ദേശീയപാതാ വികസനം: തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
പൊന്നാനി: ദേശീയപാത 66 വികസനത്തിന് ഏറ്റെടുത്ത ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കിയ മൂന്ന് ഡി ഉത്തരവ് പ്രകാരമുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. മലപ്പുറം ജില്ലയിലൂടെ പാത കടന്നു പോകുന്ന ഭാഗത്ത് മൂന്ന് ഡി ഉത്തരവ് പുറപ്പെടുവിച്ച നടപടി ചോദ്യംചെയ്ത് പൊന്നാനി വെളിയങ്കോട് സ്വദേശികളായ പി.വി അബൂബക്കര്‍ അടക്കം പത്തുപേര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്.
സെപ്റ്റംബര്‍ 18ന് സമാന ഹരജികള്‍ക്കൊപ്പം ഇതും പരിഗണിക്കാന്‍ മാറ്റി. പ്രദേശത്തെ സ്ഥലമെടുപ്പ് നിയമവിരുദ്ധവും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. പരാതിപ്പെട്ടിട്ടും ദേശീയപാത അധികൃതരില്‍നിന്ന് നടപടിയുണ്ടായില്ല.
സ്ഥലം ഏറ്റെടുക്കുമ്പോള്‍ 2013ലെ നിയമപ്രകാരം നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണമെന്ന ഉത്തരവ് ജില്ലയിലെ മുന്നൂറോളം ആളുകള്‍ ഹൈകോടതിയില്‍നിന്ന് വാങ്ങിയിട്ടുണ്ട്. എന്നാല്‍, 2013ലെ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാതെയാണ് ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കി ഉത്തരവിറക്കിയത്.
കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസവും ആനുകൂല്യങ്ങളും പ്രസിദ്ധപ്പെടുത്തണമെന്നും പുനരധിവസിപ്പിക്കപ്പെടുന്ന മേഖല വെളിപ്പെടുത്തണമെന്നുമുള്ള വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ അനുവദിച്ചിട്ടില്ല. പുനരധിവാസത്തിനുള്ള സ്ഥലം രേഖപ്പെടുത്തിയിട്ടുപോലുമില്ല.
2013ലെ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഭൂമി നിക്ഷിപ്തമാക്കാവൂ എന്നും അല്ലാത്തവ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് വീടും സ്ഥലവും നഷ്ടപ്പെടുന്ന ഇരകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."