ജില്ലയിലെ അനാഥാലയങ്ങള്‍ക്കും ധര്‍മ സ്ഥാപനങ്ങള്‍ക്കുമായി 3.44 കോടി നല്‍കി
പാലക്കാട്: സാമൂഹികനിതി വകുപ്പ് മുഖേന 2016-17 വര്‍ഷത്തില്‍ ജില്ലയിലെ 63 അനാഥാലയങ്ങള്‍ക്കും ധര്‍മ സ്ഥാപനങ്ങള്‍ക്കുമായി ഗ്രാന്റ് ഇനത്തില്‍ 3.44 കോടി ചെലവിട്ടതായി ജില്ലാ സാമൂഹികനിതി ഓഫിസര്‍ പി. ലൈല അറിയിച്ചു. 60 വയസിന് മുകളിലുള്ള സഹായവും സംരക്ഷണവും ലഭിക്കാത്ത വൃദ്ധര്‍ക്ക് പരിപൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തുന്ന വയോസൗഹൃദ ഗ്രാമപഞ്ചായത്ത് പദ്ധതി ജില്ലയിലെ കരിമ്പ, മുണ്ടൂര്‍, പെരുവെമ്പ്, പുതുശ്ശേരി പഞ്ചായത്തുകളില്‍ നടപ്പാക്കി വരുന്നു.
പഞ്ചായത്ത് ഫണ്ടില്‍നിന്നാണ് പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നത്. പഞ്ചായത്തുകളില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ മുഖേന സര്‍വേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വയോജനദിനം, ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി എന്നിവക്കായി 40 കോടിയോളം ചിലവിട്ടു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുളള അംഗപരിമിതരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കുമുള്ള വിവാഹധനസഹായ പദ്ധതിപ്രകാരം 39 ഗുണഭോക്താക്കള്‍ക്ക് 10000 രൂപ വീതം 3.90 ലക്ഷം നല്‍കി. 26 ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് 5000 രൂപ വീതം 1.30 ലക്ഷം ചികിത്സാധനസഹായമായി നല്‍കി. മിശ്രവിവാഹധനസഹായമായി 12 ഗുണഭോക്താക്കള്‍ക്ക് 30,000 രൂപവീതം 3.60 ലക്ഷം രൂപ ധനസഹായം നല്‍കി. അംഗപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് 2.75 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പായി അനുവദിച്ചു.
വനിത ഗൃഹനാഥരായവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായമായി 233 പേര്‍ക്ക് 12.45 ലക്ഷം നല്‍കി. വിധവ പുനര്‍വിവാഹം-'മംഗല്യ പദ്ധതി' പ്രകാരം 48 പേര്‍ക്ക് 25,000 രൂപ വീതം 12 ലക്ഷം വിതരണം ചെയ്തു. സംസ്ഥാന വനിതാകമ്മീഷന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ജാഗ്രതാ സമിതി സജീവമായി പ്രവര്‍ത്തിപോരുന്നതായും എല്ലാമാസവും 10ാം തിയതി സമിതി സിറ്റിങും നടക്കാറുണ്ടെന്ന് ജില്ലാ സാമൂഹികനീതി ഓഫിസര്‍ അറിയിച്ചു.
വയോജന നയത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ 2017-18 പദ്ധതികളില്‍ ഉള്‍പ്പെടുത്തി ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് വനോജനങ്ങള്‍ക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളും അലോപതി, ഹോമിയോ, ആയുര്‍വേദം ഉള്‍പ്പെടുത്തികൊണ്ടുളള സംയുക്ത ആരോഗ്യപദ്ധതിയും പ്രാവര്‍ത്തികമാക്കിക്കൊണ്ടുളള പകല്‍ പരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്.
പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതിയില്‍ ആശാഭവനും കൊടുമ്പ് പഞ്ചായത്തില്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമും ആരംഭിക്കുന്നതിന് 25 സെന്റും വീതം സ്ഥലം ലഭ്യമാക്കാന്‍ അതത് പഞ്ചായത്തുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."