ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലേക്കു മൂന്നു പേരുകള്‍
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വികസനമാതൃകയായി കാണിക്കുന്ന ഗുജറാത്തില്‍ കഴിഞ്ഞദിവസം രാജിവച്ച ആനന്ദി ബെന്‍ പട്ടേലിനു പകരം പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ച സജീവമായി. സംസ്ഥാന ആരോഗ്യമന്ത്രി നിധിന്‍ഭായ് പട്ടേലിനാണ് നറുക്കുവീഴാന്‍ സാധ്യതയുള്ളതെങ്കിലും നിയമസഭാംഗം സൗരഭ് പട്ടേല്‍, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാണി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
ദലിത് പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്ന ഗുജറാത്തില്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കരുത്തനായ മുഖ്യമന്ത്രിയെ തന്നെ വേണമെന്നും അതിനാല്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തന്നെ വരണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.
എന്നാല്‍, ലോക്‌സഭ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമുള്ള യു.പി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ നിഷേധിച്ചു. സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010ല്‍ അമിത്ഷാ അറസ്റ്റിലായിരുന്നു. അതിനു ശേഷം എല്ലാ കേസുകളില്‍ നിന്നും താന്‍ കുറ്റവിമുക്തനാക്കപ്പെടുന്നതുവരെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ചുമതലയും വഹിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഗുജറാത്തിലെ വലിയൊരു ശക്തിയായ പട്ടേല്‍ വിഭാഗത്തില്‍നിന്നുള്ള ആനന്ദിബെനു പകരം ആരോഗ്യ മന്ത്രിയും മെഹ്‌സാനയില്‍നിന്നുള്ള നിയമസഭാ അംഗവുമായ നിധിന്‍ഭായ് പട്ടേല്‍ വരുമെന്നു തന്നെയാണ് കരുതുന്നത്. സംവരണത്തിനായി സമരരംഗത്തുള്ള പട്ടേല്‍ സമുദായത്തിന് അഭിമതനുമാണ് ഇദ്ദേഹം. മുഖ്യമന്ത്രിപദത്തിലേക്കു പരിഗണിക്കപ്പെടുന്ന അകോട മണ്ഡലത്തില്‍നിന്നുള്ള സൗരഭും പട്ടേല്‍ സമുദായക്കാരനാണ്. ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മൂന്നാമനായ വിജയ് രൂപാണി, അമിത്ഷായുമായി അടുപ്പമുള്ള നേതാവാണ്. സംസ്ഥാനത്ത് ആളിപ്പടരുന്ന ദലിത് രോഷത്തെ അണക്കുകയും അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പാര്‍ട്ടിയെ സജ്ജമാക്കുകയുമാവും പുതിയ മുഖ്യമന്ത്രിക്കു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
സംസ്ഥാനത്തെ ഇപ്പോഴത്തെ സംഭവവികാസങ്ങളേക്കാള്‍ അടുത്തവര്‍ഷം അവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പുള്ള നേതൃമാറ്റത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹപ്രകാരമാണ് ആനന്ദിബെന്നിന്റെ രാജിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ രാജിവച്ച ആനന്ദിബെന്‍ പട്ടേലിനെ പഞ്ചാബ് ഗവര്‍ണറാക്കിയേക്കുമെന്ന് സൂചനയുണ്ട്. 2015 മുതല്‍ പഞ്ചാബ് ഗവര്‍ണര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."