പട്ടയപ്രശ്നത്തിനും യാത്രാക്ലേശത്തിനും പരിഹാരം കാണണം: ജില്ലാ കലക്ടര്‍
കുന്നത്തൂര്‍: താലൂക്കില്‍ നടത്തിയ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ (സമാശ്വാസം 2018) പരിഗണിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടിക്ക് നിര്‍ദേശം.
പോരുവഴി ഇടയ്ക്കാട് കോളനിയിലെ 28 പേരുടെ പട്ടയം സംബന്ധിച്ച പരാതിയില്‍ ഭൂമി കൈമാറ്റം ചെയ്ത നടപടി പരിശോധിക്കാനും ഹിയറിംഗ് നടത്തുന്നതിനും നിര്‍ദേശം നല്കി. സര്‍ക്കാരിന്റെ അഭിപ്രായം തേടിയാകും അന്തിമ തീരുമാനമെടുക്കുകയെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അറിയിച്ചു. കൊല്ലം, അടൂര്‍ ഡിപ്പോകളില്‍ നിന്നുള്ള മുടങ്ങിയ കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ആര്.ടി.ഒ മീറ്റിംഗിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് നിര്‍ദേശം. ഭര്‍ത്താവ് ഉപേക്ഷിച്ച മാനസിക അസ്വാസ്ഥ്യമുള്ള വീട്ടമ്മയ്ക്കും കുഞ്ഞിനും താമസിക്കാന്‍ ഇടമില്ലെന്ന പരാതിയില്‍ ഭൂമിയും വീടും ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ആകെ 76 പരാതികളാണ് അദാലത്തിലെത്തിയത്. വസ്തു ഇടപാടുകളുമായും റീസര്വെയുമായും ബന്ധപ്പെട്ടവയാണ് ഏറെയും. പരാതികളില്‍ തുടര്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്കാന് കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.ഒ ഗീതാമണി, ഗ്രിഗറി കെ. ഫിലിപ്പ്, ഉഷാകുമാരി, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, തഹസില്‍ദാര്‍ ബി. ജയശ്രീ എന്നിവര്‍ക്കൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."