സിനഡ് നടക്കുന്നിടത്തേക്കുള്ള പ്രതിഷേധം: അല്‍മായ മുന്നേറ്റം മാറ്റിവച്ചു
കൊച്ചി: സീറോ മലബാര്‍സഭ സിനഡ് നടക്കുന്ന കാക്കനാട് മൗണ്ട് കാര്‍മലിലേക്ക് അല്‍മായ മുന്നേറ്റം ഇന്ന് നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു. പകരം ഇന്ന് ഉച്ചക്ക് 2.3ന് സിനഡ് ആസ്ഥാനത്തേക്ക് പ്രാര്‍ഥനായാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിനഡില്‍ തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കാണിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍നിന്ന് കത്ത് ലഭിച്ചിരുന്നു. സഭയ്ക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കണമെന്നും കത്തിലുണ്ട്. ബിഷപ്പ്മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജേക്കബ് മനത്തേടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് കത്ത് നല്‍കിയത്.
കത്തില്‍ ഒപ്പിട്ടിരിക്കുന്ന ആലഞ്ചേരി ഒഴിച്ച് മറ്റ് നാല് ബിഷപ്പുമാരോടുമുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പേരിലാണ് പ്രതിഷേധപ്രകടനവും കുടില്‍ കെട്ടി സമരവും നടത്താനുള്ള നീക്കം ഉപേക്ഷിക്കാനും പകരം പ്രാര്‍ഥനാറാലി നടത്താനും തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഇന്നലെ അല്‍മായ മുന്നേറ്റം ഫേറോനകമ്മിറ്റിയും കോര്‍ കമ്മിറ്റിയും ചേര്‍ന്നു. ഇതിലാണ് തീരുമാനങ്ങളുണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എറണാകുളം അതിരൂപതക്ക് നീതി ലഭിക്കും വരെ സമരം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ ബിഷപ്പായി മാര്‍ ജേക്കബ് മനത്തേടത്തിനെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വത്തിക്കാന്റെ വ്യക്തമായ നിര്‍ദേശങ്ങള്‍ രണ്ടു തവണയായി സിനഡിന് നല്‍കി കഴിഞ്ഞു. എന്നാല്‍ അതനുസരിച്ച് ചര്‍ച്ച മുന്നോട്ട് പോകുന്നില്ലെന്ന് മനസിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി സിനഡ് ചര്‍ച്ച ചെയ്തിട്ടും എറണാകുളം അതിരൂപതയുടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കാനോ ആവശ്യങ്ങള്‍ പരിഗണിക്കാനോ കഴിഞ്ഞിട്ടില്ലായെന്ന് മനസിലാക്കുന്നു.
അതിനാല്‍ തന്നെ ഈ സിനഡില്‍ വിശ്വാസം പോലും നഷ്ടപ്പെട്ടിരിക്കുന്നു, അത് കൊണ്ട് ഇനിയുള്ള സിനഡ് ദിവസങ്ങളില്‍ ഒരു വത്തിക്കാന്‍ പ്രതിനിധിയുടെ നിരീക്ഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.
അവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് വിമുഖത കാണിച്ചാല്‍ നാളെമുതല്‍ ശക്തമായ സമരവുമായി മുന്‍പോട്ട് പോകാനും യോഗം തീരുമാനിച്ചതായി ഭാരവഹികള്‍ പറഞ്ഞു.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി ജെറാര്‍ദ്, കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍ മൂലന്‍, ഷൈജു ആന്റണി, മാത്യു കാറോണ്ടുകടവില്‍, റിജു കാഞ്ഞൂക്കാരന്‍, ബോബി ജോണ്‍ മലയില്‍, ജോജോ ഇലഞ്ഞിക്കല്‍, ജോമോന്‍ തോട്ടാപ്പിള്ളി, സൂരജ് പൗലോസ്, വിജിലന്‍ ജോണ്‍, ഷിജോ മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."