മോദിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നേതാക്കളുടെ തമ്മില്‍തല്ല്
ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ നിരന്തരം വിമര്‍ശിക്കണോ, അതോ വല്ലപ്പോഴും വിമര്‍ശിച്ചാല്‍ മതിയോ എന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തര്‍ക്കം. നരേന്ദ്രമോദി സര്‍ക്കാരിന്റെ നല്ല വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും എല്ലാത്തിനെയും കുറ്റം പറയേണ്ടതില്ലെന്നുമുള്ള മുതിര്‍ന്ന നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചും എതിര്‍ത്തുമാണ് കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍തല്ല് തുടങ്ങിയത്.
വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ജയറാം രമേശിന്റെ മോദി സ്തുതി. 2014നും 2019നും ഇടയില്‍ നരേന്ദ്രമോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 30 ശതമാനത്തിലേറെ വോട്ട് നേടി അധികാരത്തില്‍ തുടരാന്‍ സഹായകമായത്. അത് പരിഗണിക്കേണ്ട സമയമാണിത് എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്. രമേശിനെ പിന്തുണച്ച് ആദ്യം രംഗത്തുവന്നത് ശശി തരൂരാണ്.
നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നുമായിരുന്നു തരൂറിന്റെ അഭിപ്രായം. പിന്നാലെ പാര്‍ട്ടി വക്താവ് അഭിഷേക് മനു സിങ്‌വിയും രമേശിനെ പിന്തുണച്ച് പ്രസ്താവന നടത്തി. മോദിയെ ദുഷ്ടനാക്കി ചിത്രീകരിക്കുന്നത് തെറ്റാണെന്നും വ്യക്തിപരമായല്ല, പകരം വിഷയാധിഷ്ഠിതമായ വിമര്‍ശനമാണ് വേണ്ടതെന്നുമായിരുന്നു സിങ്‌വിയുടെ അഭിപ്രായം.
ഇതോടെ തരൂരിനും രമേശിനുമെതിരെ കെ.സി വേണുഗോപാലും കപില്‍ സിബലും രംഗത്തുവന്നു. പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും ദുഷ്ടരാക്കി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഏതെങ്കിലും ബി.ജെ.പി നേതാവ് നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും പറഞ്ഞിട്ടുണ്ടോയെന്ന് സിബല്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവന തികച്ചും വ്യക്തിപരമെന്നായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് ആരോടും പറഞ്ഞിട്ടില്ല. പക്ഷെ മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ജോലിയും കോണ്‍ഗ്രസിനില്ല. ഈ സര്‍ക്കാര്‍ ചെയ്യുന്ന പല കാര്യങ്ങളും ജനദ്രോഹപരവും ജനങ്ങളെ ഭിന്നിപ്പിക്കലുമാണ്. അങ്ങനെ ചെയ്യുന്ന ഒരാളുടെ ഏതെങ്കിലും ഒരു നേട്ടമെടുത്ത് അദ്ദേഹം മഹാനാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- കെ.സി വേണുഗോപാല്‍ പറഞ്ഞു.
വിഷയത്തില്‍ കെ.സി വേണുഗോപാലും കപില്‍ സിബലും ഇടപെട്ടതോടെ രാവിലത്തെ ട്വീറ്റിന് വിശദീകരണവുമായി തരൂര്‍ രംഗത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."