പിണക്കംമാറി എ വിഭാഗം ഒന്നാകുന്നു: ജില്ലയില്‍ ഐ ഗ്രൂപ്പുകാര്‍ ജാഗ്രതൈ
കൊല്ലം: ബൂത്തറ്റംവരെ കൊല്ലത്ത് കോണ്‍ഗ്രസ് തരിപ്പണമായി കിടക്കുകയാണെങ്കിലും എ ഗ്രൂപ്പിലെ ഭിന്നതയ്ക്ക് പരിഹാരമാകുന്നതോടെ നേതാക്കള്‍ ആവേശത്തിലായി. ഇനി നേതാക്കള്‍ അടിവച്ച് അടിവച്ച് ഒരുമിച്ചു നീങ്ങും. എ.കെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ എന്ന് മുദ്രാവാക്യം വിളിച്ചു കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിന്റെ പടികടന്നെത്തിയ കൊടിക്കുന്നില്‍ സുരേഷിന്റെ പാര്‍ട്ടി സ്‌നേഹവും ഗ്രൂപ്പുകൂറും ആര്‍ക്കും അളക്കാനൊക്കില്ല. രാഹുല്‍ ഗാന്ധി അന്ന് പാര്‍ട്ടിയില്‍ ഇല്ലാത്തതിനാല്‍ കൊടിക്കുന്നിലിന് രഹുലിന് ജയ് വിളിക്കാന്‍ കഴിഞ്ഞില്ലെന്ന ദു:ഖം മാത്രം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ചേരുന്നതാണ് സി.പി.പി എന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി. സി.പി.പി സെക്രട്ടറിയാണ് കൊടിക്കുന്നില്‍. പാര്‍ലമെന്റില്‍ പാര്‍ട്ടി അധ്യക്ഷ എത്തിയാല്‍ അവരോടൊപ്പം കാണപ്പെടുന്ന ചില്ലറ നേതാവല്ല കൊടിക്കുന്നില്‍. ദലിത് വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന രാജ്യത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളും കൊടിക്കുന്നിലാണ്. അങ്ങനെയുള്ള നേതാവിനെ കേവലം ഒരു ജില്ലയിലെ പ്രധാന ഗ്രൂപ്പില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കഴിയില്ലെന്നാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി അധ്യക്ഷന്റെ വീട്ടില്‍ ചേര്‍ന്ന എ ഗ്രൂപ്പു പ്രമുഖരുടെ യോഗം വ്യക്തമാക്കിയത്.
ശക്തനോടെന്നും സൗഹൃദമേ പാടുള്ളുവെന്നാണ് അടുത്തകാലത്ത് എ ഗ്രൂപ്പിലെത്തിയ ഒരു പ്രമുഖന്‍ കൊല്ലത്തെ എ ഗ്രൂപ്പു നേതാക്കളോട് യോഗത്തില്‍ ഉപദേശിച്ചത്. വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായ കാലത്ത് കൊടിക്കുന്നിലിന് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിച്ചിരുന്നു. കൂടാതെ വി സത്യശീലന്റെ അനാരോഗ്യം മുന്‍നിര്‍ത്തി കൊടിക്കുന്നിലിനെ ഡി.സി.സി പ്രസിഡന്റാക്കുകയും ചെയ്തു. അനുഗ്രഹിച്ചയാളെ തൊഴിച്ചുവിടുന്നത് ശീലമല്ലാത്തതിനാല്‍ കൊടിക്കുന്നിലിന് ഇത്തിരി സുധീരന്‍ സ്‌നേഹം കൂടിയാല്‍ കുറ്റംപറയാനും കഴിയില്ല. സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മിലുള്ള സൗഹൃദം പൂത്തുലയുന്ന കാലത്ത,് സുധീരന്റെ അരുമ ശിക്ഷ്യനും കൊല്ലം നിയമസഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന സൂരജ് രവിയും കൊടിക്കുന്നിലിനൊപ്പം കൊടിപിടിച്ചതോടെ ജില്ലയിലെ ഗ്രൂപ്പിലെ ഭിന്നതയും മറനീക്കി പുറത്തുവന്നു. ഇരുപക്ഷവും മല്‍സരിച്ച് ഗ്രൂപ്പുയോഗം വിളിച്ചു തുടങ്ങിയപ്പോള്‍ എ ഗ്രൂപ്പ് നേതൃത്വം അന്തംവിടുകയും ചെയ്തു.
ഇതിനിടെ തന്റെ ആസ്ഥാനമായ കൊട്ടാരക്കരയില്‍ ചേര്‍ന്ന എ ഗ്രൂപ്പുയോഗം കൊടിക്കുന്നില്‍ വിഭാഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. വി.എം സുധീരന്‍ കെ.പി.സി.സി പദവി ഒഴിഞ്ഞതോടെ വീണ്ടും പുഷ്പകിരീടമണിഞ്ഞ ഉമ്മന്‍ചാണ്ടിക്ക് സംഘടനാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ഭിന്നത തലവേദനയായിരുന്നു. മണ്ണുംചാരിയിരിക്കുന്ന ഐ ഗ്രൂപ്പു കൊല്ലം കൊണ്ടുപോകുമെന്ന് തിരിച്ചറിഞ്ഞാണ് തിരുവനന്തപുരത്ത് യോഗം വിളിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്. ആക്ടിങ് പദവിയില്‍ സ്വതന്ത്ര ചുമതല ആഗ്രഹിക്കുന്ന എം.എം ഹസന് ദില്ലയിലെത്തിയാല്‍ കൊടിക്കുന്നിലിന്റെ സേവനവും ആവശ്യമാണ്.
രാഹുലിനോട് സ്വസിദ്ധമായ ശൈലിയില്‍ സംസാരിച്ചാല്‍ പിന്നെ ഉള്ള സ്ഥാനവും ഇല്ലാതാവുമെന്നറിയാവുന്ന ഹസന്റെ അധ്യക്ഷതയിലാണ് ഭിന്നത തീര്‍ക്കാന്‍ യോഗം ചേര്‍ന്നത്. ഇനി ഇരു വിഭാഗത്തെയും നേതാക്കള്‍ ഉള്‍പ്പെടുന്ന കോര്‍ ഗ്രൂപ്പ് രൂപീകരിച്ച് ഒരുമിച്ച് നിന്ന് ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ തായ്‌വേരറുക്കുമെന്നാണ് യോഗം കൈക്കൊണ്ട തീരുമാനം. ലക്ഷക്കണക്കിന് രൂപ ചെലവാക്കി ഡി.സി.സി ഓഫീസ് നവീകരിച്ചശേഷം പ്രസിഡന്റിന്റെ കസേരയില്‍ മനസമാധാനത്തോടെ ഇരിക്കുന്നതിന് മുമ്പാണ് തലമുറമാറ്റത്തിലൂടെ ബാറ്റണ്‍ ബിന്ദു കൃഷ്ണയുടെ കൈയിലായത്. ഇതോടെ ഇനി ജില്ലയിലെ എ ഗ്രൂപ്പിന്റെ അവസാനവാക്ക് കൊടിക്കുന്നില്‍ തന്നെയായിരിക്കുമെന്നാണ് അണികളുടെ അടക്കം പറിച്ചില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."