ആരോപണ-പ്രത്യാരോപണങ്ങളുമായി ശബരിമല
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരേ സംസ്ഥാന ബാലാവകാശ കമ്മിഷന് പരാതി. നിയമ വിരുദ്ധമായ സമരത്തിന് കുട്ടികളെ കവചമായി ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയുമായ ജെ. ദേവികയാണ് പരാതി നല്‍കിയത്. സമരത്തില്‍ കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടി വേണമെന്നും സമാന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഈ തീര്‍ഥാടന കാലത്ത് ശബരിമലയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘര്‍ഷം ഉണ്ടായാല്‍ പരുക്കേല്‍ക്കാതിരിക്കാന്‍ കുട്ടികളെ മുന്‍നിരയില്‍ നിര്‍ത്തുകയാണ് സമരക്കാര്‍ ചെയ്യുന്നത്. കുട്ടികളുടെ സുരക്ഷയെ കരുതി ശബരിമല ദര്‍ശനം നടത്താനാകാതെ സ്ത്രീകള്‍ക്ക് തിരിച്ചുപോകേണ്ടിവരികയാണ്. സന്നിധാനത്തുനിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകളിലും വിഡിയോ ദൃശ്യങ്ങളിലും ഈ ബാലാവകാശ നിഷേധം വ്യക്തമാണെന്നും ജെ. ദേവിക പരാതിയില്‍ പറയുന്നു.
ആന്ധ്രാപ്രദേശ് സ്വദേശിയായ മാധവി എന്ന തീര്‍ഥാടകയെ പ്രതിഷേധക്കാര്‍ ശബരിമല ചവിട്ടുന്നതില്‍നിന്ന് തടഞ്ഞിരുന്നു. മാധവിക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവച്ച് ഭയപ്പെടുത്തി. പുരുഷാരം തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുമ്പോള്‍ പേടിച്ചുകരയുന്ന ആ കുട്ടികളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂര്‍ സ്വദേശിയായ ജസീറ എന്ന സ്ത്രീ സെക്രട്ടേറിയറ്റിന് മുന്നില്‍ മണല്‍ക്കടത്തുകാര്‍ക്കെതിരേ നടത്തിയ സമരത്തില്‍ കുട്ടികളെ ഉപയോഗിച്ചത് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞിരുന്നു. സമാനമായ സാഹചര്യമായി കണക്കാക്കി വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെടണമെന്ന് ജെ. ദേവിക പരാതിയില്‍ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ സാഹചര്യം അതിലും മോശമാണെന്നും സമരങ്ങളില്‍ കുട്ടികളെ കവചമായും വിലപേശല്‍ വസ്തുക്കളായും ഉപയോഗിക്കുന്നത് അവരുടെ ശരീര സുരക്ഷയെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുമെന്നും ജെ. ദേവിക പരാതിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."