റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പരിഹാരമില്ല
വെള്ളമുണ്ട: റോഡ് രണ്ടായ് പിളര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടും പഞ്ചായത്തധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല.
വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡില്‍പ്പെട്ട തരുവണ നടക്കല്‍ കരിങ്ങാരി റോഡാണ് ഗതാഗതം തടസപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ശക്തമായ മഴയിലാണ് വെള്ളം കെട്ടി നിന്ന് ടാര്‍ റോഡ് ഒലിച്ചു പോയത്. റോഡിന് അടിയില്‍ ഇട്ടിരുന്ന പൈപ്പിലൂടെ തോടിലെ വെള്ളം ഒഴുകിപ്പോകാതെ കെട്ടി നിന്നതാണ് റോഡ് തകരാനിടയാക്കിയത്. ഇതോടെ കരിങ്ങാരി ഭാഗത്തേക്ക് പോവേണ്ട നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി.
നാട്ടുകാര്‍ ചേര്‍ന്ന് താല്‍ക്കാലികമായൊരുക്കിയ നടപ്പാലത്തിലൂടെയാണ് കരിങ്ങാരി യു.പി സ്‌കൂളിലെ കുട്ടികളുള്‍പ്പെടെ ഭീതിയോടെ കടന്നുപോവുന്നത്. കൂവണ ആദിവാസി കോളനിയിലെ കുട്ടികളെയുള്‍പ്പെടെ ഗോത്രസാരഥി പദ്ധതി പ്രകാരം സ്‌കൂളിലെത്തിച്ചിരുന്നത് ഈ റോഡിലൂടെയായിരുന്നു. റോഡ് തകര്‍ന്നതോടെ കിലോമീറ്ററുകള്‍ ചുറ്റി തരുവണ വഴിയാണ് വാഹനം പോവുന്നത്. മണ്ണ് ഒലിച്ചു പോയ സ്ഥാനത്ത് പകരം മണ്ണിട്ട് താല്‍ക്കാലികമായി സംവിധാനമൊരുക്കിയാല്‍ പ്രശ്‌നം പരിഹരിക്കാവുന്നതായിട്ടുപോലും വാര്‍ഡ് മെംബറോ ഭരണ സമിതിയോ മുന്‍കൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
റോഡ് തകര്‍ന്ന സ്ഥലത്ത് കള്‍വര്‍ട്ട് നിര്‍മിക്കാനുള്ള നടപടികളെടുക്കുന്നതിനാല്‍ താല്‍ക്കാലിക സംവിധാനമേര്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് അധികൃതരുടെ മറുപടി. എന്നാല്‍ ആദിവാസി വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നതുള്‍പ്പെടെയുള്ള വിഷയമായിട്ടും റോഡ് തകര്‍ന്നത് ഗൗരവത്തിലെക്കാത്തതിലാണ് നാട്ടുകാര്‍ക്ക് പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."