റമദാന്‍: നമ്മുടെ ശത്രുവിനെ തിരിച്ചറിയുന്ന മാസമാണ്
പരിശുദ്ധ റമദാന്‍ സമാഗതമാവുന്നതോടെ വിശ്വാസിക്ക് സുകൃതങ്ങളുടെ നാളുകളാണ്. ജീവിതത്തില്‍ ചെയ്തുപോയ പാപങ്ങള്‍ പൊറുപ്പിക്കാന്‍, കൂടുതല്‍ നന്മകള്‍ സമ്പാദിക്കാന്‍, സ്വര്‍ഗപ്രവേശം ലഭ്യമാക്കാന്‍ ഈ മാസം കാരണമാവുന്നു. ഈ മാസത്തില്‍ വിശ്വാസിക്ക് നന്മ ചെയ്യാനുള്ള അവസരവും തിന്മ ചെയ്യാതിരിക്കാനുള്ള സാഹചര്യവുമാണ് അല്ലാഹു ഒരുക്കിയിരിക്കുന്നത്. ഒരു കര്‍ഷകന് അനുകൂലമായ കാലാവസ്ഥ എല്ലാ നാശ നഷ്ടങ്ങളില്‍ നിന്നുമുള്ള സംരക്ഷണം നല്‍കുന്നത് പോലെ വിശ്വാസിക്ക് ഈ മാസത്തില്‍ എല്ലാം അനുകൂലമാണ്. ഒരു നോമ്പ് നരകത്തില്‍ നിന്ന് എഴുപതിനായിരം കൊല്ലത്തെ വഴിദൂരത്തേക്കാക്കുന്നു. രാത്രിയുടെ നിസ്‌കാരം നരകമോചനം ഉറപ്പാക്കുന്നു. ഖുര്‍ആന്‍ പാരായണം നാളത്തെ ശുപാര്‍ശക്കാരനെ സൃഷ്ടിക്കുന്നു. ഒരു ഫര്‍ള് നിര്‍വഹിക്കുമ്പോള്‍ എഴുപത് ഫര്‍ളിന്റെ പ്രതിഫലം ലഭ്യമാവുന്നു. ഒരു സുന്നത്ത് നിര്‍വഹിച്ചാല്‍ ഒരു ഫര്‍ള് രേഖപ്പെടുന്നു.
ഇങ്ങനെ ഓഫറുകള്‍ നല്‍കി സുകൃതങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല നാം ചെയ്യുന്ന ഇബാദത്തുകള്‍ നശിപ്പിക്കാന്‍ പുറമെ നിന്നുള്ള എല്ലാ ശത്രുക്കളെയും തടയുന്നു. നബി(സ) പറഞ്ഞു. റമദാന്‍ മാസം വന്നാല്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടും നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടും അതോടൊപ്പം പിശാചുക്കളെയും ജിന്നുകളില്‍ നിന്ന് മോട്ടു കാണിക്കുന്നവയെയും ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. ഈ ഹദീസിന്റെ വെളിച്ചത്തില്‍ നമ്മുടെ നന്മയുടെ വഴിയില്‍ തടസം സൃഷ്ടിക്കുന്ന ഒരാളുടെ ശത്രുവും നമുക്കില്ലെന്ന് ബോധ്യപ്പെടുത്തും. അഥവാ ഒരു വിശ്വാസിയുടെ യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയാന്‍ കാരണമാവുന്നു. നമ്മുടെ ശത്രുക്കളില്‍ പിശാചടക്കം നിരവധി ശത്രുക്കള്‍ ഉണ്ടെങ്കിലും നമ്മുടെ ഏറ്റവും വലിയ ശത്രു ഏതാണെന്ന ചോദ്യത്തിന്റെ മുന്‍പില്‍ അത് നമ്മുടെ സ്വന്തം ശരീരം തന്നെയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. കാരണം മഹാന്മാര്‍ പറഞ്ഞു. ഒരു മനുഷ്യന്റെ ശത്രുവാണ് പിശാചെങ്കിലും ആ പിശാചിന് അവന്റെ ശരീരത്തില്‍ കയറാനുള്ള വാതില്‍ അവന്റെ ശരീരത്തിന്റെ ഇഛയാവുന്നു. നബി പറഞ്ഞു. ഏറ്റവും ശക്തന്‍ ശത്രുവിനെ കീഴടക്കുന്നവനല്ല. മറിച്ച് സ്വന്തം ശരീരത്തെ നിയന്ത്രിക്കുന്നവനാണ്. ഏത് സാഹചര്യത്തിലും ത്യാഗം ചെയ്യാനുള്ള മനസ്സ് നമുക്ക് ഉണ്ടാവാന്‍ നാം ചെയ്യേണ്ടത് അഞ്ച് കാര്യങ്ങള്‍. വയറ് ഒഴിച്ചിടുക. അത്താഴ സമയം പ്രാര്‍ഥിക്കുക, രാത്രി ദീര്‍ഘ നേരം പ്രാര്‍ഥിക്കുക, പരിശുദ്ധ ഖുര്‍ആന്‍ അര്‍ഥം ചിന്തിച്ച് ഓതുക, സ്വാലിഹീങ്ങളുമായി സഹവസിക്കുക എന്നിവയാണ്. ഈ അഞ്ച് കാര്യങ്ങളും പരിശീലിക്കുന്ന മാസമാണ് ഇത്. അതിന് നല്ല ചിട്ടയും ചിന്തയും അനിവാര്യമാണ്.
ആദ്യമായി വേണ്ടത് ഒരവസരവും പാഴാക്കാതിരിക്കുക. കാരണം കഴിഞ്ഞ് പോയതൊന്ന് തിരിച്ചു പിടിക്കാനാവില്ല. അറബിയില്‍ ഒരു ചൊല്ലുണ്ട്. ജനങ്ങളെല്ലാം ഉറങ്ങുകയാണ്. അവര്‍ ഉറക്കില്‍ നിന്ന് എഴുനേല്‍ക്കുന്നത് മരിക്കുമ്പോള്‍ മാത്രമാണ്. ഇന്ന് ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയം ചെയ്യാതിരിക്കുകയും പിന്നെ അതിനെ കുറിച്ച് ആലോചിച്ചിട്ട് യാതൊരു കാര്യവുമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല ഓരോന്നിനും ഓരോ ചിട്ട ആവശ്യമാണ്. ജീവിതത്തിന്റെ ക്രമീകരണം വിജയത്തിന്റെ അടിത്തറയാണ് എന്ന് മറ്റൊരു ചൊല്ല്. നന്മ സൂക്ഷിച്ചുകൊണ്ടിരുന്നാല്‍ അത് അവന് ലഭിക്കുക തന്നെ ചെയ്യുമെന്ന് ഒരു മഹത് വചനം. അലി(റ) പറഞ്ഞു ''തൗഫീഖ് ഏറ്റവും നല്ല നായകനാണ്. എന്നാല്‍ അത് വിവേചിക്കുന്ന നല്ല കൂട്ടുകാരനായി ബുദ്ധി ഉണ്ടാവേണ്ടതുണ്ട്. അതോടൊപ്പം അദബ് (ജീവിതചിട്ട) നല്ല അനന്തരവുമാണ്. ചുരുക്കം റമദാന്‍ ഒരു നിമിഷവും പാഴാക്കാതെ നല്ലവണ്ണം ചിട്ടപ്പെടുത്തി സ്വന്തം ശരീരത്തെ സംസ്‌കരിച്ച് ജീവിതകാലം മുഴുവന്‍ ഈ ശത്രുവിനെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ സംഭരിച്ച് റമദാനിനോട് വിടപറയാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ...ആമീന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."