എയര്‍പോര്‍ട്ട് മാര്‍ച്ച്: പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുക- സുന്നി നേതാക്കള്‍
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും ഫാസിസ്റ്റ് അജന്‍ഡകള്‍ക്കെതിരേ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന എയര്‍പോര്‍ട്ട് മാര്‍ച്ച് വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സുന്നി നേതാക്കള്‍ അഭ്യര്‍ഥിച്ചു. മതസ്വാതന്ത്ര്യം മുതല്‍ ഭക്ഷണ സ്വാതന്ത്ര്യം വരെ നിഷേധിക്കുകയും നിരപരാധികളെ കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ച് വരികയാണ്. ഭരണഘടന അനുവദിക്കുന്ന അവകാശ സ്വാതന്ത്ര്യങ്ങള്‍ പോലും മാനിക്കാതെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും ശത്രുതയും വളര്‍ത്താന്‍ രാജ്യത്തെ സര്‍ക്കാര്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് വളര്‍ന്ന് വന്നിട്ടുള്ളത്.
വ്യവസ്ഥാപിതവും നിയമവിധേയവുമായ മാര്‍ഗത്തില്‍ ഇതിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നുവരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച എയര്‍പോര്‍ട്ട് മാര്‍ച്ച് വിജയിപ്പിക്കാന്‍ സുന്നി പ്രവര്‍ത്തകരും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന് അവര്‍ പറഞ്ഞു. മഹല്ല് തലങ്ങളില്‍ ആവശ്യമായ ഉദ്‌ബോധനങ്ങള്‍ നല്‍കി പരമാവധി പ്രവര്‍ത്തകരെ മാര്‍ച്ചില്‍ പങ്കെടുപ്പിക്കാനും സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം എന്നിവര്‍ പ്രസ്താവനകളില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."