തലതിരിഞ്ഞ വികസനത്തിന്റെ ഇരകളെന്ന് മാവോയിസ്റ്റ് ലഘുലേഖ
കല്‍പ്പറ്റ: കവളപ്പാറ, പുത്തുമല ദുരന്തങ്ങളില്‍ അകപ്പെട്ടവര്‍ തലതിരിഞ്ഞ വികസനത്തിന്റെയും മുതലാളിത്ത മൂലധന താല്‍പ്പര്യങ്ങളുടെയും ഇരകളാണെന്ന് മാവോയിസ്റ്റുകള്‍.
നാടുകാണി ഏരിയ സമിതിയുടേതായി കഴിഞ്ഞദിവസം പ്രസ്‌ക്ലബില്‍ ലഭിച്ച കത്തിലാണ് പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് സി.പി.ഐ (മാവോയിസ്റ്റ്) പ്രതികരണം. പണം നല്‍കിയും പരിഹാര പാക്കേജുകള്‍ പ്രഖ്യാപിച്ചും നികത്താവുന്ന നഷ്ടമല്ല പ്രകൃതിദുരന്തത്തില്‍ സംഭവിച്ചത്. കാലങ്ങളായുള്ള ജാഗ്രതക്കുറവാണ് ദുരന്തങ്ങള്‍ക്ക് കാരണം.
പരിസ്ഥിതി സൗഹൃദമല്ലാത്ത വികസന പദ്ധതിയുടെ തിക്തഫലം എപ്പോഴും അനുഭവിക്കുന്നത് കര്‍ഷകരും തൊഴിലാളികളും ആദിവാസികളുമാണ്. ബ്രിട്ടീഷുകാരുടെ കാലം തൊട്ടു നടന്നുവരുന്ന വനംനശീകരണവും ഏകവിളത്തോട്ടവത്കരണവും അശാസ്ത്രീയ ഖനനവും നിര്‍മാണങ്ങളും പരിസ്ഥിതിയില്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.
ഉരുള്‍പൊട്ടല്‍ ഉണ്ടായ മേപ്പാടി പച്ചക്കാട് പ്രദേശത്ത് നേരത്തേ ക്വാറി പ്രവര്‍ത്തിച്ചിരുന്നു. പുത്തുമലയിലും സമീപപ്രദേശങ്ങളിലും കാടിനോട് ചേര്‍ന്നുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിരവധി റിസോര്‍ട്ടുകളുണ്ട്.
ജില്ലയ്ക്കു പുറത്തുള്ള പണച്ചാക്കുകള്‍ പുത്തുമല, കള്ളാടി പ്രദേശങ്ങളില്‍ വാങ്ങിക്കൂട്ടിയ ചെറുകിട കാപ്പി, ഏലം തോട്ടങ്ങളിലാണ് റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനു പുറത്തും ബിസിനസുള്ള പ്രമുഖ കമ്പനിക്ക് മാത്രം 13 റിസോര്‍ട്ടുകളുണ്ട്.
ജില്ലയിലെ റിസോര്‍ട്ട് ഉടമകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ബിനാമികളും ഉള്‍പ്പെടും. കര്‍ണാടകയിലെ ബി.ജെ.പി നേതാവും വയനാട്ടില്‍ റിസോര്‍ട്ട് വ്യവസായം നടത്തുന്നുണ്ട്.
പശ്ചിമഘട്ടത്തിലെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കുന്നതിന് ശതകോടികളുടെ നിക്ഷേപമാണ് ടൂറിസം മേഖലയില്‍ നടന്നുവരുന്നത്.
കെടുതികള്‍ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാന്‍ ജനം ധൈര്യപ്പെടണമെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."