ജനകീയപ്രശ്‌നങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ട നേതാവ്
കാസര്‍കോട്: ജനകീയപ്രശ്‌നങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ട നേതാവായിരുന്നു ഇന്നലെ അന്തരിച്ച പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഏറെ ചര്‍ച്ച ചെയ്തതായിരുന്നു മഞ്ചേശ്വരം മണ്ഡലത്തിലെ അദ്ദേഹത്തിന്റെ വിജയം. യു.ഡി.എഫിന് വേണ്ടി പി.ബി അബ്ദുല്‍ റസാഖും എല്‍.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ അഡ്വ. സി.എച്ച് കുഞ്ഞമ്പുവും ബി.ജെ.പിക്കായി കെ. സുരേന്ദ്രനും കളത്തിലിറങ്ങിയപ്പോള്‍ പോരാട്ടത്തില്‍ ചൂടും ചൂരും വാനോളം ഉയര്‍ന്നിരുന്നു. വീറും വാശിയും ഏറ്റവും ഒടുവില്‍വരെ നീണ്ട പോരാട്ടത്തിന്റെ ഫോട്ടോ ഫിനിഷില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് പി.ബി അബ്ദുല്‍ റസാഖ് വിജയിച്ച് കയറുകയായിരുന്നു. എന്നാല്‍, ആ വിജയത്തോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ചിരുന്നില്ല. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പോരാട്ട ഗോദയില്‍ തന്നെയായിരുന്നു പി.ബി അബ്ദുല്‍ റസാഖ്. മണ്ഡലത്തിലെ ജനകീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ടും ഓടിനടക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കേസിനെക്കാള്‍ ജനകീയപ്രശ്‌നങ്ങള്‍ക്കായിരുന്നു എന്നും അദ്ദഹം മുന്‍തൂക്കം നല്‍കിയിരുന്നത്. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം തന്നെ കന്നഡ ന്യൂനപക്ഷ മേഖലയിലെ ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ തൊട്ടറിയാനും പരിഹരിക്കാനും എന്നും ബദ്ധശ്രദ്ധനായിരുന്നു. വികസനപ്രശ്‌നങ്ങള്‍ക്ക് മുഖംനോക്കാതെ നടപടി സ്വീകരിക്കുന്ന അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ഗോദയിലെ തന്റെ വിജയത്തിന്റെ മാറ്റുതെളിയിക്കാന്‍ കോടതി കയറേണ്ടിവന്നപ്പോഴും വിജയം തനിക്കൊപ്പമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍, കോടതി വിധി വരുംമുന്‍പെ അദ്ദേഹത്തെ മരണം തട്ടിയെടുത്തു.
കള്ളവോട്ടിന്റെ കണക്കെടുപ്പുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ തനിക്ക് ലഭിച്ച വോട്ടുകളൊന്നും കള്ളവോട്ടല്ലെന്ന് തെളിയിക്കാന്‍ അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി. എതിര്‍ഭാഗം നല്‍കിയ കള്ളവോട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട 'പരേതരെ ' തന്നെ ഹൈക്കോടതിയിലെത്തിക്കാന്‍ അദ്ദേഹത്തിനായി. ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും എന്തു പറഞ്ഞാലും അന്തിമവിധി അനുകൂലമായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലിരിക്കുമ്പോഴാണ് അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിനച്ചിരിക്കാതെയുള്ള വിയോഗം. അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളം ഉറ്റുനോക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പിലേക്കാണ് മഞ്ചേശ്വരം മണ്ഡലം എത്തിയിരിക്കുന്നത്. 56,870 വോട്ട് അബ്ദുല്‍ റസാഖിന് ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56,781 വോട്ടുകളാണ് ലഭിച്ചിരുന്നത്. സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടും ലഭിച്ചു. തന്റെ വിജയത്തിന് കാരണമായ ഭൂരിപക്ഷമായ 89 എന്ന ഭാഗ്യനമ്പര്‍ കാറിന് നല്‍കിയ ആദ്യ നിയമസഭാംഗവുമായിരുന്നു അബ്ദുല്‍ റസാഖ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."