ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നെന്ന് കെ.എസ്.എച്ച്.ഐ.എ
കൊല്ലം: ആരോഗ്യ വകുപ്പിലെ ജൂനിയര്‍ എച്ച്.ഐ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതായി കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.
സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത മാനദണ്ഡങ്ങളനുസരിച്ചാണ് 1995 മുതല്‍ പി.എസ്.സി സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ രണ്ടാം ഗ്രേഡ് ജൂനിയര്‍ എച്ച്.ഐമാരായി വിവിധ ജില്ലകളില്‍ നിയമിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ ഗസറ്റഡ് പദവി വരെയുള്ള വിവിധ സ്ഥാനക്കയറ്റത്തില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ മുഴുവന്‍ ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കുകയും ചെയ്തു.
മതിയായ യോഗ്യതയിലെങ്കില്‍ പി.എസ്.സി എന്തിനാണ് അഡൈ്വസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ ലിസ്റ്റ് ഒന്ന് ലിസ്റ്റ് രണ്ടു ജില്ലാ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പില്‍ നിയമിച്ചതെന്നു ജീവനക്കാര്‍ ചോദിക്കുന്നു. സ്ഥാനക്കയറ്റം ഉള്‍പ്പെടയുള്ള സീനിയോറിറ്റി നിശ്ചയിക്കുന്നത് പി.എസ്.സി. അഡൈ്വസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് കോടതി ഉത്തരവുണ്ട്. എന്നാല്‍ ഇതൊക്ക മറന്നാണ് ബന്ധപ്പെട്ടവര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തില്‍ അട്ടിമറി നടത്തിയിരിക്കുന്നത്. തര്‍ക്കത്തിനിടെ 208 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.
സ്ഥാനക്കയറ്റം തടഞ്ഞതോടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ജോലിയില്‍ കയറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതേ തസ്തികയില്‍ വിരമിക്കേണ്ട ഗതികേടിലാണ് ആയിരക്കണക്കിന് ജീവനക്കാര്‍. സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവര്‍ ഇന്‍സര്‍വീസ് ട്രെയിനിങ് നേടണമെന്ന് പി.എസ്.സി യോഗ്യതയില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ട്രെയിനിങ് കിട്ടിയിട്ടും പല കാരണങ്ങള്‍ പറഞ്ഞു സ്ഥാനക്കയറ്റം മനപ്പൂര്‍വ്വം തടയുകയാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എയര്‍പോര്‍ട്ട്, റെയില്‍വെ എന്നിവിടങ്ങളിലെല്ലാം സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ നിയമിക്കുന്നുണ്ട്. വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാരും വകുപ്പ് സെക്രട്ടറിയും അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആശ്രാമം പി.ആര്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."