'നാട്ടിലേക്ക് വിളിച്ചുനോക്കൂ... ഇന്ത്യയില്‍ നല്ല മാറ്റങ്ങളുണ്ടെന്ന് അവര്‍ പറയും'; പ്രവാസികള്‍ക്ക് പ്രഖ്യാപനങ്ങളൊന്നുമില്ലാതെ മോദിയുടെ ബഹ്‌റൈന്‍ പ്രസംഗം
#ഉബൈദുല്ല റഹ്മാനി
മനാമ: 'നാട്ടിലുള്ള നിങ്ങളുടെ കുടുംബാംഗങ്ങളെ വിളിച്ചു നോക്കൂ.. ഇന്ത്യയില്‍ നല്ല മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് അവര്‍ പറയും.. നിങ്ങള്‍ അവരോട് അന്വേഷിക്കണം..
'ഇന്ത്യയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം അനുഭവപ്പെടുന്നുണ്ടോ?'
'ഇന്ത്യയുടെ രീതിയില്‍ മാറ്റം കാണുന്നുണ്ടോ'
'ഇന്ത്യയുടെ ആത്മ വിശ്വാസം വര്‍ധിച്ചുവോ.. അതോ.. ഇല്ലയോ?'
ആദ്യമായി ബഹ്‌റൈനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇവിടെ നാഷണല്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ പ്രവാസി സമൂഹത്തോടായിരുന്നു ഇപ്രകാരം ആവശ്യപ്പെട്ടത്.
ഇപ്രകാരം, ഇന്ത്യയില്‍ നല്ല മാറ്റങ്ങളുണ്ടായെന്ന അവകാശവാദവും ചാന്ദ്രയാന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്ര മുന്നേറ്റങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളും നിറഞ്ഞു നിന്ന പ്രഭാഷണം 50 മിനിറ്റോളം നീണ്ടെങ്കിലും റുപേ കാര്‍ഡിനെ കുറിച്ചുള്ള ഒരു പരാമര്‍ശമല്ലാതെ സാധാരണ പ്രവാസികള്‍ക്ക് വേണ്ടിയുള്ള പുതിയ പ്രഖ്യാപനങ്ങളോ വിമാനനിരക്ക് ഉള്‍പ്പെടെയുള്ള അവരുടെ പ്രശ്‌നങ്ങളിലുള്ള ഇടപെടലുകളോ പ്രഭാഷണത്തിലുണ്ടായില്ലെന്നത് പ്രവാസികളെ നിരാശയിലാക്കിയിട്ടുണ്ട്.
പതിറ്റാണ്ടുകള്‍ക്ക് ശേഷം ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്നും പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചെത്തിയ പ്രവാസികള്‍ക്ക് തീര്‍ത്തും നിരാശാജനകമായിരുന്നു മോദിയുടെ ബഹ്‌റൈനിലെ കന്നിപ്രഭാഷണമെന്ന് ഇവിടെ പ്രഭാഷണത്തില്‍ പങ്കെടുത്ത ഒരു വിഭാഗം പ്രവാസികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
[caption id="attachment_768449" align="aligncenter" width="630"] മനാമ ശ്രീനാത്ജി ക്ഷേത്രത്തിലെത്തിയ മോദി പ്രാര്‍ഥന നടത്തുന്നു[/caption]
പുതിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, വിമാന യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള പ്രവാസികളുടെ നിരന്തര ആവശ്യങ്ങളെ കുറിച്ചോ പൊതുവായ പ്രശ്‌നങ്ങളെ കുറിച്ചോ ഒരു പരാമര്‍ശവും നടത്താതെയായിരുന്നു 50 മിനുറ്റോളം നീണ്ട മോദിയുടെ പ്രഭാഷണം.
പ്രഭാഷണത്തിനിടെ യു.എ.ഇയിലും പിന്നീട് ബഹ്‌റൈനിലും ആരംഭിച്ച റുപേ കാര്‍ഡിന്റെ നാമം മൂന്നു പ്രാവശ്യം സദസ്സിനെ കൊണ്ടു ഏറ്റുവിളിപ്പിച്ച മോദി, നിലവിലുള്ള രൂപയുടെ മൂല്യ തകര്‍ച്ചയെ കുറിച്ചോ സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഹാര നടപടികളെ കുറിച്ചോ ഒന്നും പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധിക്കപ്പെട്ടു.
അതേ സമയം, മോദിയുടെ പതിവു സദസ്സുകളില്‍ ഉയര്‍ന്നു കേള്‍ക്കാറുള്ള ബിജെപി അനുഭാവികളുടെ 'മോദി.. മോദി..' വിളികളും ഹര്‍ഷാരവങ്ങളും ബഹ്‌റൈനിലെ സദസ്സിലും ഇടതടവില്ലാതെ ഉയര്‍ന്നിരുന്നു.
സദസ്സിനെ ആവേശക്കൊടുമുടിയിലെത്തിച്ച് നടന്ന പ്രഭാഷണ ശേഷം സദസ്സിനെ കൊണ്ട് 'ഭാരത് മാതാ കീ.. ജയ്' എന്ന് മൂന്നു പ്രവാശ്യം ഏറ്റുവിളിപ്പിച്ചാണ് മോദി തന്റെ കന്നി പ്രസംഗം അവസാനിപ്പിച്ചത്.
ആവേശം തിങ്ങി നിറഞ്ഞ സദസ്സില്‍ ബഹ്‌റൈന്‍ രാജാവിനെയും പ്രധാനമന്ത്രിയെയും പ്രശംസിച്ച മോദി, ബഹ്‌റൈന്‍ പ്രവാസികളെ കുറിച്ച് ഇരുവരില്‍ നിന്നും നല്ല അഭിപ്രായങ്ങളാണ് താന്‍ കേട്ടതെന്നും അതില്‍ തന്റെ ഹൃദയം നിറഞ്ഞുവെന്നും സദസ്സിനെ അറിയിച്ചു.
ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ടെന്നും സിന്ധുനദീതട സംസ്‌കാരം മുതലുള്ള ബന്ധത്തിെന്റ തുടര്‍ച്ചയാണ് ഇപ്പോഴുള്ള അടുപ്പമെന്നും മോദി വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ബഹ്‌റൈനിലേക്ക് ആദ്യമായി സന്ദര്‍ശനം നടത്താന്‍ അവസരമുണ്ടായ ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സന്ദര്‍ശിക്കാനായി നിങ്ങള്‍ സഹപ്രവര്‍ത്തകരെ നാട്ടിലേക്ക് ക്ഷണിക്കണമെന്നും ഇന്ത്യയുടെ സുപ്രധാന സവിശേഷതയായി നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്നത് മറ്റുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യയോടുള്ള താല്‍പര്യം കൂട്ടുന്നുണ്ടെന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്റ്റിയറിങ് മാത്രമാണ് തങ്ങളുടെ കൈകളിലെന്നും എന്നാല്‍ വേഗത വര്‍ധിപ്പിക്കാനുള്ള ആക്‌സിലറേറ്റര്‍ ജനങ്ങളുടെ നിയന്ത്രണത്തിലാണെന്നും മോദി വ്യക്തമാക്കി.
അടുത്ത അഞ്ചു വര്‍ഷത്തില്‍ ഇന്ത്യന്‍ സന്പദ് വ്യവസ്ഥയുടെ ഘടന ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും 5 ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള സന്പദ് വ്യവസ്ഥയാണ് ഇന്ത്യയുട ലക്ഷ്യമെന്നും മോദി കൂട്ടിചേര്‍ത്തു.
സെപ്തം.7ന് ഇന്ത്യയുടെ ചന്ദ്രയാന്‍ ചന്ദ്രനിലിറങ്ങുന്നത് ലോകം ഉറ്റുനോക്കുകയാണെന്നും ചെറിയ മുതല്‍ മുടക്കില്‍ വലിയ നേട്ടങ്ങളുണ്ടാക്കുന്ന ഇന്ത്യുടെ ബഹിരാകാശ പദ്ധതികളെ കുറിച്ച് ലോകം ചര്‍ച്ച ചെയ്യുകയാണെന്നും മോദി തുടര്‍ന്നു പറഞ്ഞു.
യു.എ.ഇ സന്ദര്‍ശനം കഴിഞ്ഞ് ബഹ്‌റൈനില്‍ എത്തിയ മോദിയെ സാഖിര്‍ വിമാനത്താവളത്തില്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഉന്നത തല ചര്‍ച്ചകള്‍ക്ക് ശേഷം ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നല്‍കിയ പ്രത്യേക വിരുന്നിലും മോദി പങ്കെടുത്തു. ഞായറാഴ്ച കാലത്ത് നടക്കുന്ന മനാമ ശ്രീനാത്ജി ക്ഷേത്രത്തിന്റെ 200- ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നവീകരണ പരിപാടിയിലും മോദി സംബന്ധിച്ചു. തുടർ്ന്ന് ജി-7 ഉച്ചകോടിയില്‍ സംബന്ധിക്കാനായി പാരീസിലേക്ക് പുറപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."