ഹോങ്കോങ്ങില്‍ 20 ലക്ഷംപേര്‍ അണിനിരന്ന മനുഷ്യച്ചങ്ങല
സെന്‍ട്രല്‍ (ഹോങ്കോങ്): കല്ലും മുളവടികളുമായി കലാപ പൊലിസിനെ നേരിട്ട പ്രക്ഷോഭകര്‍ക്കു നേരെ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ പുകയില്‍നിന്നു രക്ഷ നല്‍കുന്ന മുഖംമൂടിയും കട്ടിയുള്ള തൊപ്പിയുമണിഞ്ഞ് തെരുവുകള്‍ കൈയടക്കുന്ന പ്രക്ഷോഭകരെ തുരത്താന്‍ ഇതൊന്നും മതിയാവാത്ത അവസ്ഥയാണ്.
കഴിഞ്ഞദിവസം ഹോങ്കോങ് തുറമുഖത്തിന്റെ ഇരുവശങ്ങളിലുമായി കിലോമീറ്ററുകളോളം നീളുന്ന മനുഷ്യ ശൃംഖല സൃഷ്ടിച്ച് പ്രക്ഷോഭകര്‍ സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. പതിനായിരക്കണക്കിന് പ്രകടനക്കാര്‍ കൈകള്‍ കോര്‍ത്ത്, പാട്ടുകള്‍ പാടി ഹോങ്കോങ്ങിന്റെ നടപ്പാതകളും പാര്‍ക്കുകളും തെരുവുകളുമെല്ലാം കയ്യടക്കി. മൂന്ന് പതിറ്റാണ്ട് മുന്‍പ് നടന്ന സോവിയറ്റ് വിരുദ്ധ പ്രക്ഷോഭകരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവര്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്.
ഇരുപത് ലക്ഷത്തോളം ജനങ്ങളാണ് ഏകദേശം 50 കിലോമീറ്റര്‍ നീളത്തില്‍ അണിനിരന്നുകൊണ്ട് വെള്ളിയാഴ്ചത്തെ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.
1989 ഓഗസ്റ്റ് 23ന് സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലെ പ്രതിഷേധക്കാര്‍ 600 കിലോമീറ്റര്‍ നീളമുള്ള മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. അതു കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് രാജ്യങ്ങളും സ്വതന്ത്രമാക്കപ്പെട്ടു. ഇതിന്റെ ആഘാതത്തില്‍ ഒടുവില്‍ 1991ല്‍ സോവിയറ്റ് യൂനിയന്‍ തകരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."