HOME
DETAILS

ഹൃദയത്തെ ചുംബിച്ച ഗാന ശില്‍പങ്ങള്‍

  
backup
August 24, 2019 | 6:50 PM

book-review-768229-2

 


ഹംസ അറക്കല്‍

പ്രതിഭയുടെ തിളക്കം കൊണ്ട് ഭാഷയുടെ പരിമിതികളെ മറികടക്കാന്‍ കഴിഞ്ഞ നിരവധി ഉത്തരേന്ത്യന്‍ സംഗീത സംവിധായകര്‍ നമുക്കുണ്ടായിരുന്നു. ഹിന്ദി സിനിമ ലോകത്തു നിന്നു കടന്നു വന്ന സര്‍ഗധനരായ ആ സംഗീതജ്ഞരില്‍ കൂടിയാണ് ഹിന്ദുസ്ഥാനി രാഗങ്ങളുടെ മാധുര്യം നാം തിരിച്ചറിഞ്ഞതും അരുമയോടെ മൂളിക്കൊണ്ടിരുന്നതും. വശ്യമായ രാഗ വിസ്മയം തീര്‍ത്ത ആലാപനത്തിലൂടെ അവര്‍ നമ്മുടെ സംഗീതാസ്വാദനത്തിന് പുതിയ ഭാവുകത്വം നല്‍കി. കൊഴിഞ്ഞുപോയ ഓരോ ദശകങ്ങളിലും പുതുപുത്തന്‍ പാട്ടുകള്‍ മലയാളത്തില്‍ പിറന്നു വീണിട്ടും സലീല്‍ ചൗധരിയും, നൗഷാദും, ബോംബെ രവിയും, ഉഷാ ഖന്നയും, രവീന്ദ്ര ജയിനുമൊക്കെ ട്യൂണ്‍ ചെയ്ത നിത്യഹരിത ഗാനങ്ങള്‍ ഇന്നും അനശ്വരമായി നില നില്‍ക്കുന്നു.
ആ ഗാനങ്ങള്‍ പിറന്ന വഴിത്താരയിലേക്കും അതിന്റെ പൂര്‍വ്വസ്മൃതിയിലേക്കും നീണ്ടു പോകുന്ന ഒരന്വേഷണമാണ് എ.എസ് മുഹമ്മദ് കുഞ്ഞിയുടെ 'ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്' എന്ന പുസ്തകം.
സിനിമ സംസാരിച്ചു തുടങ്ങിയതു മുതലുള്ള ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചരിത്രം കൂടിയാണത്. മലയാളിയുടെ ഗൃഹാതുരമായ ഓര്‍കള്‍ കൂടിയാണ് ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്. ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ വേളകളില്‍ രണ്ട് മണിക്കൂര്‍ സമയം പത്താന്‍കാരനായ ടാക്‌സി ഡ്രൈവര്‍മാര്‍ കേള്‍പ്പിച്ചിരുന്ന ഇമ്പമാര്‍ന്ന ഗാനങ്ങള്‍ വീണ്ടും നമ്മുടെ ഓര്‍മയിലേക്കോടിയെത്തുന്നു. ഹൃദയത്തിലവ കുളിര്‍മഴ പെയ്യിക്കുകയാണ്. രാത്രിയുടെ ഏകാന്ത നിശബ്ദതകളില്‍ നമ്മെ സുഖനിദ്രയിലേക്ക് കൂടെക്കൊണ്ടുപോയതും ഈ സംഗീതമായിരുന്നു.
മുഹമ്മദ് കുഞ്ഞി ഈ പുസ്തകത്തില്‍ പറയുന്ന ഗാനങ്ങളെല്ലാം മലയാളിക്ക് സുപരിചിതവും, ഒരര്‍ഥത്തില്‍ നമ്മുടെ പ്രവാസവുമായി ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. ഹിന്ദി സംസാരിക്കുന്നവര്‍ മാത്രമല്ല, പഷ്തൂണും ഉറുദുവും പഞ്ചാബിയും ഇറാനിയും അറബിയും സംസാരിക്കുന്നവര്‍ പോലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആരാധകരാണെന്ന് മനസിലാക്കിത്തന്നത് പ്രവാസമായിരുന്നല്ലോ! പതിനാല് അധ്യായങ്ങളിലായാണ് സംഗീതത്തിന്റെ വിസ്മയലോകം മുഹമ്മദ് കുഞ്ഞി വായനക്കാര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.
ഇന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്തെ പൂര്‍വ്വസൂരികളായ പ്രതിഭകളെയാണ് എ.എസ് മുഹമ്മദ് കുഞ്ഞി തന്റെ പുസ്തകത്തില്‍ പഠനവിധേയമാക്കുന്നത്.
അനില്‍ ബിശ്വാസ്, സി. രാമചന്ദ്ര, രോഷന്‍, നൗഷാദ്, എസ്.ഡി ബര്‍മന്‍, ശങ്കര്‍ ജയ് കിഷന്‍, മദന്‍ മോഹന്‍, ഖയ്യാം, രവിശങ്കര്‍, ഹേമന്ത് കുമാര്‍, സലീല്‍ ചൗധരി, ഉഷാ ഖന്ന, കല്യാണ്‍ ജി അനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍ തുടങ്ങിയ അനശ്വര സംഗീത പ്രതിഭകളെ കുറിച്ചുള്ള ലേഖനങ്ങള്‍ ഇന്ത്യന്‍ ക്ലാസിക്കുകളെ അടുത്ത് അറിയാന്‍ സഹായിക്കുന്നു.
'സിനിമ സംസാരിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ സംഗീതം അതിന്റെ കൂടെ സഞ്ചരിച്ചു തുടങ്ങിയിരുന്നു'- എന്ന ആദ്യ വാചകത്തോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. തിയേറ്ററുകളില്‍ സ്‌ക്രീനിനു തൊട്ടു താഴെ സ്റ്റേജ് പോലെ ഉയര്‍ത്തിയ തിണ്ണയില്‍ അന്നൊക്കെ ഒരു സംഗീത ട്രൂപ്പിനെ സജ്ജമാക്കി നിര്‍ത്തിയാണ് നിശബ്ദ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത് എന്നുള്ള ചരിത്ര വസ്തുതയിലേക്കും എഴുത്തുകാരന്‍ കടന്നുചെല്ലുന്നു.
സൈഗാള്‍, തലത്ത് മഹ്മൂദ്, നൂര്‍ജഹാന്‍, സുരയ്യ, ഷംസാദ് ബീഗം, ഗീതാ ദത്ത്, മുകേഷ്, മുഹമ്മദ് റാഫി, ലതാ മങ്കേഷ്‌കര്‍, ആശാ ബോസ്‌ലെ തുടങ്ങി സംഗീത ലോകത്തെ മഹാപ്രതിഭകളുടെ എക്കാലത്തേയും സുന്ദരഗാനങ്ങള്‍ മുഹമ്മദ് കുഞ്ഞി ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു.
ആദ്യകാല ശബ്ദചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയവരില്‍ അര്‍ഹിക്കുന്ന ബഹുമതി ലഭിക്കാതെ മറഞ്ഞു പോയവരെയും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.
ഏകദേശം മുന്നൂറില്‍ അധികം പേരുകളാണ് ഹിന്ദുസ്ഥാനി സംഗീതത്തെ സംബന്ധിച്ച ഈ ഗ്രന്ഥത്തില്‍ എഴുത്തുകാരന്‍ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പുതു തലമുറയിലെ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും പാട്ടെഴുത്തുകാര്‍ക്കും വിശിഷ്യാ സംഗീതാസ്വാദകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണിതെന്നും പറയാം.
ഹേമന്ത് കുമാറിനെ പരിചയപ്പെടുത്തുമ്പോള്‍ തന്നെ നമുക്കത് ബോധ്യമാകുന്നു. നാട്ടിന്‍പുറങ്ങളിലെ പാമ്പ് പിടുത്തക്കാരായ ആദിവാസികളുടെ ഫോക് രാഗത്തില്‍ പ്രശസ്തമായ നാഗിന്‍ ചിത്രത്തിലെ 'മന് ഡോ ലെ മെരാ തന് ഡോലെ...' യും, മുഹമ്മദ് റാഫിയുടെ അനശ്വര പ്രണയഗാനങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ ബോംബെ രവിയുടെ 'ചൗധ് വി കാ ചാന്ദ് ഹോ..... യാ അഫ്ത്താബ് ഹോ..' (ചൗദവീ കാ ചാന്ദ് 1960), ബാബുല്‍ കി ദുആ യേ ലേതേ ജാ (നീല്‍ കമല്‍ 1967) യും പരാമര്‍ശിക്കുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഗൃഹാതുരമായ ഓര്‍മകളുടെ വസന്ത കാലത്തേക്കാണ് മുഹമ്മദ് കുഞ്ഞി നമ്മെ ക്ഷണിക്കുന്നത്. ഹിന്ദി സിനിമ കണ്ട മികച്ച സംഗീത സംവിധായകനായ നൗഷാദ് 1952 ലാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. ബെയ്ജു ബാവ് രയില്‍ റാഫി പാടിയ 'ഒ ദുനിയാ കെ രഖ് വാലെ...' ക്ലാസിക്കല്‍ റൊമാന്റിക് ചിത്രമായ മുഗള്‍ ഇ അസം ലെ 'പ്യാര്‍. കിയാ തൊ ഡര്‍നാ ക്യാ...' ലത പാടിയ ആ ഗാനത്തിന്റെ പെര്‍ഫെക്ഷനു വേണ്ടി നൗഷാദ് ഉപയോഗിച്ച ലളിതമായ ടെക്‌നിക്കുകളെ കുറിച്ചും നൗഷാദിന്റെ അറിയപ്പെടാത്ത സംഗീത ജീവിതത്തെ കുറിച്ചും മുഹമ്മദ് കുഞ്ഞി ആഴത്തില്‍ അന്വേഷിക്കുന്നുണ്ട്.
1967 ലാണ് ലതാ മങ്കേഷ്‌കറെ പത്മഭൂഷനു വേണ്ടി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ലതയെ ലതയാക്കി വളര്‍ത്തിയെടുത്ത പ്രധാന ശില്‍പികളിലൊരാളായ നൗഷാദിനെ ആ ബഹുമതി തേടിയെത്താന്‍ പിന്നെയും കാല്‍ നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നത് എത്ര ദയനീയമാണെന്ന് മുഹമ്മദ് കുഞ്ഞി ചോദിക്കുന്നു.
അനശ്വരങ്ങളായ മെലഡികള്‍ സൃഷ്ടിച്ച് ഹിന്ദി സിനിമയുടെ ഒരു കാലഘട്ടം സുവര്‍ണ്ണ യുഗമാക്കി മാറ്റിയ ഖയ്യാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് സുഹര്‍ ഖയ്യാം ഹഷ്മി എന്ന സംഗീത സംവിധായകനെ കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്.
രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച ഖയ്യാം ആണ് മുഹമ്മദ് റാഫിയുടെ ദുഃഖഗാനങ്ങള്‍ ഏറെയും ചിട്ടപ്പെടുത്തിയതെന്നു ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും അതിനെ ബലപ്പെടുത്തുന്ന ശോകാര്‍ദ്രമായ ഗാനങ്ങളൊന്നും അദ്ദേഹം പരിചയപ്പെടുത്തുന്നില്ല. പകരം തലത് മഹ്മൂദും, ലതയും, മുകേഷും സൃഷ്ടിച്ച ഹിറ്റുകളും അപൂര്‍വ്വം ചില റാഫി ഗാനങ്ങളുമാണ് ഈ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഹിന്ദി സിനിമയില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച സംഗീതജ്ഞനാണ് മദന്‍ മോഹന്‍. ലതയുടെ പത്ത് ഗോള്‍ഡന്‍ ഗ്രേയ്റ്റ് ഗാനങ്ങള്‍ എടുത്താല്‍ അതില്‍ മൂന്നെണ്ണം മദന്‍ മോഹന്റേത് ആണെന്ന് മുഹമ്മദ് കുഞ്ഞി വിലയിരുത്തുന്നു. എന്നാല്‍ രണ്ടര പതിറ്റാണ്ടുകാലത്തെ സംഗീത ജീവിതം അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല എന്ന രൂക്ഷ വിമര്‍ശനവും ഈ കൊച്ചു പുസ്തകത്തിലുണ്ട്.
ഇന്ത്യന്‍ സംഗീത ലോകത്തെ അതികായനായ എസ്.ഡി ബര്‍മനെ കുറിച്ചുള്ള ലേഖനം ശ്രദ്ധേയമാണ്. എന്നാല്‍ ഹിന്ദിയില്‍ ചരിത്ര വിജയം നേടിക്കൊടുത്ത 'ഷോലെ' 'യാദോന്‍ കി ബാറാത' തുടങ്ങി അനേകം ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകരുകയും ഗാനങ്ങള്‍ ആലപിച്ച് പുതിയ സംവേദന തലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ആര്‍.ഡി ബര്‍മനെ കുറിച്ചും, അകക്കണ്ണ് കൊണ്ട് മെലഡികള്‍ കേള്‍പ്പിച്ച രവീന്ദ്ര ജയിന്‍ നെ കുറിച്ചും, 'ഗോരി തെരാ ഗാവ് ബഡാ പ്യാരാ....' ചിത് ചോര്‍ ലെ ആദ്യഗാനത്തില്‍ കൂടി ഹിന്ദിയില്‍ ഒരു കാലഘട്ടത്തില്‍ സാന്നിധ്യം ഉറപ്പിച്ച ഗാനഗന്ധര്‍വ്വനെ കുറിച്ചും എന്തുകൊണ്ടോ മുഹമ്മദ് കുഞ്ഞി മൗനം പാലിക്കുന്നു.
ഹിന്ദി സിനിമ കണ്ട മികച്ച സംഗീത സംവിധായക ജോഡിയായ ശങ്കര്‍ ജയ് കിഷനെ കുറിച്ചും അവരുടെ എക്കാലത്തേയും ഹിറ്റുകളെ കുറിച്ചുമുള്ള വിശധമായ പഠനം പുസ്തകത്തിന്റെ മേന്മയെ എടുത്തു കാണിക്കുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തെ കുറിച്ചുള്ള ഒരെഴുത്തുകാരന്റെ ആഴത്തില്ലള്ള പഠനവും ഗവേഷണവും വ്യക്തമാക്കുന്നതാണ് എ.എസ്.മുഹമ്മദ് കുഞ്ഞിയുടെ ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  7 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  13 minutes ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  33 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  41 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  2 hours ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago