കാലാവധി കഴിഞ്ഞ ബസുകള്‍ക്ക് പകരം പുതിയത് വാങ്ങുന്നില്ല
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ബസുകള്‍ക്ക് പകരമായി പുതിയത് വാങ്ങാത്തത് കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. കാലപ്പഴക്കം കാരണം വര്‍ഷംതോറും അഞ്ഞൂറോളം ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കേണ്ടിവരുന്നുണ്ട്. എന്നാല്‍, ഇതിന് പകരമായി ബസ് നിരത്തിലിറങ്ങുന്നില്ല.
കെ.എസ്.ആര്‍.സിയുടെ പക്കല്‍ 5500 ബസുകളാണുള്ളത്. പുതിയ ബസുകള്‍ സൂപ്പര്‍ ഡീലക്‌സ്, ഡീലക്‌സ് സര്‍വിസുകളായാണ് ആദ്യം ഓടിക്കുന്നത്. അഞ്ചുവര്‍ഷത്തിനുശേഷം ഇത് ഫാസ്റ്റായും പിന്നീട് ഓര്‍ഡിനറിയായും മാറ്റും. 15 വര്‍ഷമാണ് ഒരു ബസിന്റെ കാലാവധി. അതിനുശേഷം ബസുകള്‍ നിരത്തുകളില്‍നിന്ന് പിന്‍വലിക്കുകയും ചെയ്യും. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 1,500 ബസുകള്‍ പിന്‍വലിച്ചെങ്കില്‍ പുതിയതായി കെ.എസ്.ആര്‍.ടി.സി വാങ്ങിയത് 101 ബസുകള്‍ മാത്രമാണ്. തുടര്‍ച്ചയായി പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇത് മറ്റൊരു കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച 900 ബസ് വാങ്ങാനായി കെ.എസ്.ആര്‍.ടി.സി നടപടി തുടങ്ങിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ഇതുവരെ കരാര്‍ പോലുമായിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ ബസ് വാങ്ങുന്നതിന് സര്‍ക്കാര്‍ 324 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഡീസല്‍ ബസുകള്‍ വാങ്ങുന്നതിനാണ് കെ.എസ്.ആര്‍.ടി.സി പദ്ധതി സമര്‍പ്പിച്ചത്. എന്നാല്‍, പ്രകൃതിവാതകം (സി.എന്‍.ജി.) ഇന്ധനമായുള്ള ബസുകള്‍ക്ക് മാത്രമേ ധനസഹായം നല്‍കൂവെന്നാണ് കിഫ്ബി നിലപാട്. ഇന്ധനം ലഭ്യമല്ലാത്തതിനാല്‍ സി.എന്‍.ജി ബസുകള്‍ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി കത്ത് നല്‍കിയിട്ടുണ്ട്.
പുതിയ ബസുകളില്ലാത്തതിനാല്‍ തമിഴ്‌നാടുമായി ഉണ്ടാക്കിയ അന്തര്‍സംസ്ഥാന ബസ് സര്‍വിസ് കരാര്‍ പോലും പാലിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയുന്നില്ല.
കരാര്‍പ്രകാരം തമിഴ്‌നാട്ടിലേക്ക് 8,835 കിലോമീറ്റര്‍ സര്‍വിസ് നടത്താമെന്നിരിക്കേ ബസുകളില്ലാത്തതിനാല്‍ പെര്‍മിറ്റുകള്‍പോലും പുതുക്കാനാകുന്നില്ലെന്ന അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."