രണ്ടാംവരവില്‍ കരുത്തുകാട്ടി വലേര
കൊല്‍ക്കത്ത: 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍നിന്ന് ഒരു ക്ലബിനെ ഡ്യൂറന്റ് കപ്പിലെ ജേതാക്കളാക്കുന്നതിലെ അണിയറ പ്രവര്‍ത്തകനാണ് ഗോകുലത്തിന്റെ പുതിയ പരിശീലകന് ഫെര്‍ണാണ്ടോ സാന്റിയാഗോ വലേര. കഴിഞ്ഞ സീസണില്‍ ബിനോ ജോര്‍ജ് ഗോകുലത്തിന്റെ പരിശീലകനായി ഉണ്ടായിരുന്നപ്പോള്‍ 2018 മാര്‍ച്ച് 15 വരെ വലേര ഗോകുലത്തിനെ പരിശീലിപ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ കാലം വലേര ഗോകുലത്തിനൊപ്പം നിന്നില്ല. ഉടന്‍ തന്നെ സ്വദേശമായ സ്പെയിനിലേക്ക് മടങ്ങി. സ്പെയിനിലാണ് താമസമെങ്കിലും അര്‍ജന്റീനയാണ് വലേരയുടെ ഉറവിടം. തുടര്‍ന്ന് സ്പെയിനിലെ സി.എഫ് ഗാവ എന്ന ടീമിനെ പരിശീലിപ്പിച്ചു. തുടര്‍ന്ന് 2019 ജൂലൈ 18ന് വീണ്ടും വലേര ഗോകുലത്തിന്റെ പ്രധാന പരിശീലകനായി എത്തി. രണ്ടാം വരവില്‍ ആദ്യ പ്രൊജക്ടായിരുന്നു ഡ്യൂറന്റ് കപ്പ്. രണ്ട് മാസം മുന്‍പ് തന്നെ ഗോകുലം വലേരക്ക് കീഴില്‍ മികച്ച ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലം കൂടിയായിരുന്നു ഇന്നലെ സാള്ട്ട്ലേക്കില് കണ്ടത്. രണ്ട് സീസണില്‍ ഗോകുലം ഐ ലീഗ് കളിച്ചെങ്കിലും മികച്ച നേട്ടങ്ങളൊന്നും സ്വന്തമാക്കാനായില്ല. 2018ലെ കെ.പി.എല്ലില്‍ ചാംപ്യന്മാരായതൊഴിച്ചാല് ഗോകുലത്തിന് കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലത്തെ ചരിത്ര നേട്ടത്തോടെ ഗോകുലത്തിന്റെയും വലേരയുടെയും പേരുകള്‍ ചരിത്രത്തില്‍ ഏഴുതിച്ചേര്ത്തു. ആക്രമണ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്ന വലേരയുടെ നീക്കങ്ങള്‍ കാരണമാണ് ഗോകുലം 15 ലധികം ഗോളുകള്‍ സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."