കര്‍ണാടക: വകുപ്പ് വിഭജനം പ്രതിസന്ധിയില്‍
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് മന്ത്രിമാരുടെ വകുപ്പുകള്‍ വിഭജിച്ചു നല്‍കിയേക്കും. അതേസമയം ജാതി സമവാക്യം നിലനിര്‍ത്താന്‍ നാല് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. നിലവില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ലിംഗായത്ത് സമുദായത്തിന് എട്ട് മന്ത്രിമാരുണ്ട്. ഡോ. അശ്വിന്ദ് നാരായണ്‍ (ഗൗഡ വിഭാഗം), ശ്രീരാമലൂ (എസ്.ടി), ഗോവിന്ദ കരജോള്‍ (എസ്.സി), കെ.എസ് ഈശ്വരപ്പ (കുറുമ്പ) എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കാനാണ് സാധ്യത.
മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ വികസിപ്പിച്ചതെങ്കില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പൂര്‍ത്തിയായിട്ടും വകുപ്പ് വിഭജനം നടന്നിട്ടില്ല. മന്ത്രിസഭാ വികസനം അമിത് ഷാ ഇടപെട്ട് നടത്തിയെങ്കിലും മന്ത്രിമാര്‍ക്ക് നല്‍കേണ്ട വകുപ്പുകള്‍ സംബന്ധിച്ച് കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ഡല്‍ഹിയിലേക്ക് പോയെങ്കിലും വ്യക്തമായ നിര്‍ദേശങ്ങളൊന്നും ലഭിക്കാതെ വെള്ളിയാഴ്ച മടങ്ങിയെത്തുകയായിരുന്നു.
വിമതരോടുള്ള യെദ്യൂരപ്പയുടെ അനാവശ്യ പരിഗണനയാണ് ദേശീയ നേതൃത്വത്തിന്റെ അനിഷ്ടത്തിന് കാരണമായത്. ശനിയാഴ്ച വകുപ്പ് വിഭജനം ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം അറിയിച്ചത്. ഡല്‍ഹിയിലെ കര്‍ണാടക ഭവനില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചെങ്കിലും അത് നടന്നില്ല. തുടര്‍ന്ന് ബി.ജെ.പി ദേശീയ രാഷ്ട്രീയകാര്യ സെക്രട്ടറി ബി.എല്‍ സന്തോഷിനേയും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിനേയും കണ്ട് വകുപ്പ് വിഭജനം സംബന്ധിച്ചും വിമതര്‍ ഉയര്‍ത്തുന്ന ആശങ്കകളെ സംബന്ധിച്ചും വ്യക്തമാക്കി യെദ്യൂരപ്പ മടങ്ങുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ഡല്‍ഹിയിലെത്തി. അതിനിടെ തഴയപ്പെടുമോയെന്ന ആശങ്കയില്‍ വിമതരും അമിത് ഷായെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയെങ്കിലും അവര്‍ക്കും അമിത് ഷായെ കാണാന്‍ സാധിച്ചില്ല. അതേസമയം ഉയര്‍ന്ന വകുപ്പുകള്‍ ബി.ജെ.പി നേതാക്കള്‍ക്ക് മാത്രം നല്‍കാന്‍ പാടില്ലെന്നു വിമതര്‍ യെദ്യൂരപ്പക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതിനിടെ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് സിദ്ധരാമയ്യക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഇത് സിദ്ധരാമയ്യയുടെ സുഹൃത്തുക്കള്‍ തന്നെയാണ് വെളിപ്പെടുത്തിയതെന്നുമുള്ള ഗുരുതര ആരോപണവുമായി ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാര സ്വാമി രംഗത്തെത്തി.
കഴിഞ്ഞ ആഴ്ച എച്ച്.ഡി ദേവഗൗഡയും സിദ്ധരാമയ്യക്കെതിരേ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."