തകരുന്ന ഇന്ത്യന്‍ സാമ്പത്തികനില
ഉയര്‍ന്ന മൂല്യമുണ്ടായിരുന്ന കറന്‍സി നോട്ടുകള്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ചപ്പോള്‍ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇന്ത്യയുടെ സാമ്പത്തികാടിത്തറ തകരാന്‍ പോവുകയാണെന്ന്. അശാസ്ത്രീയമായ ജി.എസ്.ടി സമ്പ്രദായം നടപ്പിലാക്കിയതോടെ അത് കൂടുതല്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകളും ഉണ്ടായി. അതാണിപ്പോള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെയാണ് ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ധനലഭ്യത ഇത്രയേറെ പ്രതിസന്ധിയിലായൊരു ഘട്ടം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലെന്നും സാമ്പത്തിക മേഖലയാകെ കുഴഞ്ഞുമറിഞ്ഞ് കിടപ്പാണെന്നും ഇതു പരിഹരിക്കാന്‍ ചെപ്പടിവിദ്യകള്‍ കൊണ്ടൊന്നും സാധ്യമാകില്ലെന്നും നീതി ആയോഗ് ഉപാധ്യക്ഷനും സാമ്പത്തിക വിദഗ്ധനുമായ രാജീവ് കുമാര്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു. മന്‍മോഹന്‍ സിങിന്റെ മുന്നറിയിപ്പിനെ ശരിവച്ചിരിക്കുകയാണിപ്പോള്‍ രാജീവ് കുമാര്‍. പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ കൊണ്ടൊന്നും കഴിയല്ലെന്ന് സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യവും വ്യക്തമാക്കി.
എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാതെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ വെള്ളിയാഴ്ച സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹന വിപണിയിലെ തകര്‍ച്ച കണ്ടാണ് മന്ത്രി നിര്‍മലാ സീതാരാമന്‍ ഉത്തേജക പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ആഴത്തിലുള്ള പ്രതിസന്ധി കാണാതെയുള്ള ഇത്തരം നടപടികള്‍ വിഫലമാവുകയേയുള്ളൂ. അതൊരു ധാര്‍മികമായ സാഹസികതയായി മാത്രമേ കാണാനാകൂവെന്നും ഇന്ത്യയിലെ കോര്‍പ്പറേറുകള്‍ക്ക് ഇനിയൊരു ഉത്തേജക പദ്ധതി നല്‍കേണ്ട ആവശ്യമില്ലെന്നും അതൊരു ശാപമായി മാറുമെന്നുള്ള കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യത്തിന്റെ അഭിപ്രായം സ്വീകരിക്കാതെയാണ് നിര്‍മലാ സീതാരാമന്‍ ഉത്തേജക പദ്ധതികള്‍ വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. പ്രതിഷേധ സൂചകമായി കൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തതുമില്ല.
കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടായാല്‍ അതവര്‍ക്ക് സ്വകാര്യ സ്വത്താവുകയും നഷ്ടം വന്നാല്‍ നികുതിയുടെ രൂപത്തില്‍ അതു സാധാരണക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. എന്നാല്‍ ഇപ്പോള്‍ കോര്‍പ്പറേറ്റ് ഭീമന്‍മാരും മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. ബാങ്കുകള്‍ വായ്പ കൊടുത്താലും അവര്‍ക്ക് വേണ്ടാതായിരിക്കുന്നു. രാജ്യത്തെ ഉപഭോഗം കുത്തനെ താഴ്ന്നത് തന്നെയാണിതിന് കാരണം. വാഹന വിപണി തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുന്നു. ഇരുമ്പ് ഉരുക്ക് വ്യവസായങ്ങളും പ്രതിസന്ധിയിലാണ്. പല വ്യവസായ സ്ഥാപനങ്ങളും പൂട്ടിക്കൊണ്ടിരിക്കുന്നു. നേരത്തെയുള്ള ലക്ഷക്കണക്കിന് തൊഴില്‍രഹിതരുടെ നിരയിലേക്ക് അടച്ചുപൂട്ടപ്പെടുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴില്‍ രഹിതര്‍കൂടി ചേരുമ്പോള്‍ രാജ്യം സ്‌ഫോടനാത്മകമായ ഒരവസ്ഥയിലേക്ക് എത്തുമെന്നത് മനസിലാക്കാന്‍ പ്രത്യേക സാമ്പത്തിക വൈദഗ്ധ്യമൊന്നും ആവശ്യമില്ല. അതാണിപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകരെ അവഗണിക്കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കാതെ കോര്‍പ്പറേറ്റുകള്‍ മൊത്തത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചുളുവിലക്ക് കരസ്ഥമാക്കുകയും ചെയ്തത് ആ മേഖലയിലുള്ളവരെ പ്രതിസന്ധിയിലാക്കി. പ്രകൃതിദുരന്തങ്ങളില്‍ കൃഷി നഷ്ടപ്പെടുന്നവരെ സഹായിച്ചില്ലെന്ന് മാത്രമല്ല. അവരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിന് പകരം ജപ്തിയിലൂടെ അവരെ തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതു കാരണം പണത്തിന്റെ ഒഴുക്ക് വിപണിയില്‍ സ്തംഭിക്കകയും ചെയ്തു. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 6,000 രൂപ സര്‍ക്കാര്‍ നല്‍കിയതു കൊണ്ടൊന്നും കാര്‍ഷിക മേഖലയിലെ തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല.
മറുവശത്താകട്ടെ കോര്‍പ്പറേറ്റുകള്‍ക്ക് മതിയായ ഈടുകളില്ലാതെ ബാങ്കുകള്‍ വാരിക്കോരി നല്‍കുകയും ചെയ്തു. അതു തിരിച്ചടക്കാത്തതും പല കോര്‍പ്പറേറ്റ് ഭീമന്‍മാരും ബാങ്കുകളെ പറ്റിച്ച് വിദേശങ്ങളിലേക്ക് കടന്നതും സാമ്പത്തിക നില വഷളാക്കി. ഇന്ത്യയില്‍ തന്നെ കഴിയുന്ന കോര്‍പ്പറേറ്റുകളില്‍നിന്ന് ഭീമമായ കുടിശ്ശിക ഈടാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുമില്ല. ആഗോള സാമ്പത്തിക നിലയും പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് ഇന്ത്യ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ താരതമ്യപ്പെടുത്താനാകില്ല. 2009ല്‍ അമേരിക്കയടക്കമുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഉലഞ്ഞപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നത് ഇന്ദിരാഗാന്ധി നടപ്പിലാക്കിയ ബാങ്ക് ദേശസാത്കാരണത്താലും പ്രധാന മന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിങിന്റെ ദീര്‍ഘദര്‍ശനത്തില്‍ നടന്ന സാമ്പത്തിക നടപടികളാലും ആയിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിപരമായ ഇടപെടലുകള്‍കൊണ്ടാണ് അന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 8.8 ശതമാനത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ ഇന്ത്യ സാമ്പത്തിക ശക്തിയായി മുന്നേറുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങളുടെ കിടപ്പ് അങ്ങിനെയല്ലെന്ന് വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നു. മൊത്തം ആഗോള ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ലോക റാങ്കിങ്ങില്‍നിന്ന് ഇന്ത്യ ഏറെ പിറകോട്ടുപോയിട്ടുണ്ട്. സര്‍ക്കാര്‍ പറയുന്ന ഏഴു ശതമാനം ആഭ്യന്തര വളര്‍ച്ച പെരുപ്പിച്ച് പറയുന്ന കണക്കുകളാണെന്ന വസ്തുതയും പുറത്തുവന്നിട്ടുണ്ട്. വളര്‍ച്ച മുരടിച്ച് കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാവുകയില്ല. വിപണിയില്‍ പണമിറങ്ങുന്നില്ലെങ്കില്‍ ഉപഭോഗം കുറയും. ഉപഭോഗം കുറയുന്നതാകട്ടെ ആളുകളുടെ കൈയില്‍ പണമില്ലാത്തതിനാലും. കൃഷിക്കാരും തൊഴിലാളികളും കൈയില്‍ പണമില്ലാതെ നട്ടം തിരിയുമ്പോള്‍ ക്രയവിക്രയം കുറയും. ഇതു തന്നെയാണ് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ അടിസ്ഥാന കാരണവും. തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുമ്പോള്‍, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടാതെ വരുമ്പോള്‍ സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് കൊണ്ടോ കോര്‍പ്പറേറ്റുകള്‍ക്ക് വീണ്ടും ധനസഹായം നല്‍കുന്നത് കൊണ്ടോ രാജ്യം അകപ്പെട്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറുമെന്ന് വിശ്വസിക്കാനാകില്ല. അതിനു വേണ്ടത് ദീര്‍ഘദര്‍ശനത്തോടെയുള്ള ദീര്‍ഘകാല പദ്ധതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."