മലയാളികളുള്‍പ്പെടെ 250 ഇന്ത്യന്‍ തടവുകാരെ ബഹ്റൈന്‍ മോചിപ്പിക്കും
#ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്റൈനില്‍ തടവില്‍ കഴിയുന്ന മലയാളികളുള്‍പ്പെടെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് തടവുകാരുടെ മോചനം സംബന്ധിച്ച തീരുമാനമുണ്ടായത്.
വിവിധ കുറ്റകൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്ന പ്രതികളില്‍ ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ചവച്ചവര്ക്കായിരിക്കും മോചനം ലഭിക്കുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ മലയാളികളടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തടവുകാര്‍ക്ക് മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്.
അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് തടവില്‍ കഴിയുന്നവര്‍ക്ക് നിയമ നടപടികള്‍ പൂര്‍ത്തിയാകാതെ മോചനം സാധ്യമാകില്ല. സാമ്പത്തിക പിഴകളും കടങ്ങളും അതത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
ഇതിനൊപ്പം നിരവധി മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സോളാര്‍ എനര്‍ജി, ബഹിരാകാശ ഗവേഷണം, സാംസ്കാരിക മേഖലയിലെ വിനിമയം തുടങ്ങി വിവിധ മേഖലയിലാണ് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും ബഹ്റൈനിലെ നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സിയും തമ്മില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കും കരാറായി.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. യു.എ.ഇയിലാണ് മോദി ആദ്യമെത്തിയത്. തുടര്‍ന്ന് ബഹ്റൈനില്‍ നിന്ന് ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കായി മോദി യാത്രതിരിച്ചു. മോദിയെ ബഹ്റൈന്‍ പരമോന്നത ബഹുമതി നല്കി ആദരിക്കുകയും ചെയ്തു. ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവിന്റെയും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു പുരസ്കാര ദാനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."