്തികമായി ഉയര്‍ന്നവര്‍ എന്ന രേഖകള്‍ കാരണം സര്‍ക്കാര്‍ സഹായം ലഭിക്കാതെ നിരാലംബരായ 150 കുടുംബങ്ങള്‍ക്ക് എല്ലാമാസവും വീട്ടിലേക്കാവശ്യമായ അവശ്യസാധനങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള കിറ്റും നല്‍കിവരുന്നു. ഇതുവരെയായി 14 വീടുകള്‍ നിര്‍മിച്ച് കൊടുത്തു. 20 കക്കൂസ്, എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര കുടുംബങ്ങള്‍ക്ക് വിവാഹസഹായം, അംഗഹീനരായ ഒന്‍പതു പേര്‍ക്ക് പെട്ടിക്കടകളും ഏര്‍പ്പാടാക്കി നല്‍കി. ഒരാള്‍ക്ക് മുച്ചക്ര വാഹനവും നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിധവകളുള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളും കഴിയുന്നത്ര വസ്ത്രവും പഠന ഉപകരണങ്ങളും മുടങ്ങാതെ നേരിട്ടെത്തിച്ചു കൊടുക്കുന്നുണ്ട്.

നിഴല്‍ വീഴുന്ന സ്വപ്നങ്ങള്‍

മുമ്പത്തെപ്പോലെ ഇപ്പോള്‍ സഹായഹസ്തങ്ങള്‍ നീളുന്നില്ലെന്നാണ് സിഫിയയുടെ പരിഭവം. നവമാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവര്‍ത്തനം സജീവമായതോടെയാണ് സാമ്പത്തിക സഹായത്തിനു കുറവുവന്നത്. വിദേശത്തും സ്വദേശത്തും ഉള്ളവര്‍ എല്ലാവരും സ്വയം സന്നദ്ധപ്രവര്‍ത്തനം നടത്താന്‍ തുടങ്ങിയപ്പോള്‍ ഓണ്‍ലൈനിലൂടെയുള്ള സഹായം കുറഞ്ഞുവരുന്നതായാണ് അനുഭവം.
'ഫെയ്‌സ്ബുക്കിലൂടെ കിട്ടിയിരുന്ന സഹായം അഭ്യര്‍ഥിച്ചുള്ള പോസ്റ്റുകള്‍ക്ക് കിട്ടുന്ന പ്രതികരണം കുറഞ്ഞുവരുന്നുണ്ട്. മാസം 60 കുടുംബങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നത് ഇപ്പോള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മളെ ആശ്രയിച്ചാണ് അവരെല്ലാം ജീവിക്കുന്നത്. തീര്‍ത്തും കിടപ്പിലായിപ്പോയവരും ഉണ്ട്. പലരുടെയും ആശുപത്രി ചിലവുകള്‍ക്ക് സുഹൃത്തുക്കളുടെ സഹായം തേടുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ ഫണ്ട് തീരെ കുറവായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ട് നേരിട്ടു. നമ്മളെ പ്രതീക്ഷിച്ച് നില്‍ക്കുന്ന കുടുംബങ്ങളല്ലേ. പുതിയ ആളുകള്‍ക്ക് സഹായം നല്‍കുന്നത് ഇപ്പോള്‍ ചിന്തിക്കാന്‍ പറ്റുന്നില്ല. നില്‍ക്കാനും ഇരിക്കാനും സമയമില്ലാതെ സഹായം എത്തിച്ചിരുന്നതാണ്. ഇപ്പോള്‍ വളരെ കുറഞ്ഞു. ജനങ്ങളുടെ പിന്തുണ കൂടിയെങ്കിലും ലഭിക്കുന്ന സഹായത്തില്‍ കുത്തനെ കുറവായിപ്പോയിട്ടുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെ പരിപാടികള്‍ സംഘടിപ്പിച്ച് ഫണ്ട് കണ്ടെത്താനാണ് ശ്രമം. ജനപ്രതിനിധികളുടെ സഹായവും തേടിയിട്ടുണ്ട്. ഒരുപാട് വെല്ലുവിളി നേരിട്ടാണ് ഇതൊക്ക ചെയ്യുന്നത്. ആരോടും ഷെയര്‍ ചെയ്യാനും കഴിയില്ല. എന്തെങ്കിലും പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് ഇവര്‍ക്ക് മുമ്പത്തെ പോലെ സഹായം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഇവരെയൊന്നും ഉപേക്ഷിക്കാന്‍ കഴിയില്ല'- സിഫിയ വേദന പങ്കുവയ്ക്കുന്നു.

പഠിക്കണം, ഇനിയുമുയരെ എത്തണം

ഇംഗ്ലീഷില്‍ ബിരുദമെടുത്ത സിഫിയ പഠനം അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമ, ബി.എഡ് എന്നിവ നേടിയെടുത്ത സിഫിയ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമെടുത്തു. സാമൂഹ്യപ്രവര്‍ത്തനം ഉറപ്പാക്കാന്‍ കഴിയുന്ന വിഷയത്തില്‍ ഗവേഷണം കൂടി നടത്തണമെന്നാണ് അടുത്ത ആഗ്രഹം. നാട്ടിലെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും സ്‌കൂളുകളിലും മറ്റും മോട്ടിവേഷന്‍ ക്ലാസെടുത്തുമാണ് തന്റെ പഠനച്ചെലവും ജീവിതവും മുന്നോട്ടുപോകുന്നത്. മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ ലഭിക്കും.
പഞ്ചാബ് നീരജബാനോട്ട് പുരസ്‌കാരം, ക്ലാരസ് പുരസ്‌കാരം, കെ.എം.സി.സിയുടെ ഇ. അഹമ്മദ് പുരസ്‌കാരം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ആദരം, സൗത്ത് ഇന്ത്യ എന്‍.ജി.ഒ സോഷ്യല്‍ സ്റ്റാര്‍ പുരസ്‌കാരം, വിജയസ്മൃതി പുരസ്‌കാരം എന്നിങ്ങനെ നിരവധി ബഹുമതികള്‍ സിഫിയയെ തേടിയെത്തിയിട്ടുണ്ട്. മംഗലംപാലം ഹനീഫിന്റേയും സുബൈദയുടേയും മകളാണ് സിഫിയ. മൂത്തമകന്‍ മുഹമ്മദ് അനീസ് എട്ടിലും ഇളയവന്‍ മുഹമ്മദ് അര്‍ഷദ് അഞ്ചിലും പഠിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

Kerala
  •  18 days ago
No Image

മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കൊല്ലത്ത് അമ്മായിയമ്മയും മരുമകനും മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍

Kerala
  •  18 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

Kerala
  •  18 days ago
No Image

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

Kerala
  •  18 days ago
No Image

റമദാൻ: ദുബൈയിൽ മെട്രോ, ബസ്, പാർക്കിംഗ് സമയക്രമം പരിഷ്കരിച്ചു; പുതിയ ഷെഡ്യൂൾ ഇങ്ങനെ

latest
  •  18 days ago
No Image

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

Kerala
  •  18 days ago
No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  18 days ago
No Image

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി വിതരണം ചെയ്യാനുള്ളത് 500 കോടി

Kerala
  •  18 days ago
No Image

തെരഞ്ഞെടുപ്പിൽ തോറ്റാൽ മറ്റു പദവികളില്ല; കോൺഗ്രസ് നേതൃയോഗത്തിൽ മുന്നറിയിപ്പ്

Kerala
  •  18 days ago
No Image

ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ സർക്കാർ ഇന്ന് അധികാരമേൽക്കും

International
  •  18 days ago