പൂക്കോട് കാംപസിനെ പച്ചപുതപ്പിക്കാന്‍ 10,000 വൃക്ഷത്തൈകള്‍
പൂക്കോട്: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാംപസില്‍ വനംവകുപ്പിന്റെ സഹകരണത്തോടെ 10,000 വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നു.
കാംപസ് ഹരിതവത്കരണവും നീര്‍ത്തട പരിപാലനവും ലക്ഷ്യമിട്ടാണ് തൈകള്‍ നടുന്നത്. ഇതിന്റെ ഉദ്ഘാടനം സര്‍വകലാശാലാ വളപ്പിലെ ഇക്കോ ഫാമില്‍ പരിസ്ഥിതി ദിനത്തില്‍ വെറ്ററിനറി കോളജ് ഡീന്‍ ഡോ. കെ വിജയകുമാര്‍, മേല്‍മുറി വനസംരക്ഷണ സമിതി സെക്രട്ടറിയുമായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പി.കെ ഷിബു എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.
ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി സാമൂഹിക വനവല്‍കരണ വിഭാഗം ചുഴലി നഴ്‌സറിയില്‍ തയാറാക്കിയതില്‍ കറിവേപ്പ്, ആര്യവേപ്പ്, ഉങ്ങ്, കുമിഴ്, നെല്ലി, സീതപ്പഴം, പേര, മാവ്, പ്ലാവ്, മഹാഗണി, പുളി, ലക്ഷ്മിതരു, കണിക്കൊന്ന തുടങ്ങിയ ഇനം മരങ്ങളുടെ തൈകളാണ് കാംപസില്‍ നടുന്നത്. തല്‍ക്കാലം 1000 തൈകളാണ് സര്‍വകലാശാലക്ക് നല്‍കിയതെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജസ്റ്റിന്‍ ഹോള്‍ഡന്‍ റൊസാരിയോ പറഞ്ഞു.
ഭൂപ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണ് ഓരോ തൈയും നടുന്ന ഇടം നിര്‍ണയിക്കുകയെന്ന് കോളജ് ഡീന്‍ അറിയിച്ചു. ലഭിച്ച മുഴുവന്‍ തൈകളും ദിവസങ്ങള്‍ക്കകം നടും. നഴ്‌സറിയില്‍നിന്നു ലഭിക്കുന്ന മുറക്ക് ബാക്കി തൈകളും നട്ടുവളര്‍ത്തും. മുഴുവന്‍ തൈകളുടെയും സംരക്ഷണം ഉറപ്പുവരുത്തുമെന്നും ഡീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."