ശാരീരിക അവശത: രാഹുല്‍ ഈശ്വറിനെ ആശുപത്രിയിലേക്ക് മാറ്റി
കൊട്ടാരക്കര: വിചാരണാ തടവുകാരനായി കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിനെ ശാരീരിക അവശതകളെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയിലേക്കു മാറ്റി. ജയിലിലെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷമാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
ശബരിമല വിഷയത്തില്‍ തീര്‍ഥാടകരെ തടഞ്ഞതിനും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിനുമാണ് പത്തനംതിട്ട കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു കൊട്ടാരക്കര സബ് ജയിലിലേക്കയച്ചിരുന്നത്. തുടര്‍ന്നു ജയിലില്‍ നിരാഹാരമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. ജയില്‍ ഭക്ഷണത്തോടുള്ള വിമുഖതയാണ് നിരാഹാരത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്നലെ പത്തനംതിട്ട ജില്ലാ കോടതി തള്ളിയിരുന്നു.
രാഹുല്‍ ഈശ്വറിന്റെ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും പുറമേ സുരേഷ് ഗോപി എം.പി, പി.സി ജോര്‍ജ് എം.എല്‍.എ, പി.സി വിഷ്ണുനാഥ് തുടങ്ങിയവര്‍ ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവന്ന ഹരി നാരായണന്‍, പ്രശാന്ത് ഷേണായി, അര്‍ജുന്‍, പ്രതീഷ് വിശ്വനാഥന്‍ എന്നിവരെയും മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. നിരാഹാര സമരത്തിലായിരുന്ന ഇവര്‍ക്കും ശാരീരിക അവശതകള്‍ അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."