സപ്ലൈകോ: പ്രാദേശിക പര്‍ച്ചേഴ്‌സിനുള്ള വിലക്ക് പിന്‍വലിച്ചു
ജലീല്‍ അരൂക്കുറ്റി
കൊച്ചി: സപ്ലൈകോ വിപണനകേന്ദ്രങ്ങളിലേക്കുള്ള ഉല്‍പന്നങ്ങള്‍ പ്രാദേശികമായി വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനം. ഇതോടെ കുടുംബശ്രീ സംഘങ്ങളും വനിതാ സ്വാശ്രയസംഘങ്ങളും ഉല്‍പാദിപ്പിക്കുന്ന സാധനങ്ങള്‍ സപ്ലൈകോ വിപണനശാലകളിലൂടെ വില്‍ക്കാന്‍ സാഹചര്യം ഒരുങ്ങും.
ലോക്കല്‍ പര്‍ച്ചേഴ്‌സ് വേണ്ടെന്ന തീരുമാനം പ്രാദേശികസംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ ലഭ്യത സപ്ലൈകോ ശൃംഖലയില്‍ ഇല്ലാതാക്കിയിരുന്നു. ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റി (ഡി.എം.സി) വഴിയുള്ള പ്രാദേശികമായി ഉല്‍പന്നങ്ങള്‍ സമാഹരിക്കുന്ന നടപടി ഇടക്കാലത്ത് സപ്ലൈകോ നിര്‍ത്തുകയായിരുന്നു. ആര്‍.എം.സി മുഖേന ടെന്‍ഡര്‍ വിളിച്ച് സാധനങ്ങള്‍ എത്തിക്കുന്ന നടപടിയാണ് ഇപ്പോള്‍ തുടരുന്നത്.
ഓണത്തോടനുബന്ധിച്ച് പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നതിനാലും ഗ്രാമീണമേഖലകളില്‍ കുടുംബശ്രീ സംഘങ്ങള്‍ പ്രത്യേകം സ്റ്റാള്‍ ഒരുക്കുന്നത് സപ്ലൈകോ വിപണനകേന്ദ്രങ്ങള്‍ക്ക് ഗുണകരമാകില്ലെന്നതുമാണ് പുതിയ തീരുമാനത്തിന് കാരണം.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ റിജ്യണലുകളാണ് സപ്ലൈകോയ്ക്ക് ഉള്ളത്. സപ്ലൈകോ തീരുമാനത്തോടെ പപ്പടം, ഉപ്പേരി, കുടുംബശ്രീകളുടെ കറിപ്പൊടികള്‍, മുട്ട, പാല്‍, പച്ചക്കറി തുടങ്ങിയ ഉല്‍പന്നങ്ങള്‍ പ്രാദേശികമായി തന്നെ സപ്ലൈകോ വിപണനകേന്ദ്രങ്ങള്‍ വഴി വിറ്റഴിക്കാന്‍ സാധിക്കും. റീജ്യണല്‍ മാനേജരുടെ നേതൃത്വത്തിലുള്ള സമിതി വഴി മാത്രമായി പര്‍ച്ചേഴ്‌സ് മാറ്റിയത് ചെറുകിട ഉല്‍പാദകര്‍ക്കും സംഘങ്ങള്‍ക്കുമെല്ലാം തിരിച്ചടിയായിരുന്നു.
കോര്‍പറേറ്റ് കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും വന്‍കിട മൊത്തവിതരണക്കാരെ സഹായിക്കുന്നതിനുമായിട്ടാണ് ഈ തീരുമാനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ഡിപ്പോ വഴിയുള്ള പര്‍ച്ചേഴ്‌സില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനാണ് ആര്‍.എം.സി വഴിയുള്ള കേന്ദ്രീകൃത സമാഹരണം മാത്രമാക്കി മാറ്റിയതെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. കൂടാതെ ഒരു ഉല്‍പന്നത്തിന് പല വിലവരുന്ന സാഹചര്യം ഒഴിവാക്കാനുമാണ് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തിയത്.
വിഷു, ഈസ്റ്റര്‍ സമയത്ത് ആര്‍.എം.സി വഴി ടെന്‍ഡര്‍ നല്‍കി സാധനങ്ങള്‍ എത്തിച്ചപ്പോള്‍ ഗുണനിലവാരം നഷ്ടമായെന്നും സാധനങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിട്ടുവെന്നുമാണ് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. റീജ്യണലുകള്‍ക്ക് കീഴില്‍ ഒന്നിലധികം ജില്ലകളുള്ളതിനാല്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ ആവശ്യസമയത്ത് ലഭ്യമാകാതെ വരുകയായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."