സിറോ മലബാര്‍ സഭ ആസ്ഥാനത്തേക്ക് വിശ്വാസികളുടെ പ്രാര്‍ഥനാ റാലി
കൊച്ചി: സിനഡില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ച് അല്മായ മുന്നേറ്റം സിറോ മലബാര്‍ സഭ ആസ്ഥാനത്തേക്ക് നടത്തിയ പ്രാര്‍ഥനാ റാലിയില്‍ ആയിരങ്ങള്‍ പങ്കാളികളായി.
സെന്റ് തോമസ് മൗണ്ടിന് മുന്നില്‍ കുടില്‍കെട്ടി സമരം ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും മെത്രാന്മാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രാര്‍ഥനാ റാലിയാക്കി മാറ്റുകയായിരുന്നു.
അല്മായ മുന്നേറ്റം ഉന്നയിച്ച ആവശ്യങ്ങള്‍ സിനഡ് ഗൗരവമായി പരിഗണിക്കുന്ന സാഹചര്യത്തില്‍ കുടില്‍കെട്ടിയുള്ള സമരം പിന്‍വലിക്കണമെന്നായിരുന്നു മെത്രാന്മാരുടെ അഭ്യര്‍ഥന. ഇതേതുടര്‍ന്നാണ് പ്രതിഷേധ പ്രാര്‍ഥനാ റാലി നടത്തിയത്.
രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് സെന്റ് തോമസ് മൗണ്ടിലേക്ക് റാലി ആരംഭിച്ചത്. സംഘര്‍ഷസാധ്യതയെ തുടര്‍ന്ന് വന്‍ പൊലിസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
ചില വിശ്വാസികള്‍ സിനഡ് നടക്കുന്ന സെന്റ് തോമസ് മൗണ്ടിനുള്ളിലേക്ക് പ്രവേശിക്കണമെന്ന നിലപാടെടുത്തത് നേരിയ സംഘര്‍ഷത്തിന് കാരണമായി. വിശ്വാസികള്‍ പിന്നീട് സഭാ ആസ്ഥാനത്തിന് വലംവച്ച് പ്രാര്‍ഥനാ റാലി നടത്തി. എറണാകുളം അങ്കമാലി അതിരൂപതക്ക് പൂര്‍ണ അധികാരമുള്ള അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക, ഭൂമിയിടപാട് വിഷയത്തില്‍ വത്തിക്കാന്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക, പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അല്മായ മുന്നേറ്റം റാലി നടത്തിയത്.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി ജെറാര്‍ദ്, കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍ മൂലന്, ജോസ് മഴുവഞ്ചേരി, ഷൈജു ആന്റണി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."