തൊഴില്‍ പ്രതിസന്ധി; ഇന്ത്യന്‍ തൊഴിലാളികളെ ഏറ്റെടുക്കാന്‍ സഊദി കമ്പനികള്‍ രംഗത്ത്
റിയാദ്: സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനികള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് പ്രയാസപ്പെടുന്ന തൊഴിലാളികള്‍ക്ക് താല്‍ക്കാലികാശ്വാസമായി സന്നദ്ധ സംഘടനകള്‍ രംഗത്ത്. ദുരിതത്തിലായ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയോടൊപ്പം സാമൂഹ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ മൂന്നു പ്രമുഖ കോണ്‍ട്രാക്റ്റിങ് കമ്പനികളിലെ തൊഴിലാളികളാണ് ശമ്പളവും ഭക്ഷണവുമില്ലാതെ വിവിധ ക്യാംപുകളില്‍ ദുരിതമനുഭവിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ഇവരുടെ മോചനത്തിനായി ഇന്ത്യന്‍ അധികൃതരും സഊദിയിലെ ഇന്ത്യന്‍ എംബസി അധികൃതരും സജീവമായി രംഗത്തുണ്ട്. ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ വിവരശേഖരണം തുടരുകയാണ്. സഊദി ഓജര്‍ കമ്പനിയിലെ ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ ക്യാംപുകളില്‍ കഴിഞ്ഞ ദിവസം എംബസിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി വിവരശേഖരണം നടത്തിയിരുന്നു.
ഇവിടങ്ങളിലെ ലേബര്‍ ക്യാംപുകളിലായി 2500 ഓളം ഇന്ത്യക്കാരാണ് ദുരിതമനുഭവിക്കുന്നത്. റിയാദിലെ എട്ടു ക്യാംപുകളിലും ദമാം, കോബാര്‍, റിയാദ് എന്നിവിടങ്ങളിലെ സഊദി ഓജര്‍ കമ്പനിയുടെ ക്യാംപുകളിലും തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശനം നടത്തിയ ലേബര്‍ ക്യാംപുകളില്‍ ഏകദേശം 200 മലയാളികളാണുള്ളത്. ഇവരുടെ വ്യക്തമായ കണക്കുകള്‍ അധികൃതര്‍ ശേഖരിച്ചു വരുന്നതേയുള്ളൂ.
ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പ്രമുഖ സഊദി കമ്പനി രംഗത്തെത്തിയിട്ടുണ്ട്. ആയിരം തൊഴിലാളികളെ ഏറ്റെടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് ഇവര്‍ സമ്മതമറിയിച്ചിട്ടുണ്ട്. ക്യാംപുകളിലെത്തിയ കോണ്‍സുലേറ്റ്, സാമൂഹ്യ പ്രവര്‍ത്തക സംഘം എന്നിവര്‍ ക്യാംപുകളില്‍ പത്തു ദിവസേത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ലുലു ഗ്രൂപ്പ് എം.ഡി എം.എ യൂസുഫലി രണ്ടു ലക്ഷം റിയാല്‍ മതിപ്പുള്ള ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യും. ക്യാംപുകളിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റു അവശ്യവസ്തുക്കളും എത്തിച്ചുനല്‍കാമെന്ന് എംബസി അധികൃതരെ അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യയിലേക്ക് തിരിക്കുന്ന കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ സഊദി അധികൃതരുമായി ചര്‍ച്ച നടത്തുകയും ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കുകയും ചെയ്യും. മന്ത്രിയുടെ സഊദി സന്ദര്‍ശനത്തിന്റെ മുന്നോടിയായി എം.ജെ അക്ബര്‍ ഇന്ത്യയിലെ സഊദി അംബാസിഡര്‍ സഊദ് ബിന്‍ മുഹമ്മദ് അല്‍ സാതിയുമായി കൂടിക്കാഴ്ച നടത്തി. സഊദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു അനുയോജ്യമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് അംബാസിഡര്‍ ഉറപ്പുനല്‍കിയതായി എം.ജെ അക്ബര്‍ കൂടിക്കാഴ്ചക്കു ശേഷം വ്യക്തമാക്കി.
നിലവിലുള്ളത് താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധിയാണെന്നും 33 ലക്ഷത്തോളം പേര്‍ സഊദിയില്‍ തൊഴിലെടുക്കുന്നുണ്ടെന്നും ഇത് ഒറ്റപ്പെട്ട സംഭവമായി കണ്ടാല്‍ മതിയെന്നും നോര്‍ക സഊദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് 'സുപ്രഭാത'ത്തോട് പറഞ്ഞു.
സഊദി ഓജറിനെതിരേ
മുപ്പതിനായിരത്തിലധികം പരാതികള്‍
റിയാദ്: രാജ്യത്തെ മുന്‍നിര നിര്‍മാണ കമ്പനികളിലൊന്നായ സഊദി ഓജറിനെതിരേ വിവിധ വകുപ്പുകള്‍ക്കു ലഭിച്ചത് മുപ്പതിനായിരത്തിലധികം പരാതികളെന്ന് അധികൃതര്‍. കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് കടക്കെണിയിലായ കമ്പനിക്കെതിരേ സ്വദേശികളും വിദേശികളുമായ തൊഴിലാളികളില്‍നിന്ന് 31,000 പരാതികളാണ് വിവിധ വകുപ്പുകള്‍ക്ക് അടുത്ത ദിവസങ്ങളിലായി ലഭിച്ചത്.
പുതിയ പദ്ധതികള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമ്പനിക്കെതിരേ വിവിധ ഭാഗങ്ങളില്‍നിന്നു പരാതികളും കൂടി ലഭിച്ചതോടെ ജവാസാത്ത് ( പാസ്‌പോര്‍ട്ട് ) വകുപ്പും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സും സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ കമ്പനി കൂടുതല്‍ പ്രതിസസിയിലാവുകയും തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകുന്നതും താമസ രേഖകള്‍ പുതുക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ തടയപ്പെടുകയുമായിരുന്നു.
വിവിധ പ്രവിശ്യകളിലെ ഉന്നത സ്വദേശി എഞ്ചിനീയര്‍മാരുടെയും സേവനം കമ്പനി ഒഴിവാക്കിയിരുന്നു. ഒന്‍പതു മാസമായി വേതനവും മറ്റു ആനുകൂല്യങ്ങളും ഇതുവരെ ഇവര്‍ക്ക് നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. 58,000 തൊഴിലാളികളുള്ള സഊദി ഓജര്‍ കമ്പനിയില്‍ 23 ശതമാനവും സ്വദേശി ജീവനക്കാരാണ്. ഇതില്‍ 27000 തൊഴിലാളികളെ നേരത്തെ തന്നെ ആനുകൂല്യങ്ങളൊന്നും നല്‍കാതെ കമ്പനി പിരിച്ചുവിട്ടിരുന്നു. വേതനം ആവശ്യപ്പെട്ട് കമ്പനി തൊഴിലാളികള്‍ ഏതാനും ദിവസം മുന്‍പ് ജിദ്ദയില്‍ റോഡ് ഉപരോധിച്ചിരുന്നു. എന്നാല്‍ സുരക്ഷാ വകുപ്പ് ഇടപെട്ട് ഇവരെ തിരിച്ചയക്കുകയായിരുന്നു.
11,000 ഫിലിപ്പൈന്‍ തൊഴിലാളികളെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് സഊദി ഓജര്‍ കമ്പനിയടക്കം നാലു കമ്പനികളെ കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സ് അധികൃതര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മൊറോക്കൊ, ഫ്രാന്‍സ്, ഈജിപ്ത്, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ എംബസികളും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.
3000 പേര്‍ക്ക്
തൊഴില്‍: രവി പിള്ള
റിയാദ്: സഊദിയില്‍ തൊഴില്‍നഷ്ടം സംഭവിച്ച ഇന്ത്യക്കാര്‍ക്ക് തുണയായി ആര്‍.പി ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ രവി പിള്ള രംഗത്ത്. മെക്കാനിക്കല്‍ ട്രേഡ് രംഗത്ത് പരിചയമുള്ള മൂവായിരം പേര്‍ക്ക് തന്റെ സ്ഥാപനങ്ങളില്‍ ഉടന്‍ ജോലി നല്‍കുമെന്ന് രവി പിള്ള അറിയിച്ചു. ഇതിനു പുറമെ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."