ധ്യാന്‍ ചന്ദിന് ഭാരത രത്‌ന നല്‍കണമെന്ന് കായിക മന്ത്രാലയം
ന്യൂഡല്‍ഹി: ഹോക്കി മാന്ത്രികനായിരുന്ന മേജര്‍ ധ്യാന്‍ ചന്ദിന് ഭരത രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് കത്തയച്ചു.
മരണാനന്തര ബഹുമതിയായി ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന ധ്യാന്‍ ചന്ദിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി വിജയ് ഗോയലാണ് നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് പുരസ്‌കാരം സമ്മാനിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതായി മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
1928, 32, 36 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സുകളില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ ഹാട്രിക്ക് സ്വര്‍ണത്തിലേക്ക് നയിച്ച ധ്യാന്‍ ചന്ദിന് പുരസ്‌കാരം സമ്മാനിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് ആദ്യമല്ല കായിക മന്ത്രലായം ഇക്കാര്യം ആവശ്യപ്പെട്ട് കത്തടക്കമുള്ള വഴികളിലൂടെ കേന്ദ്രത്തിന് അപേക്ഷ നല്‍കുന്നതും.
നേരത്തെ 2013ല്‍ കായിക മന്ത്രാലയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പകരം ധ്യാന്‍ ചന്ദിന് ഭാരത രത്‌ന നല്‍കാന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ അവസാന നിമിഷം സച്ചിന് തന്നെ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു. ഭാരത രത്‌ന നേടുന്ന ആദ്യ കായിക താരമായും സച്ചിന്‍ മാറി. 1979ലാണ് ധ്യാന്‍ ചന്ദ് മരണമടഞ്ഞത്.
ധ്യാന്‍ ചന്ദ് സ്വന്തമാക്കിയ നേട്ടങ്ങള്‍ പുരസ്‌കാരങ്ങള്‍ക്ക് അപ്പുറത്താണ്. പുരസ്‌കാരങ്ങള്‍ക്കും മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്ന് കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. വിഷയത്തില്‍ നരന്ദ്ര മോദി ക്രിയാത്മകമായി ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."