ജി-7 ഉച്ചകോടി: ഇറാന്‍ വിദേശകാര്യമന്ത്രി ഫ്രാന്‍സിലെത്തി
ബിയാരിസ്(ഫ്രാന്‍സ്): ഇറാനുമായി യു.എസ് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. സംഘര്‍ഷമൊഴിവാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇക്കാര്യം ട്രംപ് സംശയലേശമന്യേ വ്യക്തമാക്കിയതാണ്- ജി.7 ഉച്ചകോടിക്കിടെ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതിനിടെ ഇന്നലെ രാത്രിയോടെ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ദാരിഫ് ഫ്രാന്‍സിലെത്തി.എന്നാല്‍ യു.എസ് പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശ്യമില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇറാന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാട്. എണ്ണവരുമാനം നിലച്ചതിനാല്‍ മറ്റു രീതിയില്‍ ഇറാന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആശയവും ജി-7 ഉച്ചകോടി ചര്‍ച്ചയ്ക്കിടെ അദ്ദേഹം പങ്കുവച്ചു. യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളായ മറ്റു രാജ്യങ്ങളും ഇതേ അഭിപ്രായക്കാരാണ്.
അതേസമയം യു.എസ് ഉപരോധം ലംഘിക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല. ഇളവു ലഭിക്കുന്നതിനു പകരമായി ഇറാന്‍ 2015ലെ ആണവകരാര്‍ പൂര്‍ണമായി നടപ്പാക്കണമെന്നും മാക്രോണ്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇറാനുമേലുള്ള ഉപരോധത്തില്‍ ഇളവു നല്‍കുന്നതു സംബന്ധിച്ച് ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല.
ജി-7 ഉച്ചകോടി ഇറാന് ചില നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മാക്രോണ്‍ പറഞ്ഞെങ്കിലും ട്രംപ് ഇത് നിഷേധിച്ചു. ഇക്കാര്യം താന്‍ ആരോടും ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്‍ വിഷയത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ നിരാകരിച്ച ട്രംപ് അതേസമയം ഫ്രാന്‍സിന് അവരുമായി ചര്‍ച്ചകള്‍ നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."