മീ റ്റൂ: തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ 54 ശതമാനം വര്‍ധിച്ചതായി ഔദ്യോഗിക രേഖകള്‍ പറയുന്നു.
2014ല്‍ ഇതുസംബന്ധിച്ച് 371 പരാതികളാണ് ഉയര്‍ന്നതെങ്കില്‍ 2017ല്‍ അത് 570 ആയി. തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലായ 'മീ റ്റൂ' പ്രചാരണം ചലച്ചിത, മാധ്യമ, രാഷ്ട്രീയ മേഖലകളില്‍ കൊടുങ്കാറ്റാകുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. 2017 ഡിസംബര്‍ 15നും 2018 ജൂലൈ 27നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച രേഖയിലാണ് ഈ കണക്കുകളുള്ളത്.
2018 ജൂലൈ 27 വരെയുള്ള നാലു വര്‍ഷത്തിനിടെ 2,535 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ശരാശരി ഓരോ ദിവസവും രണ്ടു വീതം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2018 ജനുവരി ഒന്നു മുതല്‍ ജൂലൈ 27 വരെയുള്ള ഏഴു മാസം മാത്രം 533 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ ഇക്കാലയളവില്‍ 32 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ നാലു വര്‍ഷത്തിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളുടെ 29 ശതമാനവും ഉത്തര്‍പ്രദേശിലാണ്. 726 കേസുകളാണ് യു.പിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. തൊട്ടുപിന്നില്‍ ഡല്‍ഹിയും (369) ഹരിയാനയു (171) മാണ്.
മധ്യപ്രദേശ് 154, മഹാരാഷ്ട്ര 147, രാജസ്ഥാന്‍ 129, കര്‍ണാടക 111, തമിഴ്‌നാട് 105, പശ്ചിമബംഗാള്‍ 97, ബിഹാര്‍ 74, തെലങ്കാന 58, പഞ്ചാബ് 58 , ഗുജറാത്ത് 46, ഉത്തരാഖണ്ഡ് 39, ജാര്‍ഖണ്ഡ് 35, ഒഡിഷ 33, ആന്ധ്രാപ്രദേശ് 33, കേരളം 32, ചത്തിസ്ഗഢ് 23, അസം 18, മേഘാലയ 18, ഹിമാചല്‍പ്രദേശ് 15, ജമ്മുകശ്മിര്‍ 12 എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്. തൊഴില്‍ രംഗത്തുള്ള ലൈംഗികാതിക്രമങ്ങള്‍ പ്രധാനമായും ഐ.പി.സിയിലെ 354 എ വകുപ്പിനു കീഴിലാണ് വരിക. സമ്മതമില്ലാതെ സ്പര്‍ശിക്കല്‍, അശ്ലീലചുവയുള്ള സംഭാഷണം, ലൈംഗിക ബന്ധത്തിനു പ്രേരിപ്പിക്കല്‍, അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് അശ്ലീല വിഡിയോകളോ ഫോട്ടോകളോ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ഈ വകുപ്പിനു കീഴില്‍ വരും. അതേസമയം, ഔദ്യോഗിക രേഖയിലുള്ളതു സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ മാത്രമാണ്. 70 ശതമാനം സ്ത്രീകളും പ്രത്യാഘാതം ഭയന്നു മേലുദ്യോഗസ്ഥരില്‍നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ മൂടിവയ്ക്കാറാണെന്നു കഴിഞ്ഞ വര്‍ഷം ബാര്‍ അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതുപ്രകാരം തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടതിന്റെയും എത്രയോ ഇരട്ടിവരും.
കഴിഞ്ഞ വര്‍ഷം ഹോളിവുഡ് നടി അലീസ മിലാനോ നടന്‍ ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരേ ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് 'മീ റ്റൂ' കാംപയിനിനു തുടക്കമായത്. ബോളിവുഡിലെ തനുശ്രീ ദത്തയും പൂജാ ഭട്ടും കങ്കന റനൗട്ടും ചേര്‍ന്നതോടെ ഇന്ത്യയിലും തുറന്നുപറച്ചിലുകളുണ്ടായി. ചലച്ചിത്രമേഖലയില്‍നിന്നു രാഷ്ട്രീയ, മാധ്യമരംഗത്തെ സ്ത്രീകള്‍കൂടി 'തങ്ങളും ഇരയായി' എന്നു വെളിപ്പെടുത്തിയതോടെ അവ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍, എന്‍.എസ്.യു.ഐ അധ്യക്ഷന്‍ ഫൈറൂസ് ഖാന്‍, ഹിന്ദുസ്ഥാന്‍ ടൈസിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും പത്രാധിപന്‍മാര്‍ തുടങ്ങിയവരുടെ രാജിയില്‍ കലാശിച്ചു. ഹാസ്യതാരം ഉത്സവ് ചക്രവര്‍ത്തി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, നടന്‍ രജത് കപൂര്‍, സംവിധായകന്‍ വികാസ് ബാഹ്ല, മലയാള നടന്‍ അലന്‍സിയര്‍ തുടങ്ങിയവരും 'മീ റ്റൂ'വില്‍ ആരോപണവിധേയരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."