ഡോ. പി.എസ്. പണിക്കര്‍ ഇനിയില്ല
പരിസ്ഥിതിക്കുവേണ്ടി ജീവിച്ച ഡോ.പി.എസ്.പണിക്കര്‍് ഇനി ഓര്‍മ്മ.വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി കടുന്നപോകുമ്പോള്‍ പണിക്കര്‍മാഷും കൂടെ യാത്രയായി.പ്രകൃതിയെ സ്‌നേഹിച്ച് പ്രകൃതിക്കുവേണ്ടി ശബ്ദിച്ച പണിക്കര്‍മാഷ് യാത്രയാവുമ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ഇനിയും ബാക്കിയാണ്.പരിപൂര്‍ണ്ണ വിശ്രമത്തിലിരിക്കുമ്പോഴാണ് അദ്ദേഹത്തെ മരണം തട്ടിയെടുക്കുന്നത്.അധ്യാപകനായി തുടങ്ങിയ പി.എസ് പണിക്കര്‍ പരിസ്ഥിതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി.ഇത്രയുംകാലം എങ്ങനെ ഇതൊക്കെ ചെയ്‌തെന്ന്്് ചോദിച്ചാല്‍ അദ്ദേഹം പറയുമായിരുന്നു പ്രകൃതിയും പരിസ്ഥിതിപ്രവര്‍ത്തനവുമാണെന്റെ ഊര്‍ജ്ജമെന്ന്.പ്രകൃതിക്കൊപ്പം മനുഷ്യാവകാശപ്രവര്‍ത്തകനായും, കാവല്‍സംഘത്തിന്റെ പ്രവര്‍ത്തകനായും പണിക്കര്‍മാഷിനെ എല്ലാവര്‍ക്കും സുപരിചിതനാണ്.ചിലര്‍ക്ക് അദ്ദേഹത്തെ ഭയവും.
എതിര്‍പ്പുകള്‍ വകവക്കാതെ ഒറ്റക്കു നടത്തിയ പോരാട്ടങ്ങള്‍ ഏതു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.തിരുവനന്തപുരം എം.ജി സര്‍വ്വകലാശാലയില്‍ നിന്നു തുടങ്ങിയ അധ്യാപക ജീവിതം അവസാനിപ്പിച്ചത് പാലക്കാട് നെന്മാറ കോളജിലാണ്.ഈ മുപ്പത് വര്‍ഷ കാലയളവില്‍തന്നെ പണിക്കര്‍മാഷ് അധ്യാപനത്തോടൊപ്പം പ്രകൃതിക്കുവേണ്ടിയും സമയം നീക്കിവച്ചു.അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പരിപൂര്‍ണ്ണ പിന്തുണയോടെ സമരങ്ങള്‍ക്ക് തുടക്കമിട്ടു.
പണിക്കര്‍മാഷ് നേതൃത്ത്വം കൊടുത്ത തേങ്കുറിശ്ശിയിലെ സ്ത്രീകളെ മുന്നിലേക്കിറക്കികൊണ്ടുള്ള അടുക്കളസമരം ശ്രദ്ധേയമാണ്.മലമ്പുഴയില്‍ നവോദയ അപ്പച്ചന്റെ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിക്കുന്നതിനെതിരായി നടത്തിയ ഐതിഹാസികസമരങ്ങളാണ് കര്‍ഷകരുടെ നേതൃത്ത്വത്തില്‍ മലമ്പുഴ ഡാം സംരക്ഷണ സമിതി രൂപീകരിക്കുന്നത്.പണിക്കര്‍മാഷ് നട്ടുപിടിപ്പിച്ച നൂറില്‍പ്പരം തൈകള്‍ ഒന്നാംപുഴയുടെ ഇരുവശങ്ങളിലുമായി തഴച്ചുവളര്‍ന്നു നില്‍ക്കുന്നുണ്ട്.ഭാരതപുഴ സംരക്ഷണത്തിനും കല്‍പ്പാത്തിപുഴയുടെയും മണ്ണാര്‍ക്കാട് തൂതപുഴയുടെ സംരക്ഷണത്തിനും ചുക്കാന്‍ പിടിച്ചതും പണിക്കര്‍മാഷാണ്.ഒരുപാട് സമരങ്ങള്‍ക്ക് പണിക്കര്‍മാഷ് ഇറങ്ങിത്തിരിച്ചിട്ടുണ്ട്.രാഷ്ട്രീയകക്ഷിഭേദമന്യേ ഭീഷണികള്‍ക്കു വകവക്കാതെ പണിക്കര്‍മാഷ് സമരം ചെയ്തത് കര്‍ഷകര്‍ക്കും പ്രകൃതിക്കും വേണ്ടിയായിരുന്നു.കലക്ട്രേറ്റിലെയും രാപ്പാടിയിലെയുംമരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരായും മലമ്പുഴ മന്തക്കാടിലെ നൂറോളം പക്ഷിമൃഗാദിക്കളുടെ ആശ്രയമായ ആല്‍മരം മുറിക്കുന്നതിനെതിരായും അദ്ദേഹം ഒറ്റക്ക് സമരം ചെയ്തു.ജനജാഗ്രതയുടെയും ഭാരതപുഴസംരക്ഷണസമിതിയുടെയും മലമ്പുഴസംരക്ഷണ സമിതിയുടെയും സെക്രട്ടറിയായി പ്രവര്‍ത്തനങ്ങളില്‍ മരണമെത്തുന്നതുവരെ സജീവമായിരുന്നു അദ്ദേഹം.പാലക്കാട് ശേഖരീപുരത്തെ പൗര്‍ണ്ണമിയില്‍ വിശ്രമജീവിതം നയിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സും ചിന്തകളും പ്രകൃതിക്കൊപ്പമായിരുന്നു.പ്രകൃതിക്കുവേണ്ടി ഉഴിഞ്ഞുവച്ച ആ ശബ്ദം ഇനി ഇല്ല.സ്വയം തണലായ് നിന്ന് മറ്റുള്ളവര്‍ക്കുവേണ്ടി തണല്‍ നട്ടുപിടിപ്പിച്ചാണ് പണിക്കര്‍മാഷ് യാത്രയാവുന്നത്.ഒരുപക്ഷെ ആ പ്രകൃതിയും പണിക്കര്‍മാഷിനുവേണ്ടി ഇന്നലെ ഒരിറ്റു കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."