ഖത്തര്‍ ഉപരോധത്തിന്റെ രാഷ്ട്രീയം
ജനീവയില്‍ ചികിത്സയ്ക്കുപോയ പിതാവിനെ രക്തരഹിത സൈനികഅട്ടിമറിയിലൂടെ പുറത്താക്കിയാണു ഖത്തറിന്റെ ഏറ്റവും കരുത്തനായ ഭരണാധികാരി ഹമദ് ബിന്‍ ഖലീഫയുടെ തുടക്കം. 1995ല്‍ അദ്ദേഹം ഖത്തര്‍ പ്രതിരോധമന്ത്രിയായിരിക്കുമ്പോഴായിരുന്നു ഇത്. സഊദി അറേബ്യയുടെ സഹായത്തോടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പിതാവിന് വിജയിക്കാനായില്ല. അപ്പോഴേക്കും ഖത്തരി ജനതയുടെയും സൈന്യത്തിന്റെയും വിശ്വാസം ശൈഖ് ഹമദ് നേടിയിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തികരംഗത്ത് പരിഷ്‌കരണങ്ങളിലൂടെ വിപ്ലവം തീര്‍ത്ത ഹമദ് ബിന്‍ ഖലീഫ പിന്നീട് ആധുനിക ഖത്തറിന്റെ പിതാവായി അറിയപ്പെട്ടു.
ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം ഖത്തറിനു നേരേ ഉയര്‍ത്തിയാണുസഊദി അറേബ്യയും യു.എ.ഇ, ബഹ്‌റൈന്‍, യമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ആ രാജ്യവുമായി ബന്ധം വിച്ഛേദിച്ചത്. ആരോപണങ്ങളിലെ വസ്തുതകളെക്കാളും സഊദി അറേബ്യയും ഖത്തറും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധമാണ് ഉപരോധത്തിനു കൂടുതല്‍ വഴിവച്ചതെന്നതില്‍ തര്‍ക്കമില്ല. സഊദിയുടെ അധീശത്വത്തില്‍നിന്നു മോചനം നേടി രഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, വികസനരംഗത്ത് സ്വയംപര്യപ്തതയും സ്വന്തം മുദ്രപതിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ ഗള്‍ഫ്‌മേഖലയില്‍ അധികാരമത്സരത്തിനും ശത്രുതയ്ക്കും കാരണമായിട്ടുണ്ടണ്ട്.
ചരിത്രപരമായി ഗള്‍ഫ്‌രാജ്യങ്ങളിലെ ഭരണാധികാരികളെല്ലാം ഒരേ കുടുംബപരമ്പരയില്‍ വരുന്നവരാണ്. സഊദിയിലെ സഊദ് കുടുംബത്തിന്റെ അകന്ന ബന്ധുക്കളാണു ബഹ്‌റൈനിലെ അല്‍ ഖലീഫ, കുവൈത്തിലെ അല്‍ സബാ, ഖത്തറിലെ അല്‍ താനി രാജകുടുംബങ്ങളെല്ലാം. പത്തൊമ്പതാം നൂറ്റാണ്ടണ്ടില്‍ ശക്തരായിരുന്ന വഹാബികളില്‍നിന്നു രക്ഷതേടിയാണ് അല്‍ ഖലീഫ കുടുംബം ഇപ്പോഴാത്തെ ഖത്തറും ബഹറൈനും ഉള്‍പ്പെടുന്ന പ്രദേശം പിടിച്ചെടുത്തത്.
പിന്നീട്, 1878ല്‍ ഖത്തര്‍ പ്രദേശം അല്‍ താനികള്‍ പിടിച്ചെടുത്തു. 1916ല്‍ ഒട്ടോമന്‍ സൈന്യം പിന്‍വാങ്ങിയതോടെ ബ്രിട്ടിഷുകാരുമായി 'എണ്ണയ്ക്കു പകരം സംരക്ഷണം' എന്ന നയപ്രകാരം സന്ധിയിലേര്‍പ്പെട്ടു. 1971ലെ ബ്രിട്ടിഷ് പിന്മാറ്റത്തോടെയാണു സ്വതന്ത്ര ഭരണാധികാരം. ഗള്‍ഫ്‌മേഖലയിലെ വന്‍ശക്തിയായ സഊദി അറേബ്യയുടെ ഉപഭരണാധികാരികളായാണു പ്രവര്‍ത്തിച്ചത്. ഹമദ് ബിന്‍ ഖലീഫയുടെ കാലത്താണ് ഇതു മാറുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികരംഗങ്ങളില്‍ ഖത്തറിനെ സ്വയം പര്യാപ്തമാക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ ഹമദ് ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ തുടങ്ങി. ഭരണഘടനാ നിര്‍മാണം, സ്വതന്ത്ര തെരഞ്ഞെടുപ്പ്, സ്ത്രീശാക്തീകരണം തുടങ്ങി ഗള്‍ഫ് രാജ്യങ്ങള്‍ കൈവയ്ക്കാത്ത മേഖലകളില്‍ പരിഷ്‌കാരം നടപ്പാക്കി കൈയടി നേടി. പാശ്ചാത്യ നാടുകളിലും ഖത്തറിന്റെ ലിബറലിസം ചര്‍ച്ചാവിഷയമായി.
വിദ്യാഭ്യാസരംഗത്ത് അതുവരെ ഇതരനാടുകളെ ആശ്രയിച്ച ഖത്തര്‍ ലോകോത്തരനിലവാരമുള്ള അമേരിക്കന്‍ സര്‍വകലാശാലകളെ വിളിച്ചുവരുത്തി ദോഹയിലെ എജ്യുക്കേഷന്‍ സിറ്റിയില്‍ ഓഫ് കാംപസുകള്‍ തുടങ്ങി. രാഷ്ട്രീയരംഗത്തെ ഖത്തറിന്റെ നിലപാടുകള്‍ക്ക് ശക്തിപകരാനായി സ്ഥാപിതമായ അല്‍ ജസീറ ചാനല്‍, ഗള്‍ഫ് മേഖലയിലെ പരമ്പരാഗത ആശയവിനിമയ മാര്‍ഗങ്ങളെ പിന്തള്ളി ഒന്നാമതെത്തി. അമേരിക്കയുടെ ഇറാഖ് യുദ്ധത്തിന്റെ യഥാര്‍ഥചിത്രം ലോകത്തിനു മുന്നില്‍ കാണിച്ച് ആഗോളശ്രദ്ധ നേടി. സാമ്രാജ്യത്വത്തിനു വന്‍ഭീഷണിയായി നിലകൊള്ളുകയും ചെയ്തു.
ലോകത്ത് ഏറ്റവും ആളോഹരി വരുമാനമുള്ള രാജ്യം, ദാരിദ്ര്യവിമുക്ത രാജ്യം, ബിസിനസ് സൗഹൃദരാജ്യം അങ്ങനെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഖത്തറിനെത്തേടി അംഗീകാരങ്ങളുടെ നീണ്ടനിരയെത്തി. ഗള്‍ഫ് കൂട്ടായ്മക്കു പുറത്തു വിദേശവ്യാപാര കരാറുകള്‍ മുന്‍കൈയെടുത്ത് ആഭ്യന്തര മാര്‍ക്കറ്റില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തി. ഖത്തറിന്റെ എക്കാലത്തെയും വലിയ വ്യാപാരപങ്കാളികളായി യൂറോപ്യന്‍ യൂനിയനും ജപ്പാനും മാറി. എണ്ണയേക്കാളും പ്രകൃതിവാതകം കൊണ്ടു സമ്പുഷ്ടമായ ഖത്തര്‍ ദീര്‍ഘകാല വ്യാപാരക്കരാറുകള്‍ നേടി സാമ്പത്തികസുസ്ഥിരത കൈവരിച്ചു.
നയതന്ത്രരംഗത്ത് ഖത്തര്‍ പുറത്തെടുത്ത അസാമാന്യവൈഭവം അന്താരാഷ്ട്രതലത്തില്‍ വിശ്വസ്തനായ 'ആഗോള മധ്യസ്ഥന്‍' എന്ന പദവി നേടിക്കൊടുത്തു. ഇത് സഊദിക്കു തിരിച്ചടിയായി. ഹമദ് ബിന്‍ ഖലീഫയെ അട്ടിമറിച്ചു മൂത്ത മകനെ അധികാരത്തിലെത്തിക്കാനുള്ള സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നടന്ന രഹസ്യഅട്ടിമറി പിടിക്കപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ശത്രുത വര്‍ധിച്ചു.
ഫലസ്തീന്‍ വിഷയത്തിലെ ഖത്തറിന്റെ ഇടപെടലുകള്‍ ആഗോള മുസ്‌ലിംസമൂഹത്തിന്റെ പിന്തുണ നേടാന്‍ സഹായിച്ചു. ഫതഹ്-ഹമാസ് ഗ്രൂപ്പുകളെ ഒന്നിച്ചു ചര്‍ച്ചയ്ക്കിരുത്താനും ഇസ്രാഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞു. ഇസ്രാഈലിന്റെ വാണിജ്യസമുച്ചയം ആദ്യമായി സ്ഥാപിതമായ അറബ് രാജ്യമാണു ഖത്തര്‍. ലിബിയന്‍ പ്രശ്‌നത്തില്‍ അറബ് രാജ്യങ്ങള്‍ക്കൊപ്പം വിമതരെ സഹായിക്കാനായി മുന്നില്‍ നിന്നു.
സിറിയന്‍ പ്രശ്‌നത്തില്‍ ബശാറുല്‍ അസദിനെതിരേ വിമതപക്ഷത്തെ സൈനികമായും സാമ്പത്തികമായും സഹായിക്കാന്‍ സഊദിയുടെ കൂടെ ഖത്തറുമുണ്ടായിരുന്നു. അഫ്ഗാനിസ്താനിലെ താലിബാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയും അമേരിക്കയുടെ നിര്‍ദേശപ്രകാരം ദോഹയില്‍ യു.എസ്, താലിബാന്‍ ഉഭയകക്ഷി ചര്‍ച്ച സംഘടിപ്പിക്കുകയുംചെയ്തു. ആഗോളരാഷ്ട്രീയരംഗത്ത് അറബ്‌മേഖലയില്‍നിന്ന് സഊദിയെ പിന്തള്ളി ഖത്തര്‍ നടത്തിയ ഈ മുന്നേറ്റം അത്ഭുതകരമായിരുന്നു. ഉച്ചകോടികള്‍ക്കും ലോകോത്തര സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കും ഖത്തര്‍ വേദിയായി. 2013ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഹമദ് ബിന്‍ ഖലീഫ പ്രസിഡന്റ് സ്ഥാനമൊഴിയുകയും രണ്ടണ്ടാമത്തെ മകനായ ശൈഖ് തമീം ബിന്‍ ഹമദിനെ പുതിയ ഭരണാധികാരിയായി വാഴ്ത്തുകയും ചെയ്തത് മാതൃകാപരമായ നടപടിയായി വാഴ്ത്തപ്പെട്ടു. മരണംവരെ ഭരണം നടത്തുന്ന അറബ് കീഴ്‌വഴക്കം തകര്‍ത്ത നടപടിയായിരുന്നു അത്.
സ്വതന്ത്രമായ വിദേശനയത്തിന്റെ പേരില്‍ ഖത്തര്‍ നേരത്തേയും ഗള്‍ഫ്‌രാജ്യങ്ങളുടെ അതൃപ്തിക്കു പാത്രമായിട്ടുണ്ട്. ഈജിപ്തിലെ ബ്രദര്‍ഹുഡ് നേതൃത്വത്തിലുള്ള മുഹമ്മദ് മുര്‍സിയുടെ വിജയത്തെ പിന്തുണച്ചത് അതിലൊന്നായിരുന്നു. ഈജിപ്തിലെ ജനാധിപത്യത്തെ ഗള്‍ഫിലെ രാജഭരണകൂടങ്ങള്‍ ഭയത്തോടെയാണു കണ്ടത്. എന്നാല്‍, ഖത്തര്‍ അതിനെ സ്വാഗതം ചെയ്തു. ഈജിപ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി പുറത്താക്കിയ ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ അല്‍ ഖറദാവി, ഈജിപ്തില്‍ ജനാധിപത്യത്തിനു വേണ്ടണ്ടി വാദിച്ച സാമൂഹ്യശാസ്ത്രജ്ഞന്‍ സഅദുദ്ദീന്‍ ഇബ്‌റാഹീം എന്നിവര്‍ക്ക് ഖത്തര്‍ അഭയംനല്‍കിയതും സഊദി അറേബ്യ നേതൃത്വം നല്‍കുന്ന അറബ് ചേരിക്കു സ്വീകാര്യമായിരുന്നില്ല.
യെമന്‍ ആഭ്യന്തരയുദ്ധത്തിലും ഖത്തറിന്റെ നിലപാട് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാടിനു വിരുദ്ധമായിരുന്നു. 2007ല്‍ യെമനിലെ വിമതരായ ശിയാ വിഭാഗവും സുന്നി നേതൃത്വിലുള്ള ഭരണകൂടവും തമ്മിലുള്ള ചര്‍ച്ചയ്ക്കു വഴിയൊരുക്കി. വിമതരെ രാജ്യത്തെ അഭയാര്‍ഥികളായി അംഗീകരിക്കണമെന്ന വ്യവസ്ഥയോടെ പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ ശ്രമിച്ചെങ്കിലും സഊദിഅറേബ്യന്‍ പ്രതിനിധിയായ നിയുക്ത പ്രധാനമന്ത്രി മന്‍സൂര്‍ ഹാദി വിമുഖത കാണിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ഭീകരസംഘടനകളുമായുള്ള ബന്ധമെന്ന ആരോപണത്തേക്കാളേറെ ഖത്തറിന്റെ ഇറാന്‍ സൗഹൃദമാണു ഗള്‍ഫ്‌രാജ്യങ്ങളുമായുള്ള ബന്ധത്തിലെ വിള്ളലിനു കാരണം. അതിര്‍ത്തിത്തര്‍ക്കം പറഞ്ഞുതീര്‍ത്ത് ഇറാനുമായി വിശാലാടിസ്ഥാനത്തില്‍ സഹകരണത്തിനു സഹായിക്കണമെന്നതാണു ഖത്തറിന്റെ വിദേശനയം. അതേസമയം, ഇറാനെ പൂര്‍ണമായും വിരുദ്ധചേരിയില്‍ നിര്‍ത്തണമെന്നതാണ് സഊദിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമികരാഷ്ട്രങ്ങളുടെ നിലപാട്. അമേരിക്കയുടെ ഇറാഖ് യുദ്ധം പൂര്‍ണപരാജയമായിത്തീരുകയും ശിയാ ഭരണകൂടം ഇറാഖില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തത് ഭീഷണിയായാണ് മറ്റു രാജ്യങ്ങള്‍ കാണുന്നത്. ഇത് ഇറാന്‍ സഹായത്തോടെയാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്.
അമേരിക്കയിലെ ഭരണകൂട മാറ്റവും അതിന്റെ പ്രതിഫലനങ്ങളുമാണ് ഇതുമായി ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വശം. ട്രംപിന്റെ സഊദി സന്ദര്‍ശനത്തോടെ ശക്തിപ്പെട്ട ഇറാന്‍ വിരുദ്ധചേരിയുടെ നീക്കങ്ങളായാണ് ഖത്തറിനെ ഒറ്റപ്പെടുത്തിയ സംഭവത്തെ പലരും കാണുന്നത്. ഒബാമ ഇറാനുമായി ആണവക്കരാര്‍ ഒപ്പിടുകയും സഊദിയുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ഖത്തറിനെ മേഖലയില്‍ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഖത്തറിലെ വികസനപ്രവര്‍ത്തനങ്ങളെ ജൂത,ക്രൈസ്തവബന്ധമെന്ന് സഊദി അറേബ്യന്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു.
ചുരുക്കത്തില്‍, നിലവിലെ ഭീഷണിയും ഉപരോധവുമൊക്കെ നൈമിഷികമാകാനേ സാധ്യതയുള്ളൂ. യു.എ.ഇ ഒഴിച്ചുള്ള ജി.സി.സി രാജ്യങ്ങളുമായി വലിയ തോതിലുള്ള വ്യാപാരബന്ധം ഇല്ലെന്നതിനാല്‍ ഈ ഉപരോധം ഖത്തറിനു സാമ്പത്തികമായി വലിയ തിരിച്ചടിയൊന്നും ഏല്‍പ്പിക്കാനിടയില്ല. ഖത്തറിന്റെ ഇറാന്‍ ബന്ധം അവസാനിപ്പിക്കാനും ഗള്‍ഫ് സഹകരണസംഘത്തിലേക്കു പൂര്‍വാധികം ശക്തിയോടെ തിരിച്ചുകൊണ്ടണ്ടുവരാനുമുള്ള സമ്മര്‍ദതന്ത്രം മാത്രമായേക്കാം ഇത്.
(ഡല്‍ഹിയിലെ ജെഎന്‍യുവില്‍ പശ്ചിമേഷ്യന്‍ പഠനവിഭാഗത്തില്‍ ഗവേഷകനാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."