പ്രളയം: ദുരിതബാധിതര്‍ക്കുള്ള ധനസഹായം ഓണത്തിന് മുന്‍പ്
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രകൃതിക്ഷോഭത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം ഓണത്തിന് മുന്‍പ് വിതരണം ചെയ്യും. ഇക്കാര്യത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
ദുരിതാശ്വാസ ക്യാംപുകളില്‍ താമസിച്ച 1.12 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ തുകയുടെ വിതരണം 29ന് ആരംഭിക്കും. ക്യാംപുകളില്‍ എത്താത്ത ദുരിതബാധിതരുടെ സര്‍വേ ഈ മാസം പൂര്‍ത്തിയാക്കും. ദുരിതബാധിതരെ സര്‍വേ നടത്തിയാണ് കണ്ടെത്തുന്നത്. ഇതിനായി അപേക്ഷ നല്‍കേണ്ടതില്ല. സര്‍വേയില്‍പ്പെടാത്ത ദുരിതബാധിതരുണ്ടെങ്കില്‍ പട്ടിക പൂര്‍ണമായും പ്രസിദ്ധീകരിച്ചശേഷം തഹസില്‍ദാര്‍ക്ക് മുന്നില്‍ നേരിട്ട് പരാതി ഉന്നയിക്കാം.
ദുരിതബാധിതര്‍ ആരുടെയും മുന്നില്‍ കൈ നീട്ടേണ്ടതില്ല. അവര്‍ക്കുണ്ടായ നഷ്ടം വിലയിരുത്തി സര്‍ക്കാര്‍ നേരിട്ട് സഹായം നല്‍കുന്ന രീതിയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്കുള്ള ആശ്വാസ ധനസഹായം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്ര ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് അടിയന്തരസഹായമായി 10,000 രൂപ വീതവും പൂര്‍ണമായി തകര്‍ന്നതോ പൂര്‍ണമായി വാസയോഗ്യം അല്ലാത്തതോ (75 ശതമാനത്തില്‍ അധികം നാശനഷ്ടമുള്ള) ആയ വീടുകളില്‍ വസിക്കുന്നവര്‍ക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാനുള്ള സ്ഥലംവാങ്ങാന്‍ ആറു ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
അടിയന്തരസഹായമായ 10,000 രൂപ ലഭിക്കുന്നതിന് വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങള്‍ക്കും പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും അര്‍ഹതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."