വേഗം കൊണ്ടു സമയത്തെ കീഴടക്കിയ 'ലൈറ്റ്‌നിങ് ബോള്‍ട്ട്'
സമയത്തെ വേഗം കൊണ്ടു കീഴടക്കുന്ന മനുഷ്യന്‍ ആരെന്ന ചോദ്യത്തിനു ഒരു ഉത്തരമേയുള്ളു. അതിവേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട്. ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ വേഗത്തില്‍ 100 മീറ്ററിന്റെ ട്രാക്കില്‍ മിന്നല്‍ പിണറായി കുതിച്ച അദ്ഭുത പ്രതിഭ. ബ്രസിലിലെ റിയോ ഡി ജനീറയില്‍ ഹാട്രിക്കില്‍ ഹാട്രിക്ക് തികക്കാനായാണ് തന്റെ മൂന്നാം ഒളിംപിക് സ്വപ്നങ്ങളുമായി ബോള്‍ട്ട് എത്തിയിരിക്കുന്നത്. ബെര്‍ലിന്‍ ഒളിംപിക്‌സ് സ്റ്റേഡിയത്തിലെ ട്രാക്കില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ 9.58 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ കടന്ന ബോള്‍ട്ടിന്റെ പ്രകടനം ഇന്നും ലോകം വിസ്മയത്തോടെയാണ് കാണുന്നത്.
സ്പ്രിന്റില്‍ ആറ് ഒളിംപിക് സ്വര്‍ണ മെഡലുകളും 11 ലോക ചാംപ്യന്‍ഷിപ്പ് കിരീടങ്ങളും നേടിയ ആദ്യ കായിക താരമാണ് ബോള്‍ട്ട്. റിയോയില്‍ തന്റെ മൂന്നാം ഒളിംപിക്‌സിന് എത്തിയിരിക്കുന്ന ബോള്‍ട്ട് 100, 200 മീറ്ററിലും 4-100 മീറ്റര്‍ റിലേയിലും ഒരിക്കല്‍ കൂടി സ്വര്‍ണം നേടി വിശ്വ കായിക മാമാങ്ക വേദിയില്‍ നിന്നു വിടപറയാനുള്ള ഒരുക്കത്തിലാണ്.
ലോകത്തെ
വിസ്മയിപ്പിച്ചവന്‍
ഒരിക്കല്‍ ബോള്‍ട്ട് പറഞ്ഞു. 'എതിരാളികള്‍ ആരെന്ന് ഞാന്‍ നോക്കാറില്ല. എന്റെ പോരാട്ടം സമയത്തോടാണ് '. ഉസൈന്‍ ബോള്‍ട്ടിനു ഇപ്പോഴും എതിരാളി തന്റെ തന്നെ ലോക റെക്കോര്‍ഡ് മാത്രമാണ്. 2008 ലെ ബെയ്ജിങ് ഒളിംപിക്‌സ് ഉസൈന്‍ ബോള്‍ട്ടിന്റേതായിരുന്നു. 100, 200, 4-100 മീറ്റര്‍ റിലേ പോരാട്ടങ്ങളില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചാണ് അതിവേഗ ട്രാക്കില്‍ നിന്നു ഉസൈന്‍ ബോള്‍ട്ട് പൊന്നണിഞ്ഞത്. 2008 ഓഗസ്റ്റ് 16നു ബെയ്ജിങില്‍ 100 മീറ്ററില്‍ 9.69 സെക്കന്‍ഡിലാണ് ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ബോള്‍ട്ട് സ്വര്‍ണം നേടിയത്.
1984 ല്‍ അമേരിക്കയുടെ സ്പ്രിന്റ് രാജാവ് കാള്‍ ലൂയിസിന് ശേഷം അതിവേഗത്തിന്റെ മൂന്ന് ഇനങ്ങളിലും ഒളിംപിക്‌സില്‍ ഒരു പോലെ സ്വര്‍ണം നേടുന്ന താരമായി ബോള്‍ട്ട് മാറി.
2009 ഓഗസ്റ്റ് 16നു ലോകം ബെര്‍ലിനില്‍ കണ്ടത് അവിശ്വസനീയ കാഴ്ചയായിരുന്നു. 100 മീറ്ററില്‍ 9.58 സെക്കന്‍ഡില്‍ ഉസൈന്‍ ബോള്‍ട്ട് സമയത്തെ വേഗം കൊണ്ടു തോല്‍പ്പിച്ച വിസ്മയ കാഴ്ച. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട് അതിവേഗത്തിന്റെ ട്രാക്കിലെ സ്വന്തം പേരിലുള്ള ലോക റെക്കോര്‍ഡ് തിരുത്തി എഴുതി.
2012 ലണ്ടന്‍ ഒളിംപിക്‌സിലും താരം ഉസൈന്‍ ബോള്‍ട്ട് തന്നെയായിരുന്നു. ചരിത്രം എഴുതിയാണ് ലണ്ടനിലെ വിശ്വകായിക മാമാങ്ക വേദിയില്‍ നിന്നു ബോള്‍ട്ട് മടങ്ങിയത്. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സ് മത്സരങ്ങളില്‍ 100, 200 മീറ്ററുകളിലും സ്വര്‍ണം നേടിയ ആദ്യ താരമായി ബോള്‍ട്ട് മാറി. 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയതോടെ ഡബിള്‍ ട്രിപ്പിള്‍ നേട്ടവും ബോള്‍ട്ട് കൈവരിച്ചു. 2012 ല്‍ ലണ്ടനില്‍ 100 മീറ്റര്‍ സ്പ്രന്റില്‍ 9.63 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. നാലു വര്‍ഷം മുന്‍പ് ബെയ്ജിങ്ങിലെ തന്റെ തന്നെ 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ലണ്ടനില്‍ തിരുത്തിയത്. 100 മീറ്ററിനു പുറമെ 200 മീറ്ററിലും ബോള്‍ട്ടിന് തന്നെ സ്വര്‍ണം. ഇതോടെ 200 മീറ്ററിലെ ഒളിംപിക് സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യത്തെ കായിക താരമെന്ന ബഹുമതിയും ബോള്‍ട്ട് നേടി. 19.32 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്.
റെക്കോര്‍ഡുകളുടെ
തമ്പുരാന്‍
അതിവേഗത്തിന്റെ ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് എന്നും മിന്നലായിരുന്നു. 2002 ല്‍ ജമൈക്കയിലെ കിങ്‌സ്റ്റണില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 200 മീറ്ററില്‍ 20.61 സെക്കന്‍ഡില്‍ പറന്നെത്തിയ സ്വര്‍ണ കുതിപ്പുമായാണ് ഉസൈന്‍ ബോള്‍ട്ട് തന്റെ വരവറിയിച്ചത്. 4-100, 4-400 മീറ്റര്‍ റിലേകളിലും അന്നു ബോള്‍ട്ട് വെള്ളി മെഡലുകളും നേടി.
2003ല്‍ കാനഡയില്‍ നടന്ന ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ 20.40 സെക്കന്‍ഡില്‍ പറന്നെത്തി ബോള്‍ട്ട് 200 മീറ്ററില്‍ സ്വര്‍ണം നേടി. ബര്‍മുഡയില്‍ 2004ല്‍ നടന്ന കാരിഫ്റ്റ മീറ്റില്‍ ഇതേ ഇനത്തില്‍ 19.93 സെക്കന്‍ഡിന്റെ ലോക ജൂനിയര്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി കുതിപ്പിന്റെ വേഗം കൂട്ടി. 2008ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന റീബോക്ക് ഗ്രാന്റ് പ്രിക്‌സില്‍ 100 മീറ്ററില്‍ ബോള്‍ട്ട് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 9.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് നാട്ടുകാരനായ അസഫാ പവലിന്റെ പേരിലുള്ള 9.74 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
2013 ജൂലൈയില്‍ റഷ്യയിലെ മോസ്‌കോയില്‍ വച്ച് നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണ മെഡലുകള്‍ ഉസൈന്‍ ബോള്‍ട്ട് നേടി. ഇതോടെ ലോക ചാംപ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ താരം എന്ന ബഹുമതിയും ബോള്‍ട്ടിന് സ്വന്തമായി. 2015 ഓഗസ്റ്റ് 29ന് ബെജിങില്‍ നടന്ന ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായാണ് ബോള്‍ട്ട് മടങ്ങിയത്. മൂന്നു ലോക ചാംപ്യന്‍ഷിപ്പ് മത്സരങ്ങളില്‍ 100 മീറ്ററിലും 200 മീറ്ററിലും 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടി ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന നേട്ടവും കൈവരിച്ചു. 2009, 2013, 2015 ലോക ചാംപ്യന്‍ഷിപ്പുകളിലായിരുന്നു ഈ നേട്ടങ്ങള്‍.
കര്‍ഷക കുടുംബത്തില്‍
നിന്നു അതിവേഗ ട്രാക്കില്‍
1896 ഓഗസ്റ്റ് 21 ന് ജമൈക്കയിലെ ഷെര്‍വുഡ് കണ്ടന്റിലെ ട്രലാവ്‌നി ഗ്രാമത്തില്‍ കര്‍ഷക കുടുംബത്തിലാണ് ഉസൈന്‍ ബോള്‍ട്ടിന്റെ ജനനം. വെല്ലസ്ലി - ജെന്നിഫര്‍ ദമ്പതികളുടെ പുത്രനു കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തില്‍ ക്രിക്കറ്റിനോടും ഫുട്‌ബോളിനോടുമായിരുന്നു കമ്പം. അവിടെ നിന്നുമാണ് കഠിന പരിശീലനത്തിലൂടെ ഉസൈന്‍ ബോള്‍ട്ട് ലോകത്തെ ഏറ്റവും വേഗതയേറിയ താരമായി മാറിയത്.
നേട്ടങ്ങളുടെ നെറുകയിലേക്ക് ഓടിക്കയറിയ ബോള്‍ട്ടിനെ മാധ്യമങ്ങള്‍ 'ലൈറ്റ്‌നിങ് ബോള്‍ട്ട് ' എന്ന വിളിപ്പേര് നല്‍കി. മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്ക് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) അത്‌ലറ്റ് ഓഫ് ദി ഇയര്‍ ആയി തുടര്‍ച്ചയായി ബോള്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റ് ഓഫ് ദി ഇയര്‍, ലോറസ് സ്‌പോര്‍ട്്‌സ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ക്കും ഉസൈന്‍ ബോള്‍ട്ട് അര്‍ഹനായി.
റിയോയില്‍ ബോള്‍ട്ട് വീണ്ടും സമയത്തെ വേഗം കൊണ്ടു കീഴടക്കുന്നത് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. റിയോയിലേക്ക് ബോള്‍ട്ട് വരുമോയെന്ന് എല്ലാവരും സംശയിച്ചു. ആ സംശയങ്ങളെല്ലാം വെറുതെയെന്ന് തെളിയിച്ച് ഉസൈന്‍ ബോള്‍ട്ട് എത്തിയിരിക്കുന്നു. ആ വിസ്മയക്കുതിപ്പ് ട്രാക്കില്‍ ആവര്‍ത്തിക്കുമോയെന്നു കാത്തിരുന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."