അമീനയുടെ കമ്മലുകള്‍ ഇനി ശരണ്യയുടെ കാതില്‍ തിളങ്ങും
വടക്കാഞ്ചേരി(തൃശൂര്‍): അമീനയുടെ കമ്മലുകള്‍ ഇനി ശരണ്യയുടെ കാതില്‍ തിളങ്ങും. ജന്മനാ പോളിയോബാധ മൂലം ഇരുകാലുകളും തളര്‍ന്ന് ദുരിതക്കിടക്കയില്‍ കഴിയുന്ന അട്ടപ്പാടി സ്വര്‍ണഗദ്ദ ആദിവാസി ഊരിലെ ശരണ്യ(17)യുടെ ജീവിത കഥ ഹൃദയ നൊമ്പരമായപ്പോള്‍ പ്രളയകാലത്തെ സ്‌നേഹം കൊണ്ട് അതിജീവിക്കാമെന്ന് കാണിച്ചു തരികയാണ് അമീന ഷെറിന്‍ എന്ന 14 കാരി.
പിതാവില്‍ നിന്നാണ് അമീന ശരണ്യയുടെ കഥ അറിയുന്നത്. കഴിഞ്ഞ പ്രളയ കാലത്ത് ആക്ട്‌സ് പ്രവര്‍ത്തകര്‍ സ്വര്‍ണഗദ്ദ ഊരില്‍ സഹായങ്ങളുമായി എത്തിയപ്പോഴാണ് ശരണ്യയെ കാണുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകര്‍ ശരണ്യയോട് എന്തൊക്കെയാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ വലിയ ആഗ്രഹങ്ങളൊന്നും ആ പെണ്‍കുട്ടിക്കില്ലായിരുന്നു.ആപ്പിള്‍ കഴിക്കണമെന്നതായിരുന്നു വലിയ ആഗ്രഹം.ക്രയോണ്‍സ്, സ്‌കെച്ച് പെന്‍,ഡ്രോയിങ് ബുക്ക്,ടേബിള്‍ ഫാന്‍, ഉടല്‍ വേദന കുറയ്ക്കാന്‍ ഒരു പഞ്ഞി മെത്ത,നിരങ്ങി നീങ്ങാനൊരു ചക്ര കസേര ഇവയിലൊതുങ്ങി ആഗ്രഹങ്ങള്‍.ശരണ്യയെ കണ്ട സംഘത്തില്‍ അമീന ഷെറിന്റെ പിതാവ് അബ്ദുള്‍ സലീമും ഉണ്ടായിരുന്നു. തന്റെ അനുഭവങ്ങളും വേദനയും സലീം കുടുംബവുമായി പങ്കുവെച്ചിരുന്നു.ഇന്നലെ ആക്ട്‌സ് പ്രവര്‍ത്തകര്‍ വീണ്ടും സാധന സാമഗ്രികളുമായി പോകുന്നുണ്ടെന്നറിഞ്ഞതോടെ അമീന തന്റെ കമ്മലുകളൂരി പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു.
'ഇത് എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ്. ഇത് ശരണ്യ ചേച്ചിക്ക് കൊടുക്കണം.അതെന്റെ മനസ്സില്‍ രാത്രിയുദിച്ച ഒരു മോഹമാണ് ' ആക്ട്‌സ് പ്രവര്‍ത്തകരോട് അമീന ഇത് പറഞ്ഞപ്പോള്‍ പ്രളയ നാളുകളിലെ വലിയൊരു സ്‌നേഹ സന്ദേശമായി അത് മാറി. വടക്കാഞ്ചേരി കണ്ടത്ത്‌വളപ്പില്‍ അബ്ദുള്‍ സലീം-റംലത്ത് ദമ്പതികളുടെ മകളായ അമീന ഷെറിന്‍ അത്താണി ജെ.എം.ജെ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."