ക്രിസ്ത്യന്‍ അപരത്തിന് വൈകാരികത വേണ്ടത്ര പോര, അവിടെയാണ് രഹ്ന ഫാത്തിമ എന്ന പേര് സംഘ്പരിവാറിന് വിലപിടിപ്പുള്ളതാവുന്നത്
#എം.സി അബ്ദുള്‍ നാസര്‍
വംശീയമോ വര്‍ഗീയമോ ആയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഒരു അപരത്തെ ചൂണ്ടിക്കാണിക്കാതെ നിലനില്‍ക്കാനാവില്ല. അപരത്തിനു നേര്‍ക്ക് ഹിംസാത്മകമായ വിദ്വേഷം നിര്‍മ്മിച്ച് അതിനെ വൈകാരികമായി വളര്‍ത്തിയെടുക്കുന്നതിലാണ് അതിന്റെ വിജയം.
ശബരിമല കലാപത്തില്‍ ഇത്തരമൊരു അപരത്തെ ചൂണ്ടിക്കാണിക്കാനില്ലാത്തതായിരുന്നു സംഘ്പരിവാര്‍ നേരിട്ട വലിയ പ്രതിസന്ധി.സര്‍ക്കാരിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയുമൊക്കെ അപരമായി കല്പിച്ചാലും അതില്‍ വൈകാരികതയ്ക്ക് വലിയ സ്‌കോപ്പില്ലാത്തതു കൊണ്ട് അധികകാലം ആ ടെംപോ നിലനിര്‍ത്താനാവില്ല. അതു കൊണ്ട് ഒരു വൈകാരിക അപരത്തെ നിര്‍മ്മിച്ചെടുക്കാന്‍ പരിവാര്‍ കളികളേറെ പയറ്റുന്നുണ്ട്.
കഴിഞ്ഞ ദിവസം ബി.ജെ.പി. എറിഞ്ഞു നോക്കിയ ചൂണ്ടക്കൊളുത്ത് അങ്ങനെയൊന്നായിരുന്നു. ക്രിസ്ത്യന്‍ പോലീസുകാരനാണ് തങ്ങളെ അടിച്ചത് എന്ന് കൃത്യമായി മതം ചൂണ്ടിക്കാണിച്ചു പറഞ്ഞത് അവരുടെ സംസ്ഥാന പ്രസിഡന്റാണ്. ക്രിസ്ത്യാനിയായതുകൊണ്ടാണ് അയാള്‍ തങ്ങള്‍ 'ഹിന്ദു' ക്കളെ തല്ലിയത് എന്നു മാത്രമല്ല, ഹിന്ദുവായിരുന്നെങ്കില്‍ 'ഹിന്ദു'ക്കളെ തല്ലില്ലായിരുന്നു എന്നു കൂടിയാണ് ആ സൂചന. തങ്ങള്‍ / അവര്‍ എന്ന് ഭംഗിയായി അപരത്തെ തരം തിരിച്ചു വെച്ചു പിള്ള.
പക്ഷേ ക്രിസ്ത്യന്‍ അപരത്തിന് വൈകാരികത വേണ്ടത്ര പോര. അവിടെയാണ് രഹ്ന ഫാത്തിമ എന്ന പേര് സംഘ്പരിവാറിന് വിലപിടിപ്പുള്ളതാവുന്നത്. അവര്‍ ഇരുമുടിക്കെട്ടില്‍ ശബരിമല അശുദ്ധമാക്കുന്നതിനായി നാപ്കിന്‍ കൊണ്ടുപോവുകയാണെന്ന് ഒരു പകല്‍ മുഴുവന്‍ ജനം ടി.വി പ്രചരിപ്പിച്ചു. രഹ്ന ഫാത്തിമ എന്ന അപരനാമം ഒരു ചൂട്ടു കറ്റയായി കത്തിച്ചു കൊണ്ടുവരികയായിരുന്നു ആ ചാനല്‍.കേരളീയ മതേതരത്വം എന്ന ഉണങ്ങി നുരുമ്പിച്ച വൈക്കോല്‍ക്കൂനയിലേക്ക് അവരെറിഞ്ഞ ആ ചൂട്ടാണ് കടകംപള്ളി സുരേന്ദ്രന്‍ അറിഞ്ഞോ അറിയാതെയോ നിലത്ത് കുത്തിക്കെടുത്തിയത്.
രഹ്ന എന്ന സൂര്യഗായത്രിക്ക് അവിടെ കയറാന്‍ കഴിയാതെ പോയത് കേരളീയ സമൂഹത്തിന്റെ ആന്തരിക ദൗര്‍ബല്യമാണെന്നതൊക്കെ സമ്മതിക്കാം. രാഷ്ട്രീയമായി അത് ശരിയല്ല താനും.പക്ഷേ ഒന്നുണ്ട്. യുദ്ധസന്ദര്‍ഭങ്ങളില്‍ സാധാരണ നൈതികരീതികളോ സാമൂഹ്യ യുക്തികളോ മതിയാവാതെ വരും.കേരളം അത്തരമൊരു യുദ്ധമുഖത്താണ്.
ഫെയ്സ്ബുക്ക് പോസ്റ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."