ഹജ്ജ് 2019 ആറ് സംസ്ഥാനങ്ങളില്‍ നറുക്കെടുപ്പ് ഒഴിവാകും
കൊണ്ടോട്ടി: ഹജ്ജ് ക്വാട്ടയ്ക്കനുസരിച്ച് അപേക്ഷകരുണ്ടാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആറു സംസ്ഥാനങ്ങളില്‍ ഹജ്ജിനു നറുക്കെടുപ്പില്ലാതെ അവസരം നല്കാന് നിര്‍ദേശം. അസം, ബംഗാള്‍, ത്രിപുര, ബിഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് നേരിട്ട് അവസരം നല്‍കുന്നത്. ഈ സംസ്ഥാനങ്ങളിലെ അപേക്ഷകര്‍ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം.
ഈ വര്‍ഷം നേരിട്ട് ഹജ്ജിന് അവസരം നല്കുന്നതു 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും അവരുടെ സഹായിക്കും മാത്രമാണ്. ശേഷിക്കുന്ന അപേക്ഷകള്‍ മുഴുവന്‍ ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ അവസരം നല്‍കും. ഇവര്‍ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടിന്റെ കോപ്പി മാത്രം സമര്‍പ്പിച്ചാല്‍ മതി. എന്നാല്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു പുറമേ അപേക്ഷകര്‍ കുറവായ ആറു സംസ്ഥാനങ്ങളില്‍നിന്നുള്ള മുഴുവന്‍ അപേക്ഷകരും പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.
ഈ വര്‍ഷവും ഹജ്ജിന് 2011ലെ സെന്‍സസ് പ്രകാരമാണ് ഹജ്ജ് ക്വാട്ട വീതിക്കുന്നത്. ഇതോടെ മുസ്ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറവും ക്വാട്ട കൂടുതലുമാകും. കഴിഞ്ഞ വര്‍ഷം ഇത്തരം സാഹചര്യമുണ്ടായതോടെ കേരളത്തിന് അധിക സീറ്റുകള്‍ ലഭിച്ചിരുന്നു. ഹജ്ജിന് ഈ വര്‍ഷം 1,71,000 സീറ്റുകള്‍ ലഭിക്കുമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. ഇതില്‍ 1,26,000 സീറ്റുകള്‍ വിവിധ ഹജ്ജ് കമ്മിറ്റികള്‍ക്കും 45,000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമായിരിക്കും.
സഊദി അറേബ്യയുമായി ഇന്ത്യ ഡിസംബറില്‍ ഹജ്ജ് കരാറില്‍ ഒപ്പുവയ്ക്കും. ഇതിനു ശേഷമായിരിക്കും ഹജ്ജ് സീറ്റുകള്‍ വീതംവയ്ക്കുക. തീര്‍ഥാടകരുടെ സഹായികളായി പോകുന്ന ഖാദിമുല്‍ ഹുജ്ജാജിന് 625, മെഹ്റമില്ലാത്ത സ്ത്രീകള്‍ക്കായി 500, സര്‍ക്കാര്‍ ക്വാട്ടയായി 500, ജമ്മു കശ്മിരിനുള്ള പ്രത്യേക ക്വാട്ടയായി 2,500 തുടങ്ങിയ സീറ്റുകള്‍ മാറ്റിവച്ചതിനു ശേഷമുള്ള സീറ്റുകളാണ് ഹജ്ജ് കമ്മിറ്റികള്‍ക്കു നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."