വര്‍ഗീയത ആരോപണം: സി.പി.എമ്മിനെതിരേ ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത വളരുകയാണെന്നും ജമാഅത്തെ ഇസ്‌ലാമിയും പോപുലര്‍ ഫ്രണ്ടുമാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരേ ജമാഅത്തെ ഇസ്‌ലാമി രംഗത്ത്. ന്യൂനപക്ഷ വര്‍ഗീയതയാണ് ഭൂരിപക്ഷ വര്‍ഗീയതക്ക് സഹായകമാവുന്നതെന്ന പതിവ് സിദ്ധാന്തശാഠ്യം സംഘ് പരിവാരിനെ പ്രീണിപ്പിക്കുകയാണെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും സി.പി.എമ്മിന് മനസിലാവാത്തത് ഖേദകരമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ വിഭാഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ രൂപത്തില്‍ മതന്യൂനപക്ഷങ്ങളെ വര്‍ഗീയമായി അണിനിരത്താന്‍, പ്രത്യേകിച്ച് മുസ്‌ലിം വര്‍ഗീയത ശക്തിപ്പെടുത്താന്‍ തീവ്രമായ ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. അതിനു നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ പേരുകളിലൊക്കെ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞത്. ഇതിനോട് പ്രതികരിച്ച് നടത്തിയ പ്രസ്താവനയിലാണ് ജമാഅത്ത് അമീര്‍ സി.പി.എമ്മിനെ വിമര്‍ശിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സി.പി.എം സംഘടനാ തലത്തില്‍ നടത്തുന്ന തെറ്റുതിരുത്തല്‍ നടപടികള്‍ യാഥാര്‍ഥ്യബോധമുള്ളതും വസ്തുനിഷ്ഠവുമായിരിക്കണമെന്ന് എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ ഫാസിസം രാജ്യത്തിനെതിരേ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ അതിനെ സഹായിക്കുന്നതോ പ്രീണിപ്പിക്കുന്നതോ ആയ നിലപാടുകള്‍ സി.പി.എം പോലുള്ള മതനിരപേക്ഷ കക്ഷികളില്‍ നിന്നുണ്ടാവാന്‍ പാടില്ലാത്തതാണ്. ദേശീയ തലത്തില്‍ ഫാസിസത്തിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും ദലിത്, മത ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമൂഹ്യ രാഷ്ട്രീയ വികാസങ്ങളെ ശരിയായി വിലയിരുത്താന്‍ സി.പി.എമ്മിനാവുന്നില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. രാജ്യത്തുടനീളം നിയമാനുസൃതവും ജനാധിപത്യപരവുമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍ വര്‍ഗീയത ആരോപിക്കുന്നത് കേരളീയ സമൂഹം മുഖവിലക്കെടുക്കുമെന്ന് കരുതുന്നില്ല. കേരളത്തിലെ ഇടത്, വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ജമാഅത്ത് തത്വാധിഷ്ഠിത നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താല്‍ക്കാലിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയ പ്രീണനം തുടരുന്ന സി.പി.എം നിലപാട് കേരളത്തിലെ മത നിരപേക്ഷ മനസുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് തിരിച്ചറിയണം. ഫാസിസത്തിനെതിരേ ദലിത്, മത ന്യൂനപക്ഷ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട പാര്‍ട്ടി അത്തരം വിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്നത് ഗുണകരമാവില്ലെന്നും അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറയുന്നു.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പരസ്യമായ പിന്തുണയാണ് ജമാഅത്തെ ഇസ്‌ലാമി നല്‍കിയത്. എന്നാല്‍ നേരത്തെ നടന്ന പല തെരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫ് അനുകൂല നിലപാട് ജമാഅത്ത് എടുത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും ജമാഅത്ത് സംഘടനകളുമായി എല്‍.ഡി.എഫ് സഖ്യത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ കൂടെയുള്ളപ്പോള്‍ നല്ലവരായും അല്ലാത്തപ്പോള്‍ വര്‍ഗീയകക്ഷികളെന്ന നിലയില്‍ മുദ്രകുത്തുകയും ചെയ്യുന്ന സി.പി.എം നിലപാട് അപഹാസ്യമാണെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."