ദിലീപ് നടിയുടെ അവസരം നിഷേധിച്ചെന്ന പരാതിയില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഇടവേള ബാബു
കൊച്ചി: ആക്രമണത്തിനിരയായ നടിയും ഡബ്യു.സി.സിയും നടന് ദിലീപിനെതിരേ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കുന്ന അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി പുറത്ത്. തനിക്ക് സിനിമയിലെ അവസരങ്ങള്‍ ദിലീപ് നിഷേധിച്ചെന്ന് ആക്രമണത്തിനിരയായ നടിയുടെ പരാതി ലഭിച്ചിട്ടുണ്ട്. നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായും ഇടവേള ബാബു പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ പോലിസിനു നല്കിയ മൊഴിയിലാണ് ഇടവേള ബാബുവിന്റെ വെളിപ്പെടുത്തല്‍.
ഇക്കാര്യം ദിലീപിനോട് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ചോദിച്ചതായും ഇടവേള ബാബു മൊഴി നല്കി. ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്.
അതാത് സമയത്ത് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ല. ഇരയായ നടിയും കാവ്യയും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് വഴക്കുണ്ടായി.
ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടന് സിദ്ദീഖ് പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്കിയ മൊഴിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."