സഊദിയെ വിമര്‍ശിച്ച് ഹമാസ്
ഗസ്സ: തങ്ങള്‍ക്കെതിരേയുള്ള സഊദി നിലപാടില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ഹമാസ് ഭരണകൂടം. തങ്ങള്‍ക്ക് സഹായം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് സഊദി അറേബ്യ ഖത്തറിനോട് ആവശ്യപ്പെട്ടത് നടുക്കമുണ്ടാക്കിയെന്ന് ഹമാസ് പ്രതികരിച്ചു.
തിങ്കളാഴ്ച നയതന്ത്ര വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസവും ഹമാസിനും മുസ്‌ലിം ബ്രദര്‍ഹുഡിനും സഹായം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ജുബൈറിന്റെ പ്രസ്താവന ഫലസ്തീന്‍ ജനതക്കും അറബ്-മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും ആഘാതമുണ്ടാക്കുന്നതാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ജുബൈറിന്റെ പ്രസ്താവനയടക്കം തങ്ങള്‍ക്കെതിരേയുള്ള അറബ് രാഷ്ട്രങ്ങളുടെ നീക്കം ഇസ്‌റാഈലിനു സഹായകമാകുമെന്നും ഫലസ്തീനില്‍ കൂടുതല്‍ അതിക്രമങ്ങള്‍ നടത്താന്‍ അവര്‍ക്ക് പ്രേരണയാകുമെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഹമാസിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍-സിയോണിസ്റ്റ് ശ്രമത്തോടൊപ്പം ചേരുകയാണ് സഊദിയും ചെയ്തിരിക്കുന്നതെന്ന് ഹമാസ് നേതാവ് മുശീര്‍ അല്‍ മസ്‌രി ആക്ഷേപിച്ചു.
ജനകീയമായി തെരഞ്ഞെടുക്കപ്പെട്ട ഗസ്സയിലെ ഹമാസ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള വിവിധ പദ്ധതികള്‍ക്ക് ഖത്തര്‍ സാമ്പത്തിക സഹായം നല്‍കാറുണ്ട്. ഇതിനു പുറമെ, ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ ആതിഥ്യമൊരുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."