വിശ്വസിന്ധൂരം
ബാസല്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് കിരീടം. ജപ്പാന്‍ താരം നോസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ചരിത്രത്തില്‍ ഇടം നേടിയത്. നാലാം നമ്പര്‍ താരമായ ഒകുഹാരയെ 38 മിനുട്ടിനുള്ളില്‍ ചുരുട്ടിക്കെട്ടിയാണ് സിന്ധു ലോക കിരീടത്തില്‍ ആദ്യമായി തന്റെ കൈയൊപ്പ് ചാര്‍ത്തിയത്. തുടര്‍ച്ചയായ രണ്ട് വര്‍ഷം ഫൈനലിലെത്തി കിരീടം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലായിരുന്നു സിന്ധു ഫൈനലിന് ഇറങ്ങിയത്.
കഴിഞ്ഞ ദിവസം ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ സിന്ധു പറഞ്ഞത് ഇങ്ങനെയാണ്. ഈ ജയത്തില്‍ ഞാന്‍ തൃപ്തയല്ല. ഈ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കിയാല്‍ മാത്രമേ ഞാന്‍ തൃപ്തയാകൂ. കാരണം കഴിഞ്ഞ രണ്ട് വര്‍ഷവും ഞാന്‍ അതിന്റെ ദുഃഖം നന്നായി അറിഞ്ഞതാണ്. അതിനാല്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും എനിക്ക് വേണ്ടെന്നും സിന്ധു സെമി ഫൈനലിന് ശേഷം പറഞ്ഞിരുന്നു. കലാശപ്പോരില്‍ തീര്‍ത്തും അവിശ്വസനീയ പ്രകടനമായിരുന്നു സിന്ധു പുറത്തെടുത്തത്. എതിരാളിക്ക് ഉയിര്‍ത്തെഴുനേല്‍ക്കാന്‍ ഒരു അവസരം പോലും സിന്ധു നല്‍കിയില്ല. ആദ്യമായി ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ സിന്ധു ഇതേ താരത്തോടായിരുന്നു പരാജയപ്പെട്ടത്. ഇന്നലെ ഇതിന്റെ മധുര പ്രതികാരം കൂടി വീട്ടിയാണ് സിന്ധു കിരീടത്തില്‍ മുത്തമിട്ടത്. 21-7, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ഒന്‍പതാം തവണയാണ് സിന്ധു ഒകുഹാരയെ പരാജയപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ കടന്നെങ്കിലും സ്പാനിഷ് താരം കരോളിന മാരിനോടു തോറ്റുമടങ്ങാനായിരുന്നു വിധി.
ഈ രണ്ട് തോല്‍വികള്‍ നന്നായി സിന്ധുവിനെ വേട്ടയാടിയത് കൊണ്ടാകണം കഴിഞ്ഞ ദിവസം വെള്ളി മെഡല്‍ ഉറപ്പിച്ചപ്പോഴും ഞാന്‍ തൃപ്തയല്ല എന്ന് സിന്ധു പറഞ്ഞത്. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള സിന്ധു നാലാം സ്ഥാനത്തുള്ള താരത്തേയാണ് പരാജയപ്പെടുത്തിയത്. ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലും. ഇതില്‍ രണ്ടെ@ണ്ണം വെള്ളിയും ര@െണ്ടണ്ണം വെങ്കലവുമാണ്. വനിതാ വിഭാഗത്തില്‍ സൈന നെഹ്‌വാളും ഇന്ത്യക്കായി വെള്ളി നേടിയിട്ടു@ണ്ട്.
ചൈനീസ് താരം ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധു തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഫൈനലില്‍ ഇടംപിടിച്ചത്. 21 -7, 21-14 എന്ന സ്‌കോറിനായിരുന്നു സെമിയില്‍ സിന്ധു എതിരാളിയെ കീഴടക്കിയത്. ഇതോടെ, ലോക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ ഫൈനലില്‍ കടക്കുന്ന മൂന്നാമത്തെ വനിതാ താരമായി മാറാനും സിന്ധുവിന് കഴിഞ്ഞു.
അതേസമയം, 36 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോക ചാംപ്യന്‍ഷിപ്പ് സെമിയില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന നേട്ടം സ്വന്തമാക്കിയ ബി. സായ്പ്രണീത് ഇന്നലെ ഫൈനലിനരികെ തോറ്റു പുറത്തായിരുന്നു. സായ് പ്രണീതിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടാനേ കഴിഞ്ഞുള്ളു.
ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയാണ് സായ്പ്രണീതിന്റെ സ്വപ്നക്കുതിപ്പിന് സെമിയില്‍ വിരാമമിട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സായ്പ്രണീതിന്റെ തോല്‍വി. 1983ല്‍ പ്രകാശ് പദുക്കോണിനുശേഷം ലോക ചാംപ്യന്‍ഷിപ്പ് പുരുഷവിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സായ്പ്രണീത്. പി.വി സിന്ധു, സൈന നെഹ്‌വാള്‍, സായ് പ്രണീത്, എച്ച്.എസ് പ്രണോയ്, കെ. ശ്രീകാന്ത് തുടങ്ങിയവര്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചിരുന്നു.
അട്രി മനു, റെഡ്ഡി സുമീത്, എം.ആര്‍ അര്‍ജുന്‍, രാമചന്ദ്രന്‍ എന്നിവര്‍ ഡബിള്‍സ് ഇനത്തിലും ഇന്ത്യക്ക് വേണ്ടി മത്സരിച്ചിരുന്നു. ഡബിള്‍സില്‍ പുരുഷ, വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് മെഡലൊന്നും ലഭിച്ചിട്ടില്ല. താരങ്ങളെല്ലാം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."