വിദ്യാര്‍ഥികളുടെ കാര്‍ ആക്രമിച്ച് പണം തട്ടിയ സംഘത്തെ റിമാന്റ് ചെയ്തു
ചിറ്റൂര്‍: കൊടൈക്കനാലില്‍ വിനോദയാത്ര പോയി തിരിച്ചുവരുന്ന വിദ്യാര്‍ഥികളുടെ കാര്‍ ആക്രമിച്ച് പണം തട്ടിപ്പറിച്ച് രക്ഷപ്പെട്ട ആറംഗ സംഘത്തെ റിമാന്റ് ചെയ്തു. വണ്ണാമട ജെ.പി.നഗര്‍ സ്വദേശി ഷണ്‍മുഖന്റെ മകന്‍ വിഘ്‌നേഷ് (24), മണിയുടെ മകന്‍ രജീഷ് (29), കരുമാണ്ടിച്ചള്ള കൃഷ്ണസ്വാമിയുടെ മകന്‍ അയ്യാസ്വാമി (32), പ്രഭാകരന്റെ മകന്‍ പ്രജീഷ് (28), മലയാണ്ടികൗണ്ടന്നൂര്‍ സ്വദേശികളായ വേലുച്ചാമിയുടെ മകന്‍ നാഗമാണിക്കന്‍ (29), ഗോവിന്ദരാജന്റെ മകന്‍ കറുപ്പുസ്വാമി (28) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി പത്തിന് ഗോപാലപുരം ചെക്ക്‌പോസ്റ്റിനു സമീപത്തു പിടികൂടിയത്.
വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഉടമ പട്ടാമ്പി വല്ലപ്പുഴ കല്ലിങ്കല്‍ അഷറഫിന്റെ മകന്‍ ആശിഷ് (30) ആണ് ആക്രമണത്തെപ്പറ്റി കൊഴിഞ്ഞാമ്പാറ പൊലിസില്‍ പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് എസ്.ഐ സജികുമാര്‍, എസ്.പി.സി.ഒ കൃഷ്ണപ്രസാദ്, സി.പി.ഒമാരായ മണികണ്ഠന്‍, വിനോദ് എന്നിവര്‍ മഫ്തിയില്‍ അഷറഫിന്റെ കാര്‍ നമ്പര്‍ മാറ്റിയെഴുതി സഞ്ചരിച്ച പൊലിസ് പ്രതികളില്‍ പ്രധാനിയായ അയ്യാസ്വാമിയെ പിടികൂടുകയും മൊബൈലില്‍ കൂട്ടുപ്രതികളെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു.
ഇക്കഴിഞ്ഞ മെയ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. കൊടൈക്കനാലില്‍നിന്ന് അഞ്ചു വിദ്യാര്‍ഥികളുമായി തമിഴ്‌നാട് ഗോപാലപുരം ചെക്ക്‌പോസ്റ്റിലെത്തിയപ്പോള്‍ പൊലിസ് ഫ്രണ്ട് എന്ന് ഓവര്‍കോട്ടില്‍ എഴുതിയ വ്യക്തി കാറിനു സമീപത്തെത്തി രേഖകള്‍ ആവശ്യപ്പെട്ടു. രേഖകള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുന്നൂറു രൂപ ആവശ്യപ്പെടുകയും നല്‍കുകയും ചെയ്തു.
തുടര്‍ന്ന് കാര്‍ സംസ്ഥാന അതിര്‍ത്തിയിലെത്തി. ഈ സമയത്ത് പ്രതി അയ്യാസ്വാമി ബൈക്കില്‍ മറ്റൊരു യുവാവുമായെത്തി കാര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് കാറിന്റെ ഇരുവശത്തെയും ഗ്ലാസ് അടിച്ചുതകര്‍ത്തു. ഇതിനു ശേഷം കാറിലുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍നിന്ന് 1200 രൂപ പിടിച്ചു വാങ്ങി മര്‍ദിക്കുകയും പൊലിസില്‍ അറിയിക്കാന്‍ പാടില്ലെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. അന്നു വിദ്യാര്‍ഥികള്‍ പരാതി നല്‍കാതെ മടങ്ങിയെങ്കിലും തിങ്കളാഴ്ച രാത്രി ആശിഷും മറ്റു നാലുപേരും ചേര്‍ന്ന് ഇതേ കാറില്‍ പൊള്ളാച്ചിയിലേക്കു പോകുന്നതിനിടെ ഗോപാലപുരത്ത് പ്രതികളിലൊരാളായ അയ്യാസ്വാമിയെ കണ്ടു.
വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് മനസിലാക്കിയ ആശിഷും കാറിലുണ്ടായിരുന്ന മറ്റുള്ളവരും തിരിച്ച് കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലേത്തി പരാതി നല്‍കുകയായിരുന്നു. കാര്‍ ആക്രമണം നടന്ന ദിവസം ബാങ്ക് അക്കൗണ്ടില്‍ ആറായിരം രൂപ അടയ്ക്കാന്‍ പ്രതികള്‍ അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു.
നാഗമാണിക്കന്‍ എന്ന ബാബുജാന്‍, അയ്യാസ്വാമി എന്നിവര്‍ തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന പിടിച്ചുപറി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. മൊബൈല്‍ ഫോണ്‍ തട്ടിപ്പ് ഉള്‍പ്പെടെ നിരവധികേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ വിടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് എസ്.ഐ കൊഴിഞ്ഞാമ്പാറ പൊലിസിനെ മൊബൈലില്‍ വിളിച്ചിരുന്നു.
പ്രതികള്‍ക്ക് തമിഴ്‌നാട് ചെക്ക്‌പോസ്റ്റുമായി അടുത്ത ബന്ധമുണ്ടെന്നു കൊഴിഞ്ഞാമ്പാറ പൊലിസ് പറഞ്ഞു. പ്രതികളെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."